Kozhikode
കൊടുവള്ളി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിക്കണമെങ്കില്‍ ബി എസ് എന്‍ എല്‍ കണക്ഷന്‍ എടുക്കണം
താമരശ്ശേരി: കൊടുവള്ളി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിക്കണമെങ്കില്‍ ബി എസ് എന്‍ എല്‍ കണക്ഷന്‍ എടുക്കണം. സ്വകാര്യ നെറ്റ് വര്‍ക്കുകളില്‍നിന്നുള്ള വിളികള്‍ തടഞ്ഞുവെച്ചതാണ് നാട്ടുകാരെയും പോലീസ് ഉദ്യോഗസ്ഥരെയും ദുരിതത്തിലാക്കുന്നത്. മാസങ്ങളായി സ്വകാര്യ നെറ്റ് വര്‍ക്കുകളില്‍നിന്നും കൊടുവള്ളി പോലീസ് സ്റ്റേഷന്റെ 0495 2210213 എന്ന നമ്പറിലേക്ക് വിളിക്കുമ്പോള്‍ ക്ഷമാപണവും ഈ നമ്പറിലേക്കുള്ള കോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന മറുപടിയുമാണ് ലഭിക്കുന്നത്. ഫോണ്‍ തകരാറായിരിക്കും എന്ന് കരുതി പലരും പിന്‍മാറുന്നതിനാല്‍ വിവരം പുറത്തറിഞ്ഞിരുന്നില്ല. സ്‌റ്റേഷനിലേക്ക് ഫോണ്‍ കിട്ടാത്തതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കാന്‍ പല ഉദോഗസ്ഥരെയും വിളിക്കേണ്ട അവസ്ഥയാണ്. സ്‌റ്റേഷനില്‍നിന്നും എന്തെങ്കിലും വിവരം അറിയണമെങ്കില്‍ അവിടെ നേരിട്ടു പോവുകയോ ബി എസ് എന്‍ എല്‍ ഉപഭോക്താവിനെ തേടി പിടിച്ച് ഫോണ്‍ ചെയ്യുകയോ വേണം. ഗ്രാമീണ മേഖലകളില്‍ ബി എസ് എന്‍ എല്‍ ഉപഭോക്തീക്കള്‍ കുറവായതിനാല്‍ കൊടുവള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടണം.
മാസങ്ങളായും പ്രശ്‌നം പരിഹരിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സ്റ്റേഷനിലേക്കുള്ള വിളികള്‍ തടഞ്ഞുവെച്ചതാണെന്ന സൂചന ലഭിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് വിളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ബി എസ് എന്‍ എല്‍ അധികൃതര്‍ നല്‍കുന്ന അനൗദ്യോഗിക വിശദീകരണം. എന്നാല്‍ ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് റൂറല്‍ എസ് പി വിജയകുമാര്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊടുവള്ളി സി ഐ യോട് ആവശ്യപ്പെട്ടതായും റൂറല്‍ എസ് പി പറഞ്ഞു.
പൊതു ജനങ്ങള്‍ക്ക് ഏത് സാഹചര്യത്തിലും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയേണ്ട പോലീസ് സറ്റേഷനിലേക്കുള്ള ടെലഫോണ്‍ ബന്ധം വിഛേദിച്ചതില്‍ പോലീസിനുള്ളിലും പ്രതിഷേധം ശക്തമാണെങ്കിലും ഇത് പുറത്തറിയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പോലീസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ടാക്കാനുള്ള നെട്ടോട്ടം ഒരു ഭാഗത്ത് നടക്കമ്പോഴാണ് കൊടുവള്ളിയില്‍ ഫോണ്‍ ബന്ധം പോലും വിഛേദിച്ച് പുതിയ പരീക്ഷണം നടത്തുന്നത്.