Health
ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഇനി മരുന്നില്ല
കണ്ണൂര്‍: സംസ്ഥാനത്ത് ലഹരിക്കായി മരുന്നുപയോഗം വ്യാപകമാക്കിയതിന്റെ പശ്ചാതലത്തില്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍രുതെന്ന് ആരോഗ്യവകുപ്പ് മെഡിക്കല്‍ സ്റ്റോറുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പ്രധാനമായും 12 ഓളം മരുന്നുകള്‍ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് എല്ലാ മരുന്നു വിതരണ കേന്ദ്രങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയത്. മരുന്നുകള്‍ ലഹരിക്കായി നിയമവിരുദ്ധമായി വില്‍പ്പന നടത്തുന്നത് തടയാന്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആരോഗ്യവകുപ്പും നിരീക്ഷണം ശക്തമാക്കും. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പുമായി ചേര്‍ന്ന് ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക് ആക്ട് പ്രകാരം നിയോഗിക്കപ്പെട്ട ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ അവരവരുടെ അധികാര പരിധിയില്‍ വരുന്ന മെഡിക്കല്‍ഷോപ്പുകളില്‍ നിരന്തരമായി പരിശോധന നടത്തി മരുന്നുകളുടെ ദുരുപയോഗമോ അമിത വില്‍പ്പനയോ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് 12 മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി.
ബ്യൂപ്രിനോര്‍ഫിന്‍, ഫിനാര്‍ഗന്‍, പെത്തഡിന്‍, മോര്‍ഫിന്‍ നൈട്രോസെപാം,ഡൈക്ലോഫിനാക്, ഫെനാമിന്‍, പ്രൊമിത്തേസിന്‍, പെന്റാസോസൈന്‍, മോര്‍ഫെറിഡിന്‍, ഡൈസഫാം തുടങ്ങിയ മരുന്നുകളാണ് പ്രധാനമായും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇതു കൂടാതെ വേദനാസംഹാരികളിടക്കമുള്ള മറ്റു ചില മരുന്നുകളും ദുരുപയോഗിക്കുന്നതായി എക്‌സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്നുകളേക്കാള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നതും ഒറ്റനോട്ടത്തില്‍ സാധാരണ അസുഖത്തിനുള്ള മരുന്നാണെന്ന് തോന്നിപ്പിക്കുമെന്നതുമാണ് ഇത്തരം മരുന്നുകളുടെ ഉപയോഗം വ്യാപകമാകാന്‍ കാരണമായത്. ഉത്കണ്ഠ, മനസ്സംഘര്‍ഷം, ഉറക്കക്കുറവ് എന്നിവക്ക് നിര്‍ദേശിക്കുന്ന മരുന്നുകളും ഇത്തരത്തില്‍ വിറ്റഴിക്കപ്പെടുന്നുണ്ടത്രെ. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയാണ് ഇത്തരം മരുന്നുകളുടെ പ്രാധാന ധര്‍മം.
ലഹരിക്കായി ചില മരുന്നുകള്‍ അമിതഡോസിലും മറ്റുമരുന്നുകള്‍ക്കൊപ്പവും ഉപയോഗിക്കുന്നുണ്ടെന്നും അതുതടയാന്‍ ജാഗ്രത വേണമെന്നുമറിയിച്ച് നേരത്തെ ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ സ്‌റ്റോറുകളിലും മറ്റ് മരുന്നുവിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്താനും നിശ്ചിതയോഗ്യതയുള്ള രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകളാണ് മരുന്നുവിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്താനും നടപടിയുണ്ടാകണമെന്നും അന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. മരുന്നില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ഏതൊക്കെയെന്ന് യോഗ്യതയുള്ള ഫാര്‍മസിസ്റ്റിന് തിരിച്ചറിയാന്‍ കഴിയുന്നതിനാല്‍ ദുരുപയോഗം തടയാനാവുമെന്നാണ് ഫാര്‍മസി കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ കാര്യമായ പരിശോധനകളില്‍ ഇക്കാര്യത്തില്‍ പലയിടങ്ങളിലും നടന്നില്ല.മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നത് അടുത്ത കാലത്തായി കൂടി വന്നുവെന്ന് ഇതു സംബന്ധിച്ച പരിശോധനകളില്‍ വ്യക്തമായതോടെയാണ് കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശം എക്‌സൈസ് വകുപ്പ് പുറപ്പെടുവിച്ചത്.
ക്യാന്‍സര്‍ രോഗത്തിനടക്കമുളള മരുന്നുകള്‍ ലഹരിക്കായി വാങ്ങി ഉപയോഗിച്ച മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പയ്യന്നൂരില്‍ പിടികൂടിയിരുന്നു. മരുന്നുകടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എക്‌സൈസ് സംഘം വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ഗുളികകള്‍ വാങ്ങി പൊടിച്ച് ശീതളപാനീയങ്ങളില്‍ കലര്‍ത്തി ഉപയോഗിക്കാറായിരുന്നു കുട്ടികളുടെ പതിവ്. മൂന്ന് ഇരട്ടിയിലധികം രൂപയാണ് ഇത്തരം മരുന്നുകളുടെ വില്‍പ്പനക്ക് ഈടാക്കിയിരുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പരിശോധനകള്‍ കുറേക്കൂടി ശക്തമാക്കണമെന്ന നിര്‍ദേശമുയര്‍ന്നത്. ഫാര്‍മസി ചട്ടം അനുസരിച്ച് രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റ് അല്ലാതെയുള്ളവര്‍ മരുന്ന് തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും ആറുമാസം വരെ തടവോ ഒരുലക്ഷം വരെ പിഴയോ ഇതു രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.