Eranakulam
ഹജ്ജ്: എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിലനിര്‍ത്തും- മന്ത്രി ജലീല്‍
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മികച്ച സംവിധാനങ്ങളാണ് ഉള്ളതെങ്കിലും ഹജ്ജ് യാത്രക്കാരുടെ പൊതുസൗകര്യാര്‍ഥം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ നിലനിര്‍ത്തുമെന്ന് ഹജ്ജ്കാര്യ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വിമാന അറ്റകുറ്റപണി കേന്ദ്രത്തില്‍ താത്കാലികമായി ഒരുക്കുന്ന ഹജ്ജ് ക്യാമ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ മേഖലയില്‍ നിന്നാണ് ഹജ്ജ്‌നിര്‍വഹിക്കുന്നതിനായി കൂടുതല്‍ പേരുള്ളത്. അതുകൊണ്ട് കരിപ്പൂരില്‍ നിന്ന് തന്നെ ഹജ്ജ് യാത്ര നടത്തുന്നതാണ് എളുപ്പം. കരിപ്പൂരിനു പുറമെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നു കൂടി ഹജ്ജ് സര്‍വ്വീസ് ആരംഭിക്കണമെന്ന നിര്‍ദ്ദേശം അപ്രായോഗികമാണ്.
രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ ഒന്നാണ് കേരളത്തിലേത്. കേരളം പോലെ ഭൂമിശാസ്ത്രപരമായി വിസ്തൃതി കുറഞ്ഞ സംസ്ഥാനത്ത് നിന്നും ഒന്നില്‍ കൂടുതല്‍ എംബാര്‍ക്കേഷന്‍ പോയിന്റിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുമതി നല്‍കാനിടയില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജംബോ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ തടസ്സം നേരിട്ടത് മൂലമാണ് എംബാര്‍ക്കേഷന്‍ താത്കാലികമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റേണ്ടി വന്നത്. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ആരേയും അടിച്ചിറക്കില്ലെന്നും ജനങ്ങള്‍ക്ക് തൃപ്തികരമായ പുനരധിവാസ പാക്കേജ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ കൊച്ചി അന്താരാഷ്ട വിമാന താവളത്തിനു സമീപം ഹജ്ജ് ഹൗസ് നിര്‍മ്മിക്കുന്നത് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നും, എന്നാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടുന്ന ഉംറ തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ ഒരു കേന്ദ്രം തുടങ്ങുന്ന കാര്യം കൊച്ചി അന്താരാഷ്ട വിമാനത്താവള കമ്പനിയുമായി ആലോചിച്ച് തീരുമാനിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം തീര്‍ഥാടകര്‍ ഈ വര്‍ഷം ഹജ്ജിന് പുറപ്പെടാന്‍ ക്യാമ്പില്‍ എത്തുന്നത് കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി മന്ത്രി പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, അന്‍വര്‍ സാദത്ത് എം എല്‍ എ, വി കെ ഇബ്‌റാഹിം കുഞ്ഞ് എം എല്‍ എ, സിയാല്‍ എക്‌സി. ഡയറക്ടര്‍ എ.എം ഷബീര്‍, ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഇ സി മുഹമ്മദ്, മാസ്റ്റര്‍ ട്രെയിനര്‍ എന്‍.പി.ഷാജഹാന്‍, ജില്ലാ ട്രെയിനര്‍ അഷ്‌കര്‍ , കേരള മുസ്‌ലിം ജമാത്ത് ജില്ലാ സെക്രട്ടറി ഹൈദ്രോസ് ഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം ജമാല്‍, എന്‍ എ മുഹമ്മദ് കുട്ടി, തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.