Kerala
വെള്ളാപ്പള്ളി നടേശനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
കായംകുളം: മൈക്രോഫിനാന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കായംകുളം പൊലീസാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. വിജിലന്‍സ് കേസിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. അംഗങ്ങള്‍ നല്‍കിയ പണം ബാങ്കിലടച്ചില്ലെന്ന പരാതിയിലാണ് കേസ്. മൂന്ന് എസ്.എന്‍.ഡി.പി ശാഖാ യൂണിറ്റുകളാണ് പരാതി നല്‍കിയത്.
ശാഖാ യൂണിയനുകളിലാണ് അംഗങ്ങള്‍ പണം തിരികെ അടയ്ക്കുന്നത്. എന്നാല്‍ ഈ വായ്പാ തുക യൂണിയന്റെ ഭാഗത്തുനിന്ന് ബാങ്കിലേക്ക് എത്തിയിരുന്നില്ല. ബാങ്കുകളില്‍ നിന്നും പല വ്യക്തികള്‍ക്കും ജപ്തി നോട്ടീസ് ലഭിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കായംകുളം യൂണിയന്‍ ഓഫീസ് ഉപരോധിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പൊലീസിന് പരാതി നല്‍കിയത്.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എസ്.എന്‍.ഡി.പി കായംകുളം യൂണിയന്‍ പ്രസിഡന്റ് വേലന്‍ചിറ സുകുമാരനാണ് രണ്ടാം പ്രതി. സെക്രട്ടറി പ്രദീപ് ലാല്‍, അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി നേരത്തെ വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് പുതിയ പൊലീസ് കേസ്.