Connect with us

Kerala

എല്ലാവിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പ് വരുത്തും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍, ട്രേഡ് യൂനിയന്‍ നേതാക്കളുമായി തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
74 മേഖലകളിലാണ് നിലവില്‍ മിനിമം വേതനം നടപ്പിലാക്കിയത്. അഞ്ച് മേഖലകളില്‍ക്കൂടി നടപ്പിലാക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ചെരുപ്പ് നിര്‍മാണം, വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണ പരിപാടി, ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി, പേപ്പര്‍ ഇന്‍ഡസ്ട്രീസ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണവ.

മിനിമം വേതന നിയമത്തിന്റെ പട്ടികയില്‍ വരാത്ത തൊഴിലുകള്‍ക്ക്, പ്രത്യേക നിയമമുണ്ടാക്കി അടിസ്ഥാന കൂലി നിജപ്പെടുത്തും. ട്രേഡ് യൂനിയനുകള്‍ക്ക് സഹായകമായ വിധത്തില്‍, വ്യവസായ ഭരണ സമിതി പുന:സംഘടിപ്പിക്കും. പുതിയ ട്രേഡ് യൂനിയന്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ ലഭിച്ചാല്‍ 40 ദിവസത്തിനകം അത് സാധ്യമാക്കും. ഇതിനായി ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ട്രേഡ് യൂനിയനുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴില്‍ ബന്ധവും സംരംഭക സൗഹൃദ അന്തരീക്ഷവും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാറും ട്രേഡ് യൂനിയനുകളും കൂട്ടുത്തരവാദിത്വത്തോടെ സമീപിച്ചാല്‍ ഇതിന് തടസ്സമായി നില്‍ക്കുന്ന തൊഴില്‍ മേഖലയിലെ തെറ്റായ പ്രവണതകളെ ഇല്ലാതാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ 13 ഇ എസ് ഐ ആശുപത്രികളിലെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ കൂലിയും തൊഴില്‍ സാഹചര്യവും മെച്ചപ്പെടുത്തുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തും.

തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും. തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കും. തോട്ടം മേഖലയിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി ആവശ്യമായ ഇടപെടും. നിലവിലുള്ള ലയങ്ങള്‍ പുനരുദ്ധരിക്കും. സ്വന്തമായി വീടില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് അവ ലഭ്യമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുമെന്നും ഇതിന് സഹായകരമാകുന്ന വിധത്തില്‍ ഇവര്‍ക്കുവേണ്ടി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി കഞ്ചിക്കോട് 768 വാസസ്ഥലങ്ങള്‍ ഒരുക്കുന്ന അപ്‌നാ ഘര്‍ പദ്ധതി അന്തിമ ഘട്ടത്തിലാണ്. ഇത് പെരുമ്പാവൂര്‍, ഫാറൂക്ക്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ലേബര്‍ കമ്മീഷണര്‍ കെ. ബിജു, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ ഡോ. ജി. എല്‍ മുരളീധരന്‍, എ. അലക്‌സാണ്ടര്‍, ട്രേഡ് യൂനിയന്‍ നേതാക്കളായ എളമരം കരീം, കെ പി രാജേന്ദ്രര്‍, ആര്‍ ചന്ദ്രശേഖരന്‍, കെ കെ വിജയകുമാര്‍, എ എ അസീസ്, എം കെ കണ്ണന്‍ , അഹമ്മദ്കുട്ടി ഉണ്ണികുളം, തിരുവച്ചിറ മോഹന്‍ദാസ് പ്രസംഗിച്ചു

Latest