Connect with us

Kerala

സരിതയുമായി 13 തവണ സംസാരിച്ചുവെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായി 13 തവണ സംസാരിച്ചതായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ സമ്മതിച്ചു. സരിത എസ് നായരുമായി 13 തവണ ഫോണില്‍ സംസാരിച്ചിരുന്നതായി സോളാര്‍ കമ്മീഷന്റെ അഭിഭാഷകന്‍ രേഖകള്‍ സഹിതം വെളിപ്പെടുത്തിയപ്പോഴാണ് തിരുവഞ്ചൂര്‍ ഇക്കാര്യം സമ്മതിച്ചത്.
സരിത എസ് നായര്‍ അവരുടെ രണ്ട് വ്യത്യസ്ത നമ്പറുകളില്‍ നിന്നും തിരുവഞ്ചൂരിന്റെ നമ്പറിലേക്ക് 12 തവണ വിളിച്ചതായും ഒരു തവണ തിരുവഞ്ചൂര്‍ 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു കോള്‍ സരിതയുടെ നമ്പറിലേക്ക് തിരിച്ചുവിളിച്ചതായുമുള്ള രേഖകളാണ് അഭിഭാഷകന്‍ കമ്മീഷനില്‍ ഹാജരാക്കിയത്. 2013 ജനുവരി 23 മുതല്‍ 28 വരെ സരിതയുടെ നമ്പറില്‍ നിന്ന് മുന്‍ ആഭ്യന്തരമന്ത്രിയുടെ നമ്പറിലേക്ക് നാലു കോളുകളും, 2013 ഫെബ്രുവരി ഒന്നു മുതല്‍ 2013 മെയ് 23 വരെ സരിതയുടെ നമ്പറില്‍ നിന്ന് തിരുവഞ്ചൂരിന്റെ മേല്‍പ്പറഞ്ഞ നമ്പറിലേക്ക് എട്ട് കോളുകളും സരിത വിളിച്ചിരുന്നതായാണ് കമ്മീഷന്‍ അഭിഭാഷകന്‍ വെളിപ്പെടുത്തിയത്. 2013 മെയ് 23 ാം തീയതി ഉച്ചയ്ക്ക് 1.49ന് ആണ് തന്റെ ഫോണില്‍ നിന്നും സരിതയുടെ ഫോണിലേക്ക് 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു കോള്‍ പോയിട്ടുള്ളതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചു. 2013 ഫെബ്രുവരി രണ്ടിന് 205 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു കോളും 2013 മാര്‍ച്ച് 27ന് 160 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു കോളും സരിത തന്റെ നമ്പറിലേക്ക് നടത്തിയതായി അദ്ദേഹം സമ്മതിച്ചു.
തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി കെ രവീന്ദ്രന്റെ നമ്പറിലേക്ക് സരിത നായര്‍ 11 കോളുകളും രണ്ട് എസ് എം എസുകളും ചെയ്തിരുന്നതായി രവീന്ദ്രന്‍ കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചിരുന്നുവെന്ന് കമ്മീഷന്‍ അഭിഭാഷകന്‍ തിരുവഞ്ചൂരിനെ അറിയിച്ചപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം തന്നെ കമ്മീഷനില്‍ അറിയിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ മറുപടി നല്‍കി.

Latest