Articles
സൈന്യത്തിന് പ്രത്യേക അധികാരം; അപ്പോള്‍ പൗരനോ?
ജൂലൈ 10നും 11നും ഇടക്കുള്ള രാത്രിയിലാണ് തങ്ജാം മനോരമയുടെ കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ വീട്ടിലേക്ക് അസം റൈഫിള്‍സ് പതിനേഴാം ബറ്റാലിയനിലെ സൈനികര്‍ അതിക്രമിച്ച് കടന്നത്. വാതില്‍ തകര്‍ത്ത് അകത്തുകടന്നവര്‍ മനോരമയെ വലിച്ചിഴച്ച് പുറത്തെത്തിച്ചു. സ്വന്തം വീടിന് മുന്‍വശത്തെ പോര്‍ച്ചില്‍ വെച്ച് മനോരമ ഉപദ്രവിക്കപ്പെട്ടു. ഭയം കൊണ്ട് ഇല്ലാതായിപ്പോയ ശബ്ദത്തില്‍ “അറിയില്ല”, “അറിയില്ല” എന്ന് മനോരമ പറഞ്ഞത് ഇന്നും ഓര്‍മയിലുണ്ട് ഇളയ സഹോദരന്‍ തങ്ജാം ബസുവിന്.
അസം റൈഫിള്‍സ് രജിസ്റ്റര്‍ ചെയ്ത രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ തുടരുന്നു – “”പല സ്ഥലങ്ങളിലേക്കും മനോരമയെ തെളിവെടുപ്പിനായി കൂട്ടിക്കൊണ്ടുപോയി. മനോരമയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചൈനയില്‍ നിര്‍മിച്ച ഗ്രനേഡുകളും എ കെ 47 തോക്കും കണ്ടെടുക്കാനായി. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ മനോരമയുടെ നേര്‍ക്ക് “സുരക്ഷാ” ഭടന്‍മാര്‍ വെടിയുതിര്‍ത്തു. വെടിയേറ്റ് രക്തം വാര്‍ന്ന് മനോരമ മരിച്ചു.””
മണിപ്പൂരില്‍ ജില്ലാ സെഷന്‍സ് ജഡ്ജായി വിരമിച്ച സി ഉപേന്ദ്ര സിംഗായിരുന്നു ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ അധ്യക്ഷന്‍. 2004 ഡിസംബറില്‍ ഉപേന്ദ്ര സിംഗ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് – “”സൈനികരുടെ കസ്റ്റഡിയില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകമാണ് ഇത്. ക്രൂരവും ദയാരഹിതവുമായ ആക്രമണങ്ങള്‍ക്ക് മനോരമ വിധേയയാക്കപ്പെട്ടു. ലൈംഗിക അതിക്രമമുള്‍പ്പെടെ. നിസ്സഹായാവസ്ഥയിലാണ് അവള്‍ക്കു നേര്‍ക്ക് വെടിയുതിര്‍ക്കപ്പെട്ടത്. ശരീരത്തിലേറ്റ 16 ബുള്ളറ്റുകളില്‍ ഒന്നു മാത്രമേ കാലില്‍ ഏറ്റുള്ളൂ. ജനനേന്ദ്രിയത്തിലും അരക്കെട്ടിലുമൊക്കെ വെടിയുണ്ടയേറ്റിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചതാണെന്ന കഥ നുണയാണ്. വസ്തുത കണ്ടെത്താന്‍ ശ്രമിക്കുക എന്നത് മാത്രമായിരുന്നു അന്വേഷണ കമ്മീഷന്റെ ദൗത്യം. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിലെ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് – എ എഫ് എസ് പി എ) വ്യവസ്ഥകളെ ഉപയോഗിച്ച് കമ്മീഷന്റെ പ്രവര്‍ത്തനത്തെ തടയാന്‍ അസം റൈഫിള്‍സ് പരമാവധി ശ്രമിച്ചിരുന്നു. ഈ നിയമത്തിലെ ആറാം വകുപ്പ് നല്‍കുന്ന പരിമിതമായ അധികാരം ഉപയോഗിച്ച് മാത്രമായിരുന്നു കമ്മീഷന്റെ പ്രവര്‍ത്തനം.””
മനോരമയെ സൈനികര്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ ശേഷം വെടിവെച്ചുകൊന്നതാണെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ മണിപ്പൂരുകാര്‍ക്ക് മനസ്സിലായിരുന്നു. സൈന്യത്തെയും അവര്‍ക്കുള്ള പ്രത്യേക അധികാരങ്ങളെയും ഭയക്കുന്നവര്‍ അത് പരസ്യമായി പറയാനോ പ്രതിഷേധിക്കാനോ തയ്യാറായില്ല. സൈന്യത്തെയും അവര്‍ക്കുള്ള പ്രത്യേക അധികാരത്തെയും ചോദ്യംചെയ്യണമെന്ന് നിശ്ചയിച്ചവര്‍ പ്രതിഷേധിച്ചു. ഏതാനും സ്ത്രീകള്‍ സൈനിക ക്യാമ്പിന് മുന്നില്‍ നഗ്നരായി പ്രകടനം നടത്തി, “ഞങ്ങളെ ബലാത്സംഗം ചെയ്യൂ പട്ടാളക്കാരേ” എന്ന ബാനറുമായി. നാണമുള്ള ഭരണ സംവിധാനവും അതിന് കീഴിലുള്ള സൈന്യവുമായിരുന്നുവെങ്കില്‍ അന്ന് തന്നെ പ്രത്യേക അധികാരങ്ങള്‍ കൈയൊഴിഞ്ഞ്, കൊടും ക്രൂരത നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സംവിധാനമൊരുക്കി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരുമായിരുന്നു.
ഒന്നുമുണ്ടായില്ല. പ്രത്യേക അധികാരങ്ങള്‍ ഇല്ലാതായാല്‍ ക്ഷീണിച്ച് പോകുന്ന സൈനികരെക്കുറിച്ചും ആ ക്ഷീണം രാജ്യസുരക്ഷക്ക് ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ചും പടനായകര്‍ പ്രബന്ധങ്ങള്‍ ചമച്ചു. വിഭവ സമൃദ്ധമായ അമൃതേത്തിന് ശേഷം രുചിയാസ്വദിക്കാന്‍ ചുണ്ടിന്‍മേല്‍ നാവാടുന്നത് പോലെ, പ്രബന്ധങ്ങള്‍ക്കടിയില്‍ മന്ത്രിപുംഗവന്‍മാരുടെ കരവടിവ് തെളിഞ്ഞു. ഇക്കാലത്തിനിടെ മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരങ്ങള്‍ പലകുറി നടപ്പാക്കപ്പെട്ടു. കര്‍ഫ്യു ലംഘിച്ച് പുറത്തിറങ്ങിയതിന്റെ പേരില്‍, ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടയാളുടെ കൈവശം ആയുധമുണ്ടായിരുന്നോ എന്ന സംശയത്തിന്റെ പേരില്‍, സൈനികരെ കണ്ടപ്പോള്‍ പുറം തിരിഞ്ഞ് നടന്നവന്‍/നടന്നവള്‍ തീവ്രവാദിയാണോ എന്ന ശങ്കയുടെ പേരില്‍ ഒക്കെ നിരപരാധികളുടെ ചോര തെരുവില്‍ ഒഴുകി. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വൈരമോ കൂടുതല്‍ ഉയരത്തിലേക്കുള്ള കയറ്റത്തിനുള്ള ഉപായമോ രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കാനുള്ള മറയോ ഒക്കെയായി മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു.
വെടിവെച്ച് കൊന്നശേഷം ഏറ്റുമുട്ടലായി ചിത്രീകരിച്ചുവെന്ന ആരോപണം, മണിപ്പൂരില്‍ മാത്രം നേരിടുന്നത് ഔദ്യോഗികമായി 1,528 കേസുകളിലാണ്. അവയിലൊക്കെ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ്, മനുഷ്യ ജീവന്റെ വില ഭരണകൂടത്തെയും സൈന്യത്തെയും സുപ്രീം കോടതി ഓര്‍മിപ്പിച്ചത്. തീവ്രവാദിയോ കൊടുംകുറ്റവാളിയോ ആയാലും സാഹചര്യം ആവശ്യപ്പെടുന്നതിലധികം പ്രഹരശേഷി ഉപയോഗപ്പെടുത്തി ജീവനെടുക്കുന്നതിലും നിരോധനാജ്ഞ നിലനില്‍ക്കുന്നിടത്ത് പുറത്തിറങ്ങിയയാളെ കൈവശം ആയുധമുണ്ടായിരുന്നുവെന്ന ഒറ്റക്കാരണത്താല്‍ വെടിവെച്ചിടുന്നതിലും സൈന്യത്തെ വിലക്കുകയാണ് സുപ്രീം കോടതി. പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന ഏത് നിയമത്തിന്റെ അകമ്പടി, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാ വ്യവസ്ഥയുടെ പിറകിലേ നില്‍ക്കൂവെന്ന് ഓര്‍മിപ്പിക്കുമ്പോള്‍ ഇത്തരം നിഷ്ഠുരതകള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിലവിലുള്ള തടസ്സങ്ങള്‍ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കണം.
സി പി ഐ മാവോയിസ്റ്റ് നേതാവായിരുന്ന ചേറുകുരി രാജ്കുമാറിനെ (ആസാദ്) വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന ആരോപണം പരിഗണിക്കവെ, സ്വന്തം മക്കളുടെ ചോര കൈകളില്‍ പുരളുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ടെന്ന് പരമോന്നത കോടതി അഭിപ്രായപ്പെട്ടിട്ട് അഞ്ച് വര്‍ഷത്തോളമായിട്ടുണ്ടാകും. ആസാദിനെ ഏറ്റുമുട്ടലില്‍ വധിച്ചതാണെന്ന് തീര്‍പ്പാക്കിയതോടെ കോടതിയുടെ പരമാര്‍ശങ്ങളുടെ രൂക്ഷത നേര്‍പ്പിക്കപ്പെട്ടു. കാലാന്തരത്തില്‍ പൂര്‍ണമായും ലയിപ്പിക്കപ്പെടുകയും ചെയ്തു. അതിനു ശേഷം “സുരക്ഷാ” സേനകള്‍ നടത്തിയ ഏറ്റുമുട്ടലുകളില്‍ എത്രയെണ്ണം സംവിധാനം ചെയ്യപ്പെട്ടവയായിരുന്നുവെന്ന് ആരും ചികഞ്ഞിട്ടുണ്ടാകാന്‍ ഇടയില്ല.
മനോരമയെ കൊലപ്പെടുത്തിയ കേസില്‍ 2004 ഡിസംബറില്‍ സമര്‍പ്പിച്ച വസ്തുതാന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെടുന്നത് കൃത്യം പത്ത് വര്‍ഷത്തിന് ശേഷമാണ്. എന്തുകൊണ്ടിത്ര കാലതാമസമെന്ന് വ്യാജ ഏറ്റുമുട്ടലുകളില്‍ അന്വേഷണം വേണമെന്ന് നിര്‍ബന്ധിക്കുമ്പോള്‍ സുപ്രീം കോടതി പരിശോധിക്കേണ്ടതല്ലേ? നിസ്സഹായരായ മനുഷ്യര്‍ ഒരു ഭാഗത്തും സൈന്യമോ ഭരണകൂടമോ പൊലീസോ ഒക്കെ മറുഭാഗത്തോ ഉള്ള കേസുകളിലൊക്കെ കാലതാമസമോ അതുവഴിയുള്ള അന്വേഷണ അട്ടിമറിയോ രാജ്യത്ത് പതിവാണെന്നത് കൂടി പരമോന്നത നീതിപീഠം ഓര്‍ക്കേണ്ടതാണ്. ഈ അവസ്ഥയിലേക്ക് നീതിന്യായ സംവിധാനം എത്തിപ്പെടുന്നതില്‍ പരമോന്നത നീതിപീഠത്തിന്റെ പങ്ക് എത്രത്തോളമുണ്ടെന്നതും വിലയിരുത്തപ്പെടേണ്ടതാണ്. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിന്റെ ഭരണഘടനാ സാധുത പലതവണ കോടതികള്‍ (പരമോന്നതം ഉള്‍പ്പെടെ) ശരിവെച്ചിട്ടുണ്ട്. അപ്പോഴൊന്നും ആ വ്യവസ്ഥകളെ മറയാക്കി ഒടുക്കപ്പെടുന്ന “നിസ്സാര ജീവനു”കള്‍ക്ക് ഭരണഘടന നല്‍കുന്ന സംരക്ഷണം ഉറപ്പാക്കണമെന്ന തോന്നല്‍ ഉണ്ടായിരുന്നില്ലല്ലോ?
ഈ റിപ്പോര്‍ട്ട് നേരത്തെ പരിഗണിക്കപ്പെടുകയും ന്യായാന്യായങ്ങള്‍ പരിശോധിച്ച് കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്തിരുന്നുവെങ്കില്‍ “ഏറ്റുമുട്ടലുകളു”ടെ ഔദ്യോഗിക കണക്കില്‍ അല്‍പ്പമെങ്കിലും കുറവുണ്ടാകുമായിരുന്നില്ലേ? പ്രത്യേക അധികാരം നല്‍കുന്ന നിയമത്തില്‍ മാറ്റം വേണമെന്ന് 2013ല്‍ ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ കമ്മിറ്റി നിര്‍ദേശിച്ചപ്പോള്‍ അതിന്‍മേല്‍ അനുകൂലമായൊരു ചിന്ത ഭരണ നേതൃത്വത്തില്‍ നിന്നുണ്ടാകുമായിരുന്നില്ലേ?
മണിപ്പൂരിലും വടക്ക് കിഴക്കന്‍ മേഖലയിലെ ഇതര സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും സൈന്യം അനുഭവിക്കുന്ന പ്രത്യേക അധികാരങ്ങള്‍, ഒരു നിലക്കും നിയന്ത്രിക്കാവതല്ലെന്ന തോന്നലില്‍ പ്രാദേശിക സര്‍ക്കാറുകളൊക്കെ നിസ്സംഗ വേഷം കെട്ടുകയാണ് ചെയ്തിരുന്നത്. ചെറിയ എതിര്‍പ്പുകള്‍ ഉന്നയിച്ച ജമ്മു കശ്മീരിന്റെ ശബ്ദം കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയതിന് പിറകില്‍ ആ പ്രദേശവും അവിടുത്തെ ന്യൂനപക്ഷ സാന്നിധ്യവും കാരണമായിട്ടുണ്ട്. പക്ഷേ, മറ്റിടങ്ങളിലെ സര്‍ക്കാറുകള്‍ കൂടി കുറേക്കൂടി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍, അമിതാധികാര പ്രയോഗത്തില്‍ നിന്ന് സൈനിക വിഭാഗങ്ങള്‍ ഒട്ടൊക്കെ വിട്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. അതിലേക്കൊക്കെ സുപ്രീം കോടതിയുടെ വൈകിയാണെങ്കിലുമുള്ള ഇടപെടല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. അതോ മക്കളുടെ ചോര കൈകളിലില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തെ ഓര്‍മിപ്പിച്ചതുപോലുള്ളൊരു കടത്തുകഴിക്കലായി ഇതും മാറുമോ?
പ്രത്യേക അധികാരങ്ങളുടെ അകമ്പടി കൂടാതെ രാജ്യത്ത് അരങ്ങേറിയ നിയമത്തിന് പുറത്തുള്ള കൊലകളെക്കൂറിച്ച് കൂടി ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനിടെ സുവര്‍ണ ക്ഷേത്രത്തിന്റെ ചുവരിനോട് ചേര്‍ത്ത്, വരിയായി നിര്‍ത്തി ബുള്ളറ്റഭിഷേകം നടത്തിയത്, ഇന്ദിരാ വധത്തിന് ശേഷം അധികാരത്തിന്റെ തുണയോടെ സിഖുകാര്‍ വേട്ടയാടപ്പെട്ടത്, ചോദ്യം ചെയ്യലിനെന്ന പേരില്‍ പോലീസുകാര്‍ കൂട്ടിക്കൊണ്ടുപോയ സിഖ് യുവാക്കള്‍ പിന്നീട് “ഏറ്റുമുട്ടലു”കളില്‍ കൊല്ലപ്പെട്ടത് അങ്ങനെ പലതും. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളില്‍ നിന്നും “ഏറ്റുമുട്ടല്‍” കൊലകളുടെ കഥകള്‍ ഉയര്‍ന്നു. അതിലെത്രയെണ്ണത്തില്‍ നെല്ലും പതിരും തെളിഞ്ഞുവെന്നത് കൂടി പരിശോധിക്കപ്പെടണം.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2002 മുതല്‍ 2006 വരെയുള്ള കാലത്ത് ഗുജറാത്തിലുണ്ടായത് മുപ്പതോളം ഏറ്റുമുട്ടലുകളാണ്. അതില്‍ പലതും ഭരണകൂടത്തിന്റെ കൈകളില്‍ പുരണ്ട മക്കളുടെ ചോരയാണെന്ന ആരോപണം നിലനില്‍ക്കുന്നു. ഇവയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ സുപ്രീം കോടതി തന്നെ നിയോഗിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആ കമ്മിറ്റി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷമൊന്ന് കഴിയുകയും ചെയ്തു. ഇവയില്‍ ചിലതിലെങ്കിലും അന്വേഷണം നടക്കുകയും ചില പോലീസ് ഉദ്യോഗസ്ഥരെ ആരോപണവിധേയരാക്കി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അവ വിചാരണക്കെടുക്കുമ്പോഴേക്കും ഈ കേസുകളില്‍ കറുത്തതാടിക്കും വെളിത്ത താടിക്കുമുള്ള പങ്ക് സംബന്ധിച്ച ആരോപണങ്ങളില്‍ തെളിവില്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. അതിന് പാകത്തില്‍ കേസുകള്‍ നടത്തുന്നു.
നീതി വൈകുന്നത് അത് നിഷേധിക്കുന്നതിന് തുല്യമാണെന്നാണ് ആപ്തവാക്യം. നിയമനടപടികള്‍ വൈകുമ്പോള്‍, നീതി വൈകുക മാത്രമല്ല, അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഏറുക കൂടിയാണ് ചെയ്യുന്നത്, പ്രത്യേക അധികാരമുള്ളിടത്തും ഇല്ലാത്തിടത്തും. പ്രത്യേക അധികാരങ്ങള്‍, നിയമബാഹ്യമായി ലഭിക്കുന്ന രാജ്യത്ത് പ്രത്യേകിച്ചും. ആകയാല്‍ സുപ്രീം കോടതി വിധി പ്രത്യേക അധികാരമുള്ളിടത്തും ഇല്ലാത്തിടത്തും പ്രസക്തമാണ്, വിധിവാക്യങ്ങളുടെ അന്തസ്സത്തയുള്‍ക്കൊണ്ട് നടപ്പാക്കപ്പെടുമെങ്കില്‍.