Kerala
മുല്ലപ്പെരിയാര്‍ അന്താരാഷ്ട്ര ഏജന്‍സി പരിശോധിക്കണം: കേരളം
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാരുമായി ആലോചിച്ച ശേഷം അറിയിക്കാമെന്ന് ഇന്നലെ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി യോഗത്തിനെത്തിയ തമിഴ്‌നാട് പ്രതിനിധി അറിയിച്ചു. ഡാമില്‍ നിന്ന് വെള്ളം തുറന്നു വിടുന്നതു സംബന്ധിച്ച സ്പില്‍വേ ഷട്ടര്‍ മാനുവല്‍ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിച്ചു. ഇതിന് രണ്ട് മാസം സമയം അനുവദിക്കണമെന്നാണ് അവരുടെ നിലപാട്. ഡാമിലെ പ്രവര്‍ത്തിക്കാത്ത ഉപകരണങ്ങള്‍ ആറ് മാസത്തിനകം പ്രവര്‍ത്തനക്ഷമമാക്കും. ഒമ്പത് മഴമാപിനികള്‍ കേരളം സ്ഥാപിക്കും. അടുത്ത ആഴ്ച മുതല്‍ ആഴ്ചയിലൊരിക്കല്‍ ഉപസമിതി അണക്കെട്ട് പരിശോധിച്ച് ജലനിരപ്പ് വിലയിരുത്തും. സെപ്തംബര്‍ രണ്ടാം വാരം ഉന്നതാധികാര സമിതി വീണ്ടും ഡാം പരിശോധിക്കും. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സാധനങ്ങള്‍ കൊണ്ടു പോകുന്നത് സുരക്ഷാ ചുമതലയുള്ള കേരളത്തിലെ അധികൃതരെ അറിയിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കഴിഞ്ഞ മഴക്കാലത്ത് ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നത് യോഗത്തില്‍ ചര്‍ച്ചയായി. വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്കുള്ള റോഡിന്റെ ടാറിംഗ്, വൈദ്യുതി കണക്ഷന്‍, ബേബിഡാമിലെ അറ്റകുറ്റപ്പണികള്‍ക്കായി മരം മുറിക്കല്‍ എന്നീ ആവശ്യങ്ങള്‍ തമിഴ്‌നാട് ഇത്തവണയും ഉന്നയിച്ചു. ഇവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം പരിഗണിക്കും.
ഉന്നതാധികാര സമിതിയുടെ പുതിയ ചെയര്‍മാന്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഡാം സേഫ്റ്റി റിഹാബിലിറ്റേഷന്‍ പ്രൊജക്ട് ഡയറക്ടര്‍ ഡോ. ബി ആര്‍. കെ പിള്ള, തമിഴ്‌നാടിന്റെ പുതിയ പ്രതിനിധി തമിഴ്‌നാട് പൊതുമരാമത്ത് സെക്രട്ടറി എസ് കെ പ്രഭാകരന്‍, കേരളത്തിന്റെ പ്രതിനിധി അഡീഷനല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്‍ എന്നിവര്‍ കുമളിയിലെ സമിതി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുല്ലപ്പെരിയാറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു.
ഇന്നലെ രാവിലെ 11 ഓടെ അണക്കെട്ടിലെത്തിയ സംഘം സ്പില്‍വേയും ബേബി ഡാമും ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ഗ്യാലറിയില്‍ കയറിയില്ല. മൂന്ന് മണിയോടെ അവിടെ നിന്ന് മടങ്ങിയെത്തിയതിന് ശേഷമായിരുന്നു യോഗം. 114 അടിക്ക് മുകളിലാണ് ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ്.