Connect with us

Malappuram

കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍: നാട്ടുകാരും സര്‍ക്കാറും വീണ്ടും ഏറ്റുമുട്ടലിലേക്ക്

Published

|

Last Updated

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ തുക നീക്കിവെച്ച സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ കിടപ്പാടം നഷ്ടപ്പെടുന്നവരും പ്രദേശവാസികളും സര്‍ക്കാറിനെതിരെ വീണ്ടും പോരിനിറങ്ങാന്‍ തയ്യാറെടുക്കുന്നു. കൊണ്ടോട്ടി മുനിസിപ്പാലിറ്റി, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ നിന്നായി 250 ഏക്കറിലധികം ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

ഭൂമി ഏറ്റെടുക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കരിപ്പൂരില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് തുറന്നിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇതുവരെ സാധ്യമായിട്ടില്ല. ബജറ്റില്‍ ഭൂമി ഏത് കാലം ഏറ്റെടുക്കുന്നുവോ അക്കാലത്തേക്ക് പണം നീക്കിവെച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഓരോ തവണയും ഭൂമി ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ വരുമ്പോള്‍ ഭയവിഹ്വലതയോടെയാണ് പ്രദേശവാസികള്‍ കേള്‍ക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ കാരണം സ്വസ്ഥജീവിതം നഷ്ടപ്പെടുകയാണ്. നാടുവിട്ടു പോകേണ്ട അവസ്ഥ വരുമെന്ന കാരണത്താല്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം പോലും നടക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നത്. വിവാഹ ആവശ്യത്തിന് ഭൂമി വില്‍ക്കാന്‍ തയ്യാറായാല്‍ വാങ്ങുന്നതിനും ആരും എത്തുന്നില്ല. അതെസമയം റണ്‍വേ വികസനമല്ലാത്ത മറ്റ് വികസനം കൊണ്ട് വിമാനത്താവളത്തിന് യാതൊരു പ്രയോജനവുമില്ല. റണ്‍വേക്ക് ദൈര്‍ഘ്യമില്ലെന്ന കാരണം പറഞ്ഞാണ് വലിയ വിമാനങ്ങളെ കരിപ്പൂരില്‍ നിന്നും പിന്‍വലിപ്പിച്ചത്. ടേബിള്‍ ടോപ് മാതൃകയിലുള്ള റണ്‍വേ വികസിപ്പിക്കുക എന്നത് സാധ്യമല്ലെന്നതും അധികൃതര്‍ക്കറിയാവുന്നതാണ്.

നിലവിലുള്ള റണ്‍വേയോട് ചേര്‍ന്ന് റണ്‍വേക്ക് ദൈര്‍ഘ്യം കൂട്ടണമെങ്കില്‍ നിരവധി കുന്നുകള്‍ ഇടിച്ചു നിരത്തേണ്ടി വരും. ഇതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കുന്നതുമല്ല. റണ്‍വേയല്ലാത്ത മറ്റ് വികസനങ്ങള്‍ക്കാണെങ്കില്‍ ഭൂമി ഏറ്റെടുക്കേണ്ട ആവശ്യവുമില്ല. നിലവില്‍ തന്നെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൈവശം ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്. എന്നിട്ടും വിമാനത്താവള വികസനമെന്ന പേരില്‍ പ്രദേശവാസികളെ മുള്‍മുനയില്‍ നിര്‍ത്തല്‍ തുടരുകയാണ്.

Latest