Articles
വിശ്വാസിയുടെ പെരുന്നാള്‍
ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി മുസ്‌ലിംകള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്.വിശ്വാസിയുടെ വസന്ത മുഹൂര്‍ത്തമാണ് പെരുന്നാള്‍. രണ്ടു പെരുന്നാള്‍ ദിനങ്ങളാണ് അല്ലാഹു നമുക്ക് നിശ്ചയിച്ചു തന്നിട്ടുള്ളത്. അതില്‍ ഒന്നാമത്തേത് ഈദുല്‍ ഫിത്വര്‍ എന്ന ചെറിയ പെരുന്നാളാണ്. റമസാനിന്റെ പൂര്‍ത്തീകരണത്തിന്റെ ആഘോഷ വേളയാണിത്. ഈദുല്‍ ഫിത്വര്‍ സമാഗതമാകുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു വിശ്വാസികളെ സവിശേഷമായി ആദരിക്കുന്നു. പാപങ്ങള്‍ക്ക് മാപ്പു നല്‍കി നന്മകള്‍ക്ക് പ്രതിഫലം നല്‍കുന്നു.
ഒരു നബിവചനത്തില്‍ ഇങ്ങനെയുണ്ട്: ഈദുല്‍ ഫിത്വര്‍ ആയാല്‍ വഴിയോരങ്ങളില്‍ മലക്കുകള്‍ സജീവ സാന്നിധ്യമാകും. ആ മലക്കുകള്‍ വിളിച്ചുപറയും.”മുസ്‌ലിം സമൂഹമേ, നിങ്ങള്‍ അത്യുദാരനായ രക്ഷിതാവിലേക്ക് സഞ്ചരിക്കുക. അവന്‍ നന്മകൊണ്ട് നിങ്ങളെ അനുഗ്രഹിക്കുന്നു. വലിയ സമ്മാനം നിങ്ങള്‍ക്കു നല്‍കാനൊരുങ്ങുന്നു. നിങ്ങളോട് അവന്‍ രാത്രി നിസ്‌കരിക്കാന്‍ കല്‍പിച്ചു. നിങ്ങള്‍ അതു ചെയ്തു. പകല്‍ വ്രതമനുഷ്ഠിക്കാന്‍ പറഞ്ഞു. അതും അനുവര്‍ത്തിച്ചു. രക്ഷിതാവിനെ നിങ്ങള്‍ അനുസരിച്ചു. അതുകൊണ്ട് പാരിതോഷികങ്ങള്‍ കൈപ്പറ്റാന്‍ നിങ്ങള്‍ ഒരുങ്ങുക. നിങ്ങള്‍ക്കവന്‍ മഹത്തായ മാപ്പു സമ്മാനിച്ചിരിക്കുന്നു. നിങ്ങള്‍ സന്തോഷത്തോടെ സ്വന്തം ഭവന ങ്ങളിലേക്കു നീങ്ങുക. ഇത് സമ്മാന സുദിനമാകുന്നു. ആകാശലോകത്ത് ഈ ദിവസം അറിയപ്പെടുന്നത് പുരസ്‌കാര ദിനം (യൗമുല്‍ ജാഇസ) എന്നാണ് (ത്വബ്‌റാനി).
മുസ്‌ലിംകള്‍ക്ക് ആഘോഷത്തിന്റെ ദിവസമാണ് പെരുന്നാള്‍. പെരുന്നാള്‍ ദിനത്തില്‍ നോമ്പ് നിഷിദ്ധമാണ്. അനുവദനീയമായ വിനോദമാകാം. തിരുനബിയുടെ പത്‌നി ആഇശ (റ) പറഞ്ഞു: അന്‍സാറുകളുടെ രണ്ട് പെണ്‍കുട്ടികള്‍ എന്റെയടുത്തു നില്‍ക്കുമ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) കടന്നുവന്നു. ബുആസ് യുദ്ധദിവസം അന്‍സ്വാറുകള്‍ ആലപിച്ച പാട്ടുകള്‍ പാടുകയായിരുന്നു ആ പെണ്‍കുട്ടികള്‍. അവര്‍ അറിയപ്പെട്ട ഗായികമാരൊന്നുമായിരുന്നില്ല. “പിശാചിന്റെ ചൂളം വിളി അല്ലാഹുവിന്റെ റസൂലിന്റെ വീട്ടിലോ?” എന്ന് അബൂബക്കര്‍ (റ) ചോദിച്ചു. അത് ഒരു പെരുന്നാള്‍ ദിനത്തിലായിരുന്നു. റസൂല്‍ (സ) പറഞ്ഞു: “അബൂബക്കര്‍, എല്ലാ ജനവിഭാഗത്തിനും ഓരോ ആഘോഷ ദിനമുണ്ട്.
ഇത് നമ്മുടെ ആഘോഷ ദിനമാണ്.” (മുസ്‌ലിം) പെരുന്നാള്‍ ആഘോഷിക്കുന്ന അന്‍സാരിപ്പെണ്‍കുട്ടികളെ തിരുനബി (സ) എതിര്‍ത്തില്ല. ആഘോഷിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈദാഘോഷിക്കാന്‍ ഹലാലായ രൂപം സ്വീകരിക്കാമെന്ന് അര്‍ഥം.
മോചനത്തിന്റെ മാസമായ റമസാനില്‍ നിരന്തരം പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടി നരകമോചനം പ്രതീക്ഷിക്കുന്ന വിശ്വാസികള്‍ക്ക് ഇതിന് വഴിയൊരുക്കിയ അല്ലാഹുവിന് ശുക്‌റ് ചെയ്യാനുള്ള ഒരു ദിനമായാണ് പെരുന്നാള്‍ കണക്കാക്കപ്പെടുന്നത്. റമസാനില്‍ നേടിയെടുത്ത ആത്മീയ ചൈതന്യത്തെ അവമതിക്കുന്ന തരത്തിലാകരുത് പെരുന്നാള്‍ ആഘോഷങ്ങളും വിനോദങ്ങളും.
പെരുന്നാള്‍ ദിനത്തിന്റെ പ്രധാന പ്രത്യേകതയായി നബി(സ) ഒര്‍മപ്പെടുത്തിയത് അത് ഇലാഹീ സ്മരണ പുതുക്കാനും അന്നപാനീയങ്ങള്‍ക്കുമുള്ളതാണ് എന്നാണ്. അപരനെ ഭക്ഷിപ്പിക്കുക എന്നതാണല്ലോ സത്കാരത്തിന്റെ മര്‍മം. സുഹൃത്തുക്കളെയും ബന്ധുക്കളെയും നാം സത്കരിക്കുക. അവരുടെ സത്കാരങ്ങളില്‍ പങ്കുകൊള്ളുക. ആളുകളെ സത്കരിക്കുന്നതിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നു.
ഒരിക്കല്‍ നബി(സ)ക്കരികില്‍ ഒരാള്‍ വന്ന് ചോദിച്ചു: ഇസ്‌ലാമില്‍ ഏറ്റവും ഉത്തമം എന്താണ്? അവിടുന്ന് പറഞ്ഞു: ഭക്ഷിപ്പിക്കലും പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം പറയലും (ബുഖാരി).
ഇസ്‌ലാമിന്റെ ഉത്തമ ഗുണങ്ങളില്‍ പ്രധാനമാണ് ഇത്. ഇത് പെരുന്നാളിനോടനുബന്ധിച്ച് ആകുമ്പോള്‍ അതിന്റെ മാറ്റ് വര്‍ധിക്കുന്നു. പെരുന്നാള്‍ സ്‌നേഹത്തിന്റെ ദിനമാണ്. അന്നം നല്‍കല്‍ മറ്റൊരു സ്‌നേഹദാനവും. അപ്പോള്‍ സ്‌നേഹത്തിനു മേല്‍ സ്‌നേഹം ചൊരിയുന്നു പെരുന്നാള്‍ സദ്യ.
പെരുന്നാളിലെ ആഘോഷങ്ങള്‍ പരിതി ലംഘിക്കരുത്. അല്ലാഹുവിനെ ഒരു വിശ്വാസിക്ക് എപ്പോഴും ഓര്‍മ വേണം. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രയാസപ്പെടുന്ന വിശ്വാസികള്‍ അനേകമുണ്ട്.
സിറിയയിലെ അനേകം വിശ്വാസികള്‍ അഭയം തേടി ഇപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ കഴിയുകയാണ്. ബര്‍മന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന നിലനില്‍പ്പിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നു. നമ്മുടെ പ്രാര്‍ഥനകളില്‍ എപ്പോഴും ഇവര്‍ ഉണ്ടായിരിക്കണം. എല്ലാവര്‍ക്കും സമാധാനം ലഭിക്കുന്ന ഒരു നാളെക്ക് വേണ്ടിയാകണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍.
പെരുന്നാളിനെ ഉപയോഗപ്പെടുത്തുന്ന വിശ്വാസികളെപറ്റി ശൈഖ് ജീലാനി(റ) ഗുന്‍യതുത്ത്വാലിബീനില്‍ ഇങ്ങനെ എഴുതി: പെരുന്നാളില്‍ വിശ്വാസിയും അവിശ്വാസിയും പങ്കാളിയാകുന്നു. വിശ്വാസിയുടെ പെരുന്നാള്‍ പടച്ചവനെ തൃപ്തിപ്പെടുത്തുമ്പോള്‍ അവിശ്വാസിയുടെ പെരുന്നാള്‍ പിശാചിനെ തൃപ്തിപ്പെടുത്തുന്നു. വിശ്വാസി പെരുന്നാളില്‍ പ്രത്യക്ഷനാകുന്നത് ശിരസ്സില്‍ സന്മാര്‍ഗത്തിന്റെ കിരീടമണിഞ്ഞും നേത്രങ്ങളില്‍ ചിന്താലക്ഷണം പ്രകടിപ്പിച്ചും ചെവികളില്‍ സത്യശബ്ദം ശ്രവിച്ചും നാവില്‍ തൗഹീദിന്റെ സാക്ഷ്യമുരുവിട്ടുമാണ്.
അവിശ്വാസി നേരെ തിരിച്ചാണ്.
അവന്റെ കിരീടം പരാജയത്തിന്റെതാകുന്നു. അതിനാല്‍ വിശ്വാസിയുടെ പെരുന്നാള്‍ ആകണം നമ്മുടേത്. അപ്പോഴേ ഭക്തിയുള്ളവരില്‍ നമ്മള്‍ ഉള്‍പ്പെടുകയുള്ളൂ. നോമ്പിന്റെ പ്രധാന ലക്ഷ്യമായി അല്ലാഹു പഠിപ്പിച്ചത്, നിങ്ങള്‍ ഭക്തിയുല്ലവരാകാന്‍ വേണ്ടി എന്നാണല്ലോ.
എല്ലാവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍.