National
സല്‍മാനെ കുറ്റവിമുക്തനാക്കിയതിന് നല്‍കിയ പുനഃപരിശോധനാ ഹരജി സുപ്രീം കോടതി സ്വീകരിച്ചു
ന്യൂഡല്‍ഹി: വാഹനാപകട കേസില്‍ നടന്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ റദ്ദാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജി സുപ്രീം കോടതി സ്വീകരിച്ചു. മഹരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് പരമോന്നത കോടതി അനുവദിച്ചത്. എന്നാല്‍, കേസ് അടിയന്തിര സ്വഭാവത്തില്‍ പരിഗണിക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം കോടതി നിരാകരിച്ചു. ജസ്റ്റിസുമാരായ ജഗദീശ് സിംഗ് കെഹാര്‍, അരണ്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത്.
2015 ഡിസംബര്‍ 10നാണ് സല്‍മാന്റെ ശിക്ഷ റദ്ദാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണാ കോടതിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായെന്നും മൊഴി വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. 2002ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് സല്‍മാന്‍ ഖാന്‍ കാറോടിച്ചുവെന്നും അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബാന്ദ്രയിലെ അമേരിക്കന്‍ ബേക്കറിയുടെ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് കേസ്. അപകടത്തില്‍ ബേക്കറി ജീവനക്കാരന്‍ മരിക്കുകയും മറ്റ് നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.