Kerala
ബാര്‍ കോഴ: മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലന്‍സിന്റെ നിയമോപദേഷ്ടാവ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസില്‍ മാണിയെ കുറ്റവിമുക്താനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ മുന്‍ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായും വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ സി.സി.അഗസ്റ്റിന്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് ഇന്നു പരിഗണിച്ചപ്പോള്‍ സാറാ ജോസഫിന്റെ അഭിഭാഷകനാണ് തുടരന്വേഷണ കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
എന്നാല്‍, കേസില്‍ മാണിക്കെതിരേ അന്വേഷണം നടത്തിയ ശേഷം സമര്‍പ്പിച്ച ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഉറച്ചു നില്‍ക്കുകയാണ്. തുടരന്വേഷണത്തിന്റെ ഒരു സാഹചര്യവും നിലവിലില്ല. പരാതിക്കാര്‍ ആരെങ്കിലും കൂടുതല്‍ തെളിവുകള്‍ നല്‍കിയാലോ പുതിയ സാഹചര്യങ്ങള്‍ വന്നെങ്കിലോ മാത്രം വീണ്ടും അന്വേഷണം മതിയെന്നാണ് ലീഗല്‍ അഡൈ്വസര്‍ നിലപാട് സ്വീകരിച്ചത്.
അതിനിടെ, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ അഭിഭാഷകനും വി.എസ്.അച്യുതാനന്ദന്റെ അഭിഭാഷകനും തമ്മില്‍ കോടതിയില്‍ വാഗ്വാദമുണ്ടായി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വി.എസ് കേസില്‍ ഇടപെട്ടതെന്ന മുരളീധരന്റെ അഭിഭാഷകന്റെ പരാമര്‍ശമാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി ആഗസ്റ്റ് 16ലേക്ക് മാറ്റി.