Connect with us

Kerala

കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുഖം രക്ഷിക്കാന്‍ ആലോചന

Published

|

Last Updated

കോട്ടയം: യു ഡി എഫ് ഘടക കക്ഷികള്‍ക്കിടയില്‍ അസ്വസ്ഥതകള്‍ പുകയുന്നതിനിടെ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ഞായറാഴ്ച കോട്ടയത്ത് യോഗം ചേരും. നിയമസഭാ തിരഞ്ഞെടുപ്പോടെ നിയമസഭയില്‍ സംപൂജ്യരായി മാറിയ ആര്‍ എസ് പി, ജനതാദള്‍ യു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ പരസ്യ നിലപാടുമായി രംഗത്തുണ്ട്. സമാനമായ രീതിയില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കേരള കോണ്‍ഗ്രസും ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. ബാര്‍ കോഴ വിവാദത്തിന്റെ അണിയറ ശില്‍പ്പിയായ ബിജു രമേശിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാടിനെ ചോദ്യം ചെയ്ത് കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടും കെ എസ് സിയും രംഗത്തെത്തിക്കഴിഞ്ഞു. യു ഡി എഫ് സര്‍ക്കാറിനെ പൊതുമധ്യത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബാര്‍ മുതലാളിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത നേതാക്കളുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് യൂത്ത് ഫ്രണ്ട് പരാതി അയച്ചിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് മുഖപത്രമായ “പ്രതിഛായ”യില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം ആക്ഷേപിച്ച് ഒറ്റുകാരുടെ കൂടിയാട്ടം എന്ന പേരില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതും കോണ്‍ഗ്രസിനെതിരെ പുകയുന്ന അസ്വസ്ഥകളുടെ പ്രതിഫലനമായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തമാക്കിയ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നിലപാടാണ് കഴിഞ്ഞദിവസം സംസ്ഥാന വിജിലന്‍സ് അഭിഭാഷകന്‍ പ്രത്യേക കോടതിയില്‍ സ്വീകരിച്ചത്. സംസ്ഥാന വിജിലന്‍സ് തീരുമാനം കേരള കോണ്‍ഗ്രസിന് അല്‍പ്പം ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ടെങ്കിലും പരാതിക്കാര്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ പുന:പരിശോധന ആകാമെന്ന കോടതി നീരിക്ഷണം കെ എം മാണിയെ ആശങ്കപ്പെടുത്തുന്നു. യു ഡി എഫ് സര്‍ക്കാറിന്റെ കണ്ണിലെ കരടായിരുന്ന ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി ഇടതുസര്‍ക്കാര്‍ നിയമിച്ചതോടെ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തെ പല വിവാദങ്ങളായ കേസുകളിലും പുനരന്വേഷണം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് യു ഡി എഫ് നേതാക്കള്‍. കെ എം മാണിയെയും കേരള കോണ്‍ഗ്രസിനെയും ഏറെ പ്രതിരോധത്തിലാക്കിയ ബാര്‍ കോഴക്കേസിലും പുനരന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ സാധ്യതകള്‍ തേടുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കോണ്‍ഗ്രസിനെ പഴിചാരി കേസില്‍ മുഖം രക്ഷിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളാകും ഞായറാഴ്ചത്തെ യോഗത്തില്‍ ഉരുത്തിരിയുക. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ സി എഫ് തോമസ് അധ്യക്ഷനായ പാര്‍ട്ടി ഉപസമിതി റിപ്പോര്‍ട്ട് വീണ്ടും പൊടിതട്ടിയെടുക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ് ഇടതുപക്ഷവുമായി അടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നപ്പോഴാണ് ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ടതെന്ന കെ എം മാണിയുടെ സമീപകാലത്തെ വെളിപ്പെടുത്തലും ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള ഒളിയമ്പാണ്.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് പോകുമ്പോഴും കാര്യമായ വിവാദങ്ങളിലൊന്നും പക്ഷം ചേരാന്‍ പി ജെ ജോസഫ് വിഭാഗം തയ്യാറാകുന്നില്ല.
ജോസഫ് വിഭാഗത്തിന്റെ മൗനം കോണ്‍ഗ്രസിനെതിരെ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും കേരള കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷത്തെ പിന്നാക്കം പോകാന്‍ നിബന്ധിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ വലിയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസാകട്ടെ തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തരല്ല. കെ പി സി സി പ്രസിഡന്റിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായ കരുനീക്കങ്ങള്‍ നടത്തിവരുമ്പോള്‍ യു ഡി എഫില്‍ ഘടകകക്ഷികള്‍ ഓരോരുത്തരായി കോണ്‍ഗ്രസിനെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രതിസന്ധി അതിജീവിക്കാന്‍ ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഘടകകക്ഷികളുടെ ആവലാതികള്‍ കണ്ടില്ലെന്ന ഭാവത്തില്‍ പോകുന്നു. തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷവുമായി ഭരണത്തിലേറിയ ഇടതുമുന്നണിയിലേക്ക് തല്‍ക്കാലം യു ഡി എഫില്‍ നിന്ന് പുതിയ കക്ഷികളെ ക്ഷണിക്കേണ്ടെന്നാണ് സി പി എം നിലപാട്. എന്നാല്‍ യു ഡി എഫിനെ അസ്ഥിരപ്പെടുത്താന്‍ അനുകൂലമായി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും എല്‍ ഡി എഫില്‍ പൊതുധാരണയുണ്ടെന്നാണ് വിവരം.