Articles
യു പിയില്‍ വിയര്‍ക്കുന്ന ബി ജെ പി
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ തന്ത്രപരമായ നീക്കങ്ങള്‍ ഏറ്റവും വലിയ വിജയം കൊയ്ത സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. അമിത് ഷായുടെ നേതൃത്വത്തില്‍ നടത്തിയ ബഹുമുഖ കരുനീക്കങ്ങള്‍ ലക്ഷ്യം കണ്ടപ്പോള്‍ 80 സീറ്റില്‍ 73ഉം ബി ജെ പി സഖ്യത്തിന്റെ പെട്ടിയില്‍ വീണു. വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങളായിരുന്നു പ്രധാന തുറുപ്പ് ചീട്ട്. ബി എസ് പിയിലേക്കും എസ് പിയിലേക്കും പോകുമായിരുന്ന ദളിത്, പിന്നാക്ക വോട്ടുകളെ ഹൈന്ദവ കാര്‍ഡിന്റെ ബലത്തില്‍ ബി ജെ പി സമാഹരച്ചപ്പോഴാണ് ഈ നേട്ടം കരഗതമായത്. പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ കരുക്കള്‍ കൊണ്ട് എതിരാളികളെ വെട്ടിവീഴ്ത്താമെന്ന കണക്കു കൂട്ടലിലാണ് അമിത് ഷായും സംഘവും. എന്നാല്‍ അങ്കത്തട്ടുണരാന്‍ നേരമടുക്കുന്തോറും ബി ജെ പിയുടെ ശൗര്യം യു പിയില്‍ പണ്ടേ പോലെ ഫലിക്കില്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പശു രാഷ്ട്രീയം തിരിഞ്ഞു കുത്തുകയാണ്. ദളിത് വിഭാഗങ്ങള്‍ തങ്ങളുടെ സ്വത്വം തിരിച്ചറിയുന്നതിന്റെ നാന്ദി ഗുജറാത്തില്‍ നിന്ന് തന്നെയായത് ചരിത്രത്തിന്റെ കാവ്യനീതി. ജീവനുള്ള പശുവായിരുന്നു ബി ജെ പിയുടെ സംഹാരായുധമെങ്കില്‍ അവരുടെ രാഷ്ട്രീയ അതിമോഹങ്ങള്‍ക്ക് വിലങ്ങ് തടിയാകാന്‍ പോകുന്നത് ചത്ത പശുവാണ്. ഗുജറാത്തില്‍ ചത്ത പശുവിന്റെ തോലുരിഞ്ഞ ദളിതുകളെ കൊന്ന് തള്ളിയത് പശു സംരക്ഷണത്തിന്റെ പേര് പറഞ്ഞാണ്. അത് തങ്ങളില്‍ പെടാത്ത ഏതോ ഒരു സംഘം ചെയ്ത കാടത്തമെന്ന് പറഞ്ഞ് കൈയൊഴിയാന്‍ ബി ജെ പിക്ക് സാധിക്കില്ല. പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റായി ദളിതര്‍ വരികയാണ്. തിരിച്ചറിവിന്റെ കരുത്തുണ്ട്, യുവ തലമുറ നേതൃത്വം നല്‍കുന്ന ഈ സംഘത്തിന്. ഒരര്‍ഥത്തില്‍ രോഹിത് വെമുല കൊളുത്തി വിട്ട തീ തന്നെയാണ് ഇത്. ഇതിന് മുമ്പ് നടന്ന ദളിത് ആക്രമണങ്ങളെപ്പോലെയല്ല ഇപ്പോഴത്തേത്. കൃത്യമായ രാഷ്ട്രീയ പ്രഹരമേല്‍പ്പിക്കാന്‍ പര്യാപ്തമാണ് ഈ ദളിത് മുന്നേറ്റം. തീര്‍ച്ചയായും ഇതിന്റെ അനുരണനങ്ങള്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടാകും. ദളിത്, മുന്നാക്ക, ഹൈന്ദവ മഹാസഖ്യത്തിനായി ആളും അര്‍ഥവും ഇറക്കി കളിക്കുന്ന സംഘ്പരിവാരങ്ങളുടെ ശ്രമങ്ങളെയാകെ ഈ മുന്നേറ്റം ശിഥിലമാക്കും.
ബി എസ് പി അധ്യക്ഷ മായാവതിക്കെതിരെ ബി ജെ പി നേതാവ് നടത്തിയ ക്രൂരമായ പരിഹാസം സംഘ് രാഷ്ട്രീയത്തിന് പുതിയ പുലിവാലായിരിക്കുകയാണ്. നിരുപാധികം മാപ്പ് പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്താകെ അലയടിക്കുന്ന ദളിത് വികാരത്തിന്റെ പശ്ചാത്തലത്തില്‍ ഈയൊരു പരാമര്‍ശവും ശക്തമായ ആയുധമായി പരിണമിച്ചിരിക്കുന്നു. ബി ജെ പിയും കോണ്‍ഗ്രസും എസ് പിയുമെല്ലാം അംബേദ്കര്‍ സ്‌നേഹത്തിന്റെ അമിതാഭിനയങ്ങള്‍ നടത്തി ദളിത് വോട്ടുകള്‍ ആകര്‍ഷിക്കാന്‍ നോക്കുമ്പോഴാണ് ബി എസ് പിക്ക് സുവര്‍ണാവസരം കൈവന്നിരിക്കുന്നത്. ദളിത് വോട്ടുകള്‍ തന്റെ ഫിക്‌സഡ് ഡെപ്പോസിറ്റാണെന്ന് നിനച്ച് ബ്രാഹ്മണ വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന പതിവ് ഏര്‍പ്പാട് ഉപേക്ഷിച്ച് ഇപ്പോഴത്തെ ദളിത് സെന്റമെന്റ്‌സിന്റെ ചാമ്പ്യനായി മാറാന്‍ മായാവതിക്ക് സാധിച്ചാല്‍ യു പിയില്‍ അവര്‍ വന്‍ തിരിച്ചുവരവ് നടത്തും. വോട്ടുകളെ ജാതി തിരിക്കുന്നത് ജനാധിപത്യപരമല്ലായിരിക്കാം. പക്ഷേ ഇന്ത്യയില്‍ ജാതി ഒരു യാഥാര്‍ഥ്യമായതിനാല്‍ ജാതി രാഷ്ട്രീയവും (ഒഴിച്ചു കൂടാനാകാത്ത തിന്‍മയാണല്ലോ.)
രണ്ട് സംഘങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും പ്രകോപനങ്ങളും അതു വഴി കലാപങ്ങളും സൃഷ്ടിക്കാന്‍ ഒരു സംഘം. ഉത്തര്‍പ്രദേശില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഈ സംഘം ഫലപ്രദമായി പ്രവര്‍ത്തിച്ചു. ഹൈന്ദവ ചിഹ്നങ്ങള്‍വ്യാപകമായി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു. ബുദ്ധിപൂര്‍വമായ സഖ്യങ്ങളും രൂപവത്കരിച്ചു. അവയില്‍ മിക്കതും പിന്നാക്ക ജാതികളെ കൂട്ടു പിടിച്ചായിരുന്നു. വികസന നായകനായി നരേന്ദ്ര മോദിയെ അവതരിപ്പിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരായിരുന്നു രണ്ടാം സംഘം. മുഖ്യധാരാ മാധ്യമങ്ങള്‍, വന്‍ കോര്‍പ്പറേറ്റുകള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരെല്ലാം ഈ സംഘത്തിലുണ്ടായിരുന്നു. യു പിയില്‍ ഈ രണ്ട് വിജയഘടകങ്ങളും മങ്ങിയിരിക്കുന്നുവെന്നതാണ് സത്യം. വിശാല ഹിന്ദു ഐക്യപ്പെടലിന്റെ പൊള്ളത്തരം ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ ഇത്തവണ തിരിച്ചറിയുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കുത്തനെ ഇടിയുകയും ചെയ്തിരിക്കുന്നു. ബീഹാറിലടക്കം അദ്ദേഹം പ്രാചരണത്തിനിറങ്ങിയിടത്തെല്ലാം ബി ജെ പിക്ക് തിരിച്ചടിയാണുണ്ടായത്.
ഇവിടെയാണ് ദളിത് രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രസക്തമാകുന്നത്. മായാവതിയെ അപമാനിക്കുകയെന്നാല്‍ ദളിതരെ അപമാനിക്കുകയാണെന്ന പ്രചാരണത്തിന് ബി എസ് പി തുടക്കം കുറിച്ച് കഴിഞ്ഞു. ബി ജെ പി ഉത്തര്‍ പ്രദേശ് ഉപാധ്യക്ഷന്‍ ദയാ ശങ്കര്‍ സിംഗിന്റെ പ്രസ്താവനയുടെ അപകടം പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടനടി അദ്ദേഹത്തിനെതിരെ നടപടിയെടുത്തത് ഇതിന്റെ തളിവാണ്. പക്ഷേ മൊത്തം സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നടപടിയും ക്ഷമാപണവുമൊന്നും ബി ജെ പിയെ രക്ഷിക്കാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്. ദയാ ശങ്കര്‍ പറഞ്ഞതിതാണ്: “വേശ്യകള്‍ അവരുടെ തൊഴില്‍പരമായ മാന്യത കാണിക്കും. ഒരു സമയത്ത് ഒരു ഇടപാടുകാരെ മാത്രമേ തൃപ്തിപ്പെടുത്തൂ. മായാവതി വേശ്യയേക്കാളും കഷ്ടമാണ്. അവര്‍ സ്ഥാനാര്‍ഥിത്വത്തിനായി ഒരാളില്‍ നിന്ന് പണം വാങ്ങും. കൂടുതല്‍ കിട്ടിയാല്‍ മറ്റൊരാള്‍ക്ക് ടിക്കറ്റ് നല്‍കും”. ഈ വേശ്യാ പ്രയോഗം യു പിയില്‍ ഈയിടെ ബി ജെ പിയും ആര്‍ എസ് എസും നടത്തിയ ഒരു കൂട്ടം ദളിത് അനുകൂല പരിപാടികളെ ഒന്നടങ്കം അപ്രസക്തമാക്കിക്കളഞ്ഞിരിക്കുന്നു. നിരുത്തരവാദപരമായ പരാമര്‍ശങ്ങളുടെ സംഹാരത ഇപ്പോഴാണ് ബി ജെ പിക്ക് മനസ്സിലായത്. സാധ്വി പ്രാച്ചിയും സാക്ഷി മഹാരാജുമൊക്കെ ന്യൂനപക്ഷ വിരുദ്ധ ആക്രോശങ്ങള്‍ നടത്തുമ്പോള്‍ ഒരിക്കല്‍ പോലും തിരുത്താനോ നിയന്ത്രിക്കാനോ മെനക്കെടാത്തവരാണ് ബി ജെ പി നേതൃത്വം. ഹിന്ദുത്വ വികാരം കത്തിച്ച് നിര്‍ത്താന്‍ ഈ പ്രകോപനപരമായ പരാമര്‍ശങ്ങളെ ഉപയോഗിക്കുകയാണ് ബി ജെ പി ചെയ്തത്. മുസ്‌ലിംകള്‍ എന്തായാലും ബി ജെ പിക്ക് വോട്ട് ചെയ്യില്ല. പ്രാച്ചിമാരുടെ വാക്കുകള്‍ ദളിതുകളടക്കമുള്ളവരെ “ഹിന്ദു”ക്കളാക്കി മാറ്റുമെങ്കില്‍ നടക്കട്ടെയെന്നതായിരുന്നു നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
അംബേദ്കര്‍ ജയന്തിയാചരണത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്‌നോയില്‍ എത്തിയത് മുതല്‍ ഏറ്റവും ഒടുവില്‍ കേന്ദ്ര മന്ത്രിസഭാ വികസനം വരെയുള്ള പ്രീണന പരമ്പരകളാണ് യു പിയില്‍ ദളിതരെ ലക്ഷ്യമിട്ട് നടന്നത്. രണ്ട് പ്രമുഖ ദളിത് സന്യാസിമാരായ ഗുരു സന്ത് രവിസാനിന്റെയും ഗാഡ്‌ജേ ബാബയുടെയും ജയന്തികള്‍ യു പിയിലെ മുഴുവന്‍ ജില്ലകളിലും ആര്‍ഭാടപൂര്‍വം ആചരിച്ചു. ചരിത്രത്തെ വളച്ചൊടിച്ച് ദളിത് ഭരണാധികാരികളെ ഹിന്ദുത്വ നായകരായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നു. മധ്യകാല രാജാവ് സുഹല്‍ദേവിന്റെ ജന്‍മവാര്‍ഷികം കൊണ്ടാടാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. യു പിയിലെ രണ്ടാമത്തെ ദളിത് ഉപജാതിയായ പാസികളില്‍ പെട്ട ഭരണാധികാരിയാണ് സുഹല്‍ദേവ്. ദളിത് സന്യാസിമാര്‍ക്കൊപ്പം ഉജ്ജയിനിലെ നദിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുങ്ങിക്കുളിച്ചു. ദളിതരുടെ കുടിലുകളിലെത്തി സദ്യയുണ്ടു. ഉത്തര്‍പ്രദേശിലെ ദളിത് മേഖലകളില്‍ സമരസ്ത അഭിയാന്‍ എന്ന ദളിത് ശാക്തീകരണ പദ്ധതിയുമായി ആര്‍ എസ് എസും രംഗത്തുണ്ട്. അടുത്തിടെ നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ഏഴ് ദളിത് മന്ത്രിമാരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
കേന്ദ്ര സര്‍ക്കാറിന്റ ആത്മവിശ്വാസത്തില്‍ ബി ജെ പി ആവിഷ്‌കരിക്കുന്ന പ്രചണ്ഡ തന്ത്രങ്ങള്‍ക്കും പലപ്പോഴായി സ്വീകരിച്ച അവസരവാദ സമീപനങ്ങള്‍ക്കുമിടയില്‍ മൃതപ്രായമായി നില്‍ക്കുകയായിരുന്ന മായാവതിയുടെ ബി എസ് പിക്ക് പ്രാണ വായു നല്‍കുകയാണ് ദയാ ശങ്കര്‍ ചെയ്തത്. അദ്ദേഹത്തെ ബി ജെ പി പുറത്താക്കിയിട്ടും അടങ്ങാന്‍ ഭാവമില്ല, ബി എസ് പിക്ക്. ദയാ ശങ്കര്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാണ് അവരുടെ പുതിയ ആവശ്യം. ഈ ആവശ്യത്തോടൊപ്പം നില്‍ക്കുകയല്ലാതെ ഭരണകക്ഷിയായ എസ് പിക്കും പ്രതിപക്ഷ നിരയിലെ കോണ്‍ഗ്രസിനും വേറെ വഴിയില്ല. ദയാ ശങ്കറിന്റെ അധികപ്രസംഗത്തിന് മാരകമായ സ്ത്രീ വിരുദ്ധതയുടെ തലവുമുണ്ടല്ലോ. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ സംവരണവിരുദ്ധ പ്രസ്താവന ബീഹാര്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരമൊരു ആയുധമാണ് ബി ജെ പിവിരുദ്ധ പക്ഷത്തിന് നല്‍കിയിരുന്നത്. പുറത്താക്കപ്പെട്ട ദയാശങ്കറിന്റെ മകളെ ജനമധ്യത്തില്‍ കൊണ്ടു വരണമെന്ന ബി എസ് പി നേതാവ് നിസാമുദ്ദീന്‍ സിദ്ദീഖിയുടെ ആക്രോശം പിടിവള്ളിയായി ഉപയോഗിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ട്. മായാവതി നടത്തിയ പ്രതികരണങ്ങളും അതിരുവിട്ടതായിരുന്നു. എന്നാല്‍ ഇവക്കെതിരെ ശക്തമായി രംഗത്തു വരുമ്പോഴും നഷ്ടം ബി ജെ പിക്ക് തന്നെയാണ്. ദളിത് ഐക്യപ്പെടലിന്റെ സാധ്യത അപ്പോഴും ഇല്ലാതാകുന്നില്ല.
യു പിയില്‍ പൊടുന്നനെ പൊട്ടി വീണ ദയാ ശങ്കര്‍ വിവാദം മാത്രമല്ല ബി ജെ പിയെ കുഴക്കുന്നത്. ആരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന ചോദ്യം നേരിടാനും അവര്‍ക്ക് സാധിക്കുന്നില്ല. ബ്രാഹ്മണ വോട്ടുകള്‍ ലക്ഷ്യമിട്ട് ഷീലാ ദീക്ഷിതിനെ ഇറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു. എസ് പിയെ അഖിലേഷ് തന്നെ നയിക്കും. ദളിത് നേതാവായി മായാവതിയുണ്ട്. ഇനി ബി ജെ പി മുന്നോട്ട് വെക്കുന്നത് ഏത് വിഭാഗത്തില്‍ നിന്നുള്ളയാളാണെങ്കിലും മറു വിഭാഗങ്ങളെ പിണക്കലാകുമത്. യാദവേതര പിന്നാക്ക വിഭാഗങ്ങളെ കൂടെക്കിട്ടുകയും വേണം; മുന്നോക്കക്കാരെ വിട്ട് കളിക്കാനും വയ്യാത്ത സ്ഥിതിയിലാണ് ബി ജെ പി. അത്‌കൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയേ വേണ്ട എന്നാണ് ഒടുവിലെത്തിയ ധാരണ. മൗര്യ വിഭാഗത്തിലെ കേശവ് പ്രസാദ് മൗര്യയെ സംസ്ഥാന പ്രസിഡന്റാക്കിയത് യാദവേതര ഒ ബി സി വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകളാല്‍ കുപ്രസിദ്ധനായ അദ്ദേഹം ഒരു ഡസന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
യഥാര്‍ഥത്തില്‍ ഗുജറാത്തിലും യു പിയിലും നടക്കുന്ന ദളിത് പ്രക്ഷോഭങ്ങള്‍ ബി ജെ പിയുടെ ജനിതക സവിശേഷതയെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. ലക്ഷണമൊത്ത സവര്‍ണ പാര്‍ട്ടിയാണ് ബി ജെ പി. ഇടക്കൊക്കെ അവരുടെ കുതന്ത്രങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ കുടുങ്ങിപ്പോകുകയാണ് ചെയ്യുന്നത്. ഗുജറാത്ത് വംശഹത്യയില്‍ അതാണല്ലോ സംഭവിച്ചത്. ഗുജറാത്തിലെ ദളിതന്റെ ജീവിതം എക്കാലത്തും നരകതുല്യം തന്നെയായിരുന്നു. അവന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് ബി ജെ പിയുടെയോ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയോ അജന്‍ഡയിലേ ഇല്ലായിരുന്നു. ദളിതര്‍ അങ്ങേയറ്റത്തെ അന്യവത്കരണത്തിലായിരുന്നു. ഇവിടെയാണ് വര്‍ഗീയ പ്രചാരണം വിജയം കണ്ടത്. “നിങ്ങള്‍ നോക്കൂ. മുസ്‌ലിംകളെ, അവര്‍ സമ്പന്നരാണ്. അവര്‍ നല്ല വസ്ത്രം ധരിക്കുന്നു. കുട്ടികളെ പഠിപ്പിക്കുന്നു. ഹജ്ജിന് പോകുന്നു. നിങ്ങള്‍ക്ക് ലഭിക്കേണ്ടത് തട്ടിയെടുക്കുന്നത് അവരാണ്. അതിനാല്‍ അവരെ ഉന്‍മൂലനം ചെയ്യുക”. നരേന്ദ്ര മോദി പിന്നാക്ക ജാതിയില്‍ നിന്നുള്ളയാളായത് കൊണ്ട് ഈ പ്രചാരണം എളുപ്പമായി. മുഖ്യമന്ത്രിക്ക് ഈ നിലകൈവന്നത് സംഘ് രാഷ്ട്രീയത്തിലൂടെയാണെന്ന് ആണയിട്ടുറപ്പിക്കാന്‍ സാധിച്ചു. വംശഹത്യ ആസൂത്രണം ചെയ്തത് സവര്‍ണരായിരുന്നുവെങ്കില്‍ അത് നടപ്പാക്കിയത് ദളിതരായിരുന്നു. കലാപത്തിലെ വിറകായിരുന്നു അവര്‍. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിയിന്നുണ്ട്. മഹാസഖ്യത്തിനൊപ്പം ദളിതര്‍ നിലകൊണ്ട ബിഹാറില്‍ കണ്ടതും പശു രാഷ്ട്രീയം തിരിച്ചടിക്കുന്ന ഗുജറാത്തില്‍ കാണുന്നതും മാസങ്ങള്‍ കഴിഞ്ഞ് പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കുന്ന യു പിയില്‍ കാണാന്‍ പോകുന്നതും ഈ തിരിച്ചറിവിന്റെ അനരുരണനങ്ങള്‍ മാത്രമാണ്. ആത്യന്തികമായി ദളിത് രാഷ്ട്രീയത്തെ പിന്തുണക്കാന്‍ ബി ജെ പിക്ക് സാധിക്കില്ല. ദളിത് ബുദ്ധിജീവിയായ പ്രൊഫസര്‍ കാഞ്ച ഇളയ്യ പറയുന്നു: “സംഘ്പരിവാര്‍ ദിവസവും ഞങ്ങളെ ഹിന്ദുക്കളെന്നു വിളിച്ച് അപമാനിക്കും. വാസ്തവം പറഞ്ഞാല്‍ അവരുടെ ആ കാവിക്കുറി സംസ്‌കാരം കാണുന്നതു തന്നെ ഞങ്ങള്‍ക്കു അപമാനകരമാണ്. ഞങ്ങള്‍ താഴ്ന്ന ശൂദ്രര്‍ അഥവാ ആദിശൂദ്രര്‍ക്ക് ഹിന്ദുയിസം അല്ലെങ്കില്‍ ഹിന്ദുത്വവുമായി എന്തു ബന്ധം? ഹിന്ദു എന്നത് ഒരു വാക്കായോ സംസ്‌കാരമായോ മതമായോ ഞങ്ങളുടെ കുട്ടിക്കാലത്തൊന്നും കേട്ടിട്ടുകൂടിയില്ല”