Connect with us

Articles

ജാതിപ്പേര് ചിലര്‍ക്ക് ബഹുമാനവും ചിലര്‍ക്കപമാനവും!

Published

|

Last Updated

പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍, മതവംശീയ ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ ഇവര്‍ക്കൊക്കെ ഭരണഘടന പ്രത്യേക പദവികളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ചില പ്രത്യേക പരിരക്ഷകള്‍ നല്‍കിയിട്ടുണ്ട് താനും. ഇവരെല്ലാം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്കു മുമ്പില്‍ തുല്യരാണ്. ദുര്‍ബല വിഭാഗങ്ങളെ തിരഞ്ഞു പിടിച്ചാക്രമിക്കുന്ന പഴയ കാട്ടു നീതിയെ പ്രതിരോധിക്കാനാണ് പരിഷ്‌കൃത ഭരണ വ്യവസ്ഥകളില്‍ ഈ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തിയത്. ഇതിനായി ഇവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പുകളും ജുഡീഷ്യല്‍ അധികാരത്തോടുകൂടിയ കമ്മീഷനുകളും രൂപപ്പെടുത്തിയിട്ടുണ്ട്. പൊതുസമൂഹം ഇവര്‍ക്കായി സജ്ജമാക്കിയിരിക്കുന്ന സംരക്ഷണ വലയത്തില്‍ അഭയം പ്രാപിച്ചുകൊണ്ട് പൊതു സമൂഹത്തിനവകാശപ്പെടാത്ത എന്തൊക്കെയോ പദവികള്‍ക്കു തങ്ങളര്‍ഹരാണെന്ന തെറ്റായ ബോധം അവരില്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ചില കുത്സിത ശക്തികള്‍ ഇന്നു വ്യാപകമാണ്. ഇവരുടെ സ്വാധീനത്തിനു വിധേയമാകുക വഴി ഈ ദുര്‍ബലവിഭാഗങ്ങള്‍ അവരറിയാതെ തന്നെ അവരിരിക്കുന്ന കൊമ്പുകള്‍ മുറിക്കുകയാണ്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ദളിത് പ്രേമം തങ്ങളെ രക്ഷിക്കാനല്ല മറിച്ച് ഇരയാക്കാനുള്ള കൗശലമാണെന്ന കാര്യം അവര്‍ തിരിച്ചറിയണം.
കേരളം പോലെ ഇടതു പുരോഗമന രാഷ്ട്രീയത്തിനു മുന്‍തൂക്കമുളള പ്രദേശങ്ങളില്‍ പിന്നാക്ക ജാതിവിഭാഗങ്ങളെ സ്വന്തം കൊടിക്കീഴില്‍ അണിനിരത്തി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതില്‍ കോണ്‍ഗ്രസും ബി ജെ പിയും പരസ്പരം മത്സരിക്കുന്നതോടൊപ്പം തന്നെ കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിന്റെ വര്‍ഗ സമരത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ അവസരം കിട്ടുന്നിടത്ത് വൈര്യം മറന്നു കൈകോര്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ ഒരേകദേശ ചിത്രമാണ് കുറച്ചായി തലശ്ശേരിയിലെ കുട്ടിമാക്കൂല്‍ എന്ന ഗ്രാമത്തില്‍ നമ്മള്‍ കാണുന്നത്. ബി ജെ പിയാണ് തങ്ങളുടെ യഥാര്‍ഥ രാഷ്ട്രീയ പ്രതിയോഗി എന്നു കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കിനിയും ബോധ്യപ്പെട്ടിട്ടില്ല. യോഗാ വിവാദത്തില്‍ മന്ത്രി കെ കെ ശൈലജ നടത്തിയ നിരീക്ഷണത്തെ വിമര്‍ശിച്ചു കൊണ്ട് ഉമ്മന്‍ ചാണ്ടിയും സുധീരനുമടങ്ങിയ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ബാലിശമായ പ്രതികരണം തെളിയിക്കുന്നത് ഇതല്ലേ?
ജീതീയമായ ഉച്ചനീചത്വത്തിന്റെ ഭാഗമായി ആരെങ്കിലും ആരെയെങ്കിലും അവഹേളിക്കണമെന്നു കരുതിക്കൂട്ടി ജാതിപ്പേരു വിളിച്ചാക്ഷേപിക്കുന്നത് ഇന്ത്യന്‍ പട്ടികജാതി പട്ടികവര്‍ഗ സംരക്ഷണനിയമപ്രകാരം കുറ്റകരമാണ്. താണ ജീതിക്കാരുടെ അവകാശ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇത്തരം ഒരു നിയമപരിരക്ഷയെ പോലും ഒട്ടേറെപ്പേര്‍ ദുര്‍വിനിയോഗം ചെയ്യുന്ന ധാരാളം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. സവര്‍ണജാതിക്കാര്‍ അവരുടെ ജാതിപ്പേര്‍ ഒരഭിമാനചിഹ്നമായി കരുതുമ്പോള്‍ അധഃകൃതര്‍ ജനിച്ചു വളര്‍ന്ന ജാതിപ്പേരിനെ ഒരു ശാപമായി കാണുന്നു. ഇത്തരം നിന്ദ്യവും ഹീനവും ആയ എന്താണ് ഈ ജാതിപ്പേരിലുള്ളത്? ഓരോ ജാതിയുടെയും ഉത്ഭവവികാസ ചരിത്രവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ എല്ലാവര്‍ക്കും കാണും അല്‍പസ്വല്‍പം ആത്മാഭിമാനത്തിനൊക്കെയുള്ള വക. പറയന്‍, പുലയന്‍, വേലന്‍ ഒക്കെ ഭൂമിയുമായും കൃഷിയുമായുമൊക്കെ ബന്ധപ്പെട്ട വാക്കുകളാണ്. വേട്ടവന്‍, നായാട്ടുകാരനാണ്. നായാട്ട് ക്ഷത്രിയ രാജാക്കന്മാര്‍ക്കു പോലും ധീരതയുടെയും സാഹസികതയുടെയും അടയാളങ്ങളായിരുന്നു. നായരും നമ്പൂതിരിയും മാപ്പിളയും കണിയാനും വാണിയാനും മണിയാണിയും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനുമൊക്കെ ഓരോ കാലത്ത് ഓരോരുത്തരും തിരഞ്ഞെടുത്ത ജോലികളോട് ബന്ധപ്പെടുത്തി നിലവില്‍ വന്ന ജാതിപ്പേരുകളാണ്. ഇതില്‍ ഉത്കൃഷ്ട ജാതികളും നികൃഷ്ട ജാതികളും എന്നൊക്കെയുള്ള തരംതിരിവുകള്‍ സംഭവിച്ചത് കൃത്യമായ സ്വത്തുടമാ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഉത്പാദനോപകരണങ്ങളായ ഭൂമിയും അനുബന്ധ സന്നാഹങ്ങളും കൈയടക്കിയവര്‍ മുന്തിയ ജാതിക്കാരും ഉത്പാദന പ്രക്രിയയിലെ മുഖ്യ മുടക്കുമുതലായ മനുഷ്യാദ്ധ്വാനം മാത്രം കൈമുതലായവര്‍ താണ ജാതിക്കാരുമായി മുദ്രകുത്തപ്പെട്ടു. ഇതാണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ രൂപപ്പെട്ട ജാതിവ്യവസ്ഥ. ലോകത്തൊരിടത്തും ഇത്തരം ഒരു സാമൂഹിക ഘടന ഇതേ രൂപത്തില്‍ രൂപപ്പെട്ടിട്ടില്ല. ഈ യാഥാര്‍ഥ്യത്തെ അതിന്റെ സൂക്ഷ്മാര്‍ഥത്തില്‍ പിന്‍തുടരാതെ വോട്ടുബേങ്ക് രാഷ്ട്രീയം പയറ്റുന്നതില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേ തൂവല്‍പക്ഷികളാണ്.
തലശ്ശേരിയിലെ കുട്ടിമാക്കൂല്‍ എന്ന പാര്‍ട്ടി ഗ്രാമത്തെ കേന്ദ്രീകരിച്ച് ബി ജെ പിയും കോണ്‍ഗ്രസും പത്രമാധ്യമങ്ങളും സംയുക്തമായി കൊഴുപ്പിച്ച ദളിത്പീഡനാരോപണത്തിന്റെ പശ്ചാത്തലം മുകളില്‍ സംഗ്രഹിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നവര്‍ ഒടുവില്‍ ചെന്നെത്തുക, ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന പ്രക്രിയയിലായിരുക്കും. ഉള്ളി തൊലി കളഞ്ഞു കളഞ്ഞു ഒടുവില്‍ ഉള്ളി എവിടെയെന്നു നടത്തുന്ന അന്വേഷണം പോലുള്ള പര്യവസാനത്തിലാണിതത്രയും ചെന്നു ചേരുക. പാര്‍ട്ടിഗ്രാമം; അങ്ങനെയൊന്നു എവിടെയെങ്കിലും ഉണ്ടെന്നു, ജീവന്‍ പോയാലും സഖാക്കള്‍ സമ്മതിക്കില്ല. 100 ശതമാനവും സഖാക്കള്‍ മാത്രം തൊട്ടു തൊട്ടു താമസിക്കുന്ന ഗ്രാമങ്ങളായാലും അതിനെ പാര്‍ട്ടി ഗ്രാമം എന്നു വിളിച്ചാല്‍ അവര്‍ പ്രകോപിതരാകും. അതെന്തിനെന്നു മനസ്സിലാകുന്നില്ല. അത്രകൊണ്ടു മോശമായ ഒരു പ്രയോഗമാണോ ഇത്? അങ്ങനെ നോക്കിയാല്‍ കേരളത്തിലെ ഓരോ ഗ്രാമവും ഇത്തരം ചില വിശേഷണങ്ങളോടെയാണ് നിലനില്‍ക്കുന്നത് എന്നു കാണാം. ക്രിസ്ത്യാനികള്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ക്രിസ്ത്യാന്‍ ഗ്രാമങ്ങളെന്നും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ മുസ്‌ലിം ഗ്രാമങ്ങളെന്നും അറിയപ്പെടുന്നത് സ്വാഭാവികം. നായര്‍ ഗ്രാമങ്ങളും ഈഴവ ഗ്രാമങ്ങളും ഉണ്ട്. പട്ടികജാതി -പട്ടികവര്‍ഗക്കാരുടെയും കാര്യം വരുമ്പോള്‍ അതു കോളനികള്‍ എന്നറിയപ്പെടും. താഴെ തലത്തിലുള്ള ബൂത്തുകള്‍ മുതല്‍ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ തുടങ്ങി നിയോജകമണ്ഡലങ്ങള്‍ വരെയും ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട കേരളത്തില്‍, അവിടവിടെ ചില പ്രദേശങ്ങളെ പാര്‍ട്ടിഗ്രാമങ്ങള്‍ എന്നാരെങ്കിലും മുദ്രകുത്തിയാല്‍ അതിലിത്ര അപമാനകരമായി എന്താണുള്ളത്?
കുട്ടിമാക്കുലില്‍ വിവിധജാതി മതസമുദായങ്ങള്‍ ഇടകലര്‍ന്നു താമസിക്കുന്നുണ്ട്. പുറമേക്കെങ്കിലും തങ്ങള്‍ മാര്‍ക്‌സിസ്റ്റുകാരാണെന്നു ഭാവിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതൊരു പരമ്പരാഗത സങ്കല്‍പം എന്നതില്‍ കവിഞ്ഞ് മറ്റൊന്നും അല്ല. വടക്കേ മലബാറിലെ പല ഉള്‍നാടന്‍ ഗ്രാമവ്യവസ്ഥകളിലും സംഘടിത മതത്തിനു കാര്യമായ സ്വാധീനമൊന്നുമില്ല. പുറത്തുനിന്നു കുടിയേറ്റക്കാരായി എത്തിയവര്‍, അവരുടെ മതചിഹ്നങ്ങളെ പ്രകോപനപരമായ തരത്തില്‍ പറിച്ചു നടാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ പേരില്‍ ചില്ലറ അസ്വാരസ്യങ്ങളൊക്കെ അവിടവിടെ സംഭവിക്കാറുണ്ട്. കേരളത്തിന്റെ മറ്റേതു പ്രദേശങ്ങളിലും സംഭവിക്കുന്നതിലധികമായി ഒന്നും കണ്ണൂര്‍ ജില്ലയിലും നടക്കാറില്ല. എന്നിട്ടും മാധ്യമങ്ങള്‍ കണ്ണൂരിനെ ഒരു ഭീകരവാദികളുടെ ജില്ലയായി ചിത്രീകരിക്കുന്നതില്‍ മത്സരിക്കുന്നതെന്തിനെന്നറിയില്ല. ഡോക്ടര്‍ന്മാരും അധ്യാപകരും തുടങ്ങി, ഓട്ടോറിക്ഷാക്കാരും ചുമട്ടുതൊഴിലാളികളും വരെയുള്ള കണ്ണൂര്‍ ജില്ലക്കാര്‍ സാധാരണ മനുഷ്യരെന്ന നിലയില്‍ കേരളത്തിലെ മറ്റേതു ജില്ലകളിലും ഉള്ളവരേക്കാള്‍ മാന്യതയോടും മര്യാദയോടും ഇടപെടുന്നവരാണെന്നു ആര്‍ക്കും എളുപ്പം ബോധ്യപ്പെടുന്നതേയുള്ളൂ.
മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന തരത്തിലുള്ള അക്രമസ്വഭാവം കണ്ണൂരില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ കണ്ണൂരിനു ചില പ്രത്യേകതകളുണ്ട്. ആദ്യ പ്രത്യേകത അതിന്റെ ഭൂപ്രകൃതിയില്‍ തന്നെ അന്തര്‍ലീനമാണ്. മറ്റൊന്ന് മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ സംഘടിത മതങ്ങള്‍ തീരെ ദുര്‍ബലമാണ്. ഈ ദൗര്‍ബല്യം ഒരളവു വരെ പരിഹരിച്ചു പോരുന്നത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമാണ്. പാര്‍ട്ടിയുടെ ജന്മനാടെന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് വര്‍ഗസമരാശയങ്ങള്‍ക്കു ഇവിടുത്തെ മനുഷ്യരുടെ മനസ്സില്‍ ആഴത്തില്‍ വേരോട്ടമുണ്ട്. അതുകൊണ്ടുകൂടിയാകാം മറ്റു ജില്ലകളില്‍ മതസാമുദായിക സംഘടനകള്‍ നിറവേറ്റിപ്പോരുന്ന മിക്ക ദൗത്യങ്ങളും ഇവിടെ ഇടതുപക്ഷാനുകൂല ബഹുജനസംഘടനകള്‍ ഏറ്റെടുത്തു നടത്തിപ്പോരുന്നു. വിവാഹനിശ്ചയം മുതല്‍ മരണാനന്തര ക്രിയകള്‍ വരെ, അതുമായി ബന്ധപ്പെട്ട ആളുകളുടെ ജാതിയും മതവും സാമുദായിക ബന്ധങ്ങളും ഒന്നും നോക്കാതെ തന്നെ സ്ഥലത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തു നിറവേറ്റിപ്പോരുന്ന പാരമ്പര്യമാണിവിടെയുള്ളത്. ഇത് അത്ര മോശം കാര്യമാണെന്നെങ്ങനെ പറയാന്‍ കഴിയും?
പണ്ടു കേരളത്തില്‍ സാര്‍വത്രികമായിരുന്ന നാട്ടിന്‍പുറത്തെ ചായക്കട സംസ്‌കാരം കണ്ണൂര്‍ ജില്ലയില്‍ മുക്കിനു മുക്കിനു സ്ഥാപിതമായ വായനശാലകള്‍ എന്ന നാട്ടിന്‍ പുറക്കൂട്ടായ്മകളാണ് നിറവേറ്റിവരുന്നത്. വായനശാലകളില്‍ നിന്ന് വായന കുടിയിറങ്ങിപ്പോയി. അതോടെ ഇവ സായാഹ്ന സല്ലാപ കേന്ദ്രങ്ങളായി മാറി. വായനശാല പ്രവര്‍ത്തകരും പാര്‍ട്ടിപ്രവര്‍ത്തകരും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലെന്നു വന്നപ്പോള്‍ ഒട്ടുമിക്ക വായനശാലകളും പാര്‍ട്ടിയുടെ പ്രാദേശിക കേന്ദ്രങ്ങളായി. തിരുവിതാംകൂര്‍ പ്രദേശത്തെ പള്ളി സംസ്‌കാരത്തിനു ബദലായി പാര്‍ട്ടി സംസ്‌കാരം മാറി. ഇതില്‍ അസഹിഷ്ണുക്കളായത് പ്രധാനമായും ആര്‍ എസ് എസും സംഘ്പരിവാര്‍ ശക്തികളുമാണ്. ദീര്‍ഘകാലമായി, ആളും അനക്കവും ഇല്ലാതെ, സുഖനിദ്രയിലായിരുന്ന “പ്രാദേശിക ഹിന്ദുദൈവ”ങ്ങളെ അവര്‍ വിളിച്ചുണര്‍ത്തി. അവരുടെ തട്ടകങ്ങളെ ആയുധപരിശീലന കേന്ദ്രങ്ങളും പരമതവിദ്വേഷത്തിന്റെ വിളഭൂമികളും ആക്കാന്‍ ശ്രമം തുടങ്ങി. അപകടം മണത്ത കമ്മ്യൂണിസ്റ്റുകാര്‍, പുനര്‍ജീവിപ്പിക്കപ്പെട്ട മിക്ക ക്ഷേത്രക്കമ്മറ്റികളുടെയും തലപ്പത്തു കയറിക്കൂടി. ആര്‍ എസ് എസുകാരുടെ അടയാളമായിരുന്ന കൈത്തണ്ടയിലെ കറുത്ത ചരടും നെറ്റിയിലെ കുങ്കുമക്കുറിയും ആണ്ടുതോറുമുള്ള ഇരുമുടിക്കെട്ടും മല ചവുട്ടലുമൊന്നും തങ്ങള്‍ക്കും നിഷിധമല്ലെന്നു ഇടതുപക്ഷ യുവാക്കള്‍ക്കും തോന്നിത്തുടങ്ങി. ക്രമേണ നിലവിലുണ്ടായിരുന്ന വലത് ഇടതുചേരി തിരിവിന്റെ ബാഹ്യരൂപങ്ങള്‍ തിരോഭവിച്ചു. സ്വന്തം കാല്‍ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നതായി ഇരുവിഭാഗങ്ങള്‍ക്കും തോന്നി. അപ്പുറത്തുനിന്നും ഇപ്പുറത്തേക്കും ഇപ്പുറത്തുനിന്നു അപ്പുറത്തേക്കും തരാതരം പോലെ ചെറുപ്പക്കാര്‍ കൂടുവിട്ടു കൂടുമാറ്റം തുടങ്ങി. ഇതിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ മിക്ക നാട്ടിന്‍പുറങ്ങളിലും ഏറ്റുമുട്ടലുകള്‍ക്ക് കളമൊരുക്കി. രണ്ടാട്ടിന്‍ മുട്ടന്മാരെ ബലപരീഷണത്തിനു പ്രേരിപ്പിച്ച നാടോടിക്കഥയിലെ കുറുക്കനെപ്പോലെ സുധാകര കോണ്‍ഗ്രസ് ഇടക്കു നിന്നു ചോര കുടിച്ചു. കണ്ണൂരില്‍ ഇനിയും ഒരങ്കത്തിനുള്ള ബാല്യം തങ്ങള്‍ക്കു ബാക്കി നില്‍ക്കുന്നു എന്ന അവകാശവാദവുമായി രംഗത്തുവന്ന സുധാകര സംഘത്തിന്റെ കൈയില്‍ വീണുകിട്ടിയ ഒരു കളിപ്പാട്ടമാണ് കുട്ടിമാക്കൂലിലെ രാജനെന്ന കോണ്‍ഗ്രസ് പാദേശിക നേതാവും അദ്ദേഹത്തിന്റെ പെണ്‍മക്കളും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദളിത് പീഡനം! അവര്‍ പെരുംമ്പറ കൊട്ടി വിളംബരം ചെയ്തു. എന്തൊക്കെപ്പറഞ്ഞാലും കേരളത്തില്‍ ദളിതു പിന്നോക്ക വിഭാഗങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി. അവരെ ആ പാളയത്തില്‍ നിന്നു ആട്ടി ഓടിക്കാന്‍ സാധിക്കുമോ എന്ന പരീക്ഷണമാണ് തലശ്ശേരിയില്‍ നടത്തിയത്. കുട്ടിമാക്കൂലില്‍ മാത്രമല്ല കണ്ണൂരിലാകെ രാജനും പെണ്‍മക്കളും മാത്രമാണ് ദളിതര്‍ എന്നു തോന്നിക്കും മട്ടിലല്ലെ ചര്‍ച്ചകള്‍ നടന്നത്. രാജന്റെ അയല്‍വാസികളായി അദ്ദേഹത്തിന്റെ ബന്ധുക്കളുള്‍പ്പെടെ ഇരുപത്തിയഞ്ചോളം ദളിത് കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. അവരിലാര്‍ക്കും എതിരെ ഉണ്ടാകാത്ത ആക്രമണം, രാജന്റെ കുടുംബത്തിനെതിരെ ഉണ്ടാകുന്നത് അവര്‍ കമ്മ്യൂണിസ്റ്റുകാരല്ലാത്തതു കൊണ്ടാണെന്ന ആരോപണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ അല്‍പം ബുദ്ധിമുട്ടാണ്. പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ചു കയറിയ അഭിനവ ഉണ്ണിയാര്‍ച്ചയുടെ വിറകു കൊള്ളി പ്രയോഗത്തിനിരയായതും ഉണ്ണിയാര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോഴും ജയിലില്‍ കഴിയുന്ന വ്യക്തിയും പറയിപെറ്റ പന്തിരുകുലത്തിലെ “ഹീനജാതി”യില്‍പ്പെട്ട വ്യക്തി തന്നെ എന്ന കാര്യം വിസ്മരിക്കരുത്.
ഉണ്ണിയാര്‍ച്ചയുടെ അനുജത്തി, ഒരു രാത്രിയിലെ ജയില്‍ വാസത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു പോലും. അതിന്റെ പേരിലും സ്ഥലം എം എല്‍ എയും ഡി വൈ എഫ് ഐ നേതാവിനും എതിരെ കേസ്. കൊള്ളാം! ഇതാണോ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു ജയില്‍വാത്തോടുള്ള പ്രതികരണം. ജീവചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പാകത്തിലുള്ള ജയില്‍വാസം ഒന്നും അനുഭവിക്കാന്‍ അവസരം കിട്ടാതെ പോയ കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് ആന്റെണി ഏറ്റവും ഒടുവിലായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു നല്‍കിയ ഉപദേശം കോണ്‍ഗ്രസുകാര്‍, ജയിലില്‍ പോകാന്‍, അവസരം സൃഷ്ടിക്കണമെന്നാണ്. അതുകേട്ട്, ഏതുനിമിഷവും ജയിലിലേക്കു യാത്രയാകാന്‍ അവസരം കാത്തു കോണ്‍ഗ്രസ് പിള്ളേര്‍ ആരെയും തലയും മുറുക്കി ക്യൂ നില്‍ക്കുമ്പോഴാണ് തലശ്ശേരിയിലെ ഈ ഗാന്ധിശിഷ്യ ജയിലില്‍ കിടന്നതിന്റെ പേരില്‍, ചാകാന്‍ വഴി തേടിയത്. കഷ്ടം! (ഫോണ്‍: 9446268581)