Connect with us

National

അലിഗഢിന് ന്യൂനപക്ഷ പദവി: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അലിഗഢ് മുസ്‌ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും. മുന്‍ യു പി എ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി ബഞ്ചിന് മുമ്പാകെ വ്യക്തമാക്കി. അപ്പീല്‍ പിന്‍വലിക്കുന്നതായി കാണിച്ച് സത്യവാങ്മൂലം നല്‍കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുല്‍ റോഹ്തഗി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സര്‍വകലാശാല ഭരണവിഭാഗം സമര്‍പ്പിച്ച അപ്പീല്‍ ഹരജി സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.
“അലിഗഢ് മുസ്‌ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ല. 1967ല്‍ തന്നെ പരമോന്നത കോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. എ എം യു സ്ഥാപിച്ചത് സര്‍ക്കാറാണ്, മുസ്‌ലിംകളല്ല” – മുകുള്‍ റോഹ്തഗി പറഞ്ഞു. 1967ല്‍ അസീസ് ബാഷ കേസില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധി ഈ കേസില്‍ മാര്‍ഗ നിര്‍ദേശകമാണ്. എ എം യു ഒരു കേന്ദ്ര സര്‍വകലാശാലയാണ് ന്യൂനപക്ഷ സര്‍വകലാശാലയല്ല എന്നാണ് ബഞ്ച് വ്യക്തമാക്കിയതെന്നും റോഹ്തഗി പറഞ്ഞു.
1981ല്‍ സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഈ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വിധി. മുസ്‌ലിംകള്‍ക്ക് സര്‍വകലാശാല നല്‍കുന്ന അമ്പത് ശതമാനം സംവരണം ഭരണഘടനാവിരുദ്ധമാണെന്നും കോടതി വിധിയില്‍ പറയുന്നു. ഇതിനെതിരെ യു പി എ സര്‍ക്കാറും സര്‍വകലാശാല മാനേജ്‌മെന്റും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ മോദി സര്‍ക്കാര്‍ കൈകൊള്ളുന്ന നിലപാട് സര്‍കലാശാലയുടെ ഭാവിയെ ബാധിക്കുമെന്നുറപ്പാണ്.

Latest