Articles
മാതൃകയായി നെടുമ്പാശ്ശേരിയുണ്ട്
ഹരിത സമ്പദ്‌വ്യവസ്ഥക്ക് മൂന്ന് അടിത്തറകളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അംഗാര ഉത്സര്‍ജനം(carbon emission) പരമാവധികുറക്കുകയാണ് ഇതില്‍ ഒന്നാമത്തേതെന്ന് ഗവേഷകര്‍ പറയുന്നു. ഇതിനായി നമ്മുടെ വാഹനപ്പെരുപ്പം തടയേണ്ടതായി വരും. പാചകത്തിനടക്കം ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ അളവ് കുറക്കണം. നടന്നുപോകാവുന്ന ദൂരം സഞ്ചരിക്കാന്‍ മോട്ടോര്‍വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നത് ഇവിടെ ചെയ്യാവുന്ന ഒന്നാണെന്നും സൈക്കിളുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടണമെന്നും ഇവര്‍ പറയുന്നു. സാധാരണ ബള്‍ബുകള്‍ക്കു പകരം സി എഫ് വിളക്കുകളോ, എല്‍ ഇ ഡി വിളക്കുകളോ ഉപയോഗിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. വിഭവവിനിയോഗം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് മുന്നോട്ട് വെക്കുന്ന മറ്റൊരു നിര്‍ദേശം. മണ്ണ് വെള്ളം തുടങ്ങിയ പ്രകൃതി വിഭവങ്ങളെ വന്‍തോതില്‍ ധൂര്‍ത്തടിച്ചുകൊണ്ടുള്ള ജീവിതം കുറക്കണമെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇവിടെ ഊര്‍ജോത്പാദനത്തിനായി സ്വീകരിക്കാന്‍ പറയുന്നത് സൗരോര്‍ജത്തെയാണ്.
ഭൂമിയിലേക്കു വരുന്ന സൗരോര്‍ജത്തിന്റെ പകുതി മാത്രമേ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നുള്ളൂവെങ്കിലും ഇതു തന്നെ നമ്മുടെ ഊര്‍ജോത്പാദനത്തിന് എത്രയോ അധികമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.174 പീറ്റാവാട്ട് ഊര്‍ജം സൂര്യനില്‍ നിന്നും ഭൂമിയിയുടെ അന്തരീക്ഷത്തിന്റെ മുകള്‍തട്ടിലെത്തുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏകദേശം 30 ശതമാനത്തോളം തിരിച്ചു പ്രതിഫലിക്കപ്പെടുന്നു. ബാക്കി വരുന്നവ മേഘങ്ങള്‍, സമുദ്രങ്ങള്‍, കരപ്രദേശങ്ങള്‍ എന്നിവയാല്‍ ആഗിരണം ചെയ്യപ്പെടുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഒരു വര്‍ഷം കൊണ്ട് ഭൗമാന്തരീക്ഷം, സമുദ്രങ്ങള്‍, കരകള്‍ എന്നിവ ആഗിരണം ചെയ്യുന്ന മൊത്തം സൗരോര്‍ജം ഏതാണ്ട് 3,850,000 എക്‌സാജൂള്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നിരക്കനുസരിച്ച് ഒരു മണിക്കൂറില്‍ ആഗിരണം ചെയ്യപ്പെടുന്ന ഊര്‍ജം 2002 ല്‍ ലോകം മൊത്തം ഉപയോഗിച്ച ഊര്‍ജത്തിന് തുല്യമാണത്രെ.ഭൂമിയുടെ ഉപരിതലത്തില്‍ എത്തിചേരുന്ന സൗരോര്‍ജത്തിന്റെ അളവ് വളരെ ഭീമമാണ്, അതായത് ഇത്തരത്തില്‍ ഒരു വര്‍ഷത്തില്‍ എത്തിചേരുന്ന ഊര്‍ജം ഭൂമിയിലുള്ള ഇതു വരെ ഉപയോഗിച്ചതും ഉപയോഗിക്കപ്പെടാനിരിക്കന്നുതുമായ പുനരുപയോഗ്യമല്ലാത്ത ഊര്‍ജ സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്നവയുടെ ഇരട്ടി വരുമെന്നും ഇതു സംബന്ധിച്ച ഗവേഷണ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നു.
സൂര്യതാപത്തില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിക്കുന്നതിന്റെ വിജയ കഥകള്‍ ആഗോള തലത്തിലുണ്ട്. ചൈനയും ബ്രിട്ടനും,അമേരിക്കയും ജപ്പാനും, ജര്‍മനിയും ഇറ്റലിയുമെല്ലാം വന്‍ തോതില്‍ സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നുവെന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കല്‍ക്കരിയെക്കാള്‍ കൂടുതല്‍ വൈദ്യുതി ബ്രിട്ടനില്‍ സൗരോര്‍ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. പല ദിവസങ്ങളിലും കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോത്പാദനം പൂജ്യമായിരുന്നു. വൈദ്യുതിവത്കരണം തുടങ്ങിയ 1800കള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. ഫോസില്‍ ഇന്ധനത്തെക്കാള്‍ 50% കൂടുതല്‍ വൈദ്യുതിയാണ് അമേരിക്കയില്‍ സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ചത്. 10 നിലയില്‍ താഴെയുള്ള പുതിയ കെട്ടിടങ്ങളില്‍ സോളാര്‍ പാനലുകള്‍ നിര്‍ബന്ധിതമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമായി സാന്‍ഫ്രാന്‍സിസ്‌കോ ാറിയതും അടുത്ത കാലത്താണ്. കാലിഫോര്‍ണിയയിലെ ഇപ്പോഴുള്ള നിയമമനുസരിച്ച് തന്നെ പുതിയ മേല്‍ക്കൂരകളുടെ 15% വും സോളാര്‍ ആണ്. ഇനി ഈ മേല്‍ക്കൂരകളില്‍ പ്രവര്‍ത്തിക്കുന്ന പാനലുകള്‍ സ്ഥാപിക്കണം. 2009 നാണ് ചൈനയിലെ ആദ്യത്തെ വലിയ സൗരോര്‍ജ നിലയത്തിന്റെ പണി തുടങ്ങിയത്. ആറ് വര്‍ഷത്തിന് ശേഷം ധാരാളം സൂര്യപ്രകാശം കിട്ടുന്ന മരുഭൂമിയുടെ വിസ്തൃതിയിലേക്ക് സോളാര്‍ പാനലുകള്‍ പരന്നു. ചൈനയുടെ മൊത്തം സൌരോര്‍ജ ശേഷി 28,050 മെഗാവാട്ടാണ്. അതില്‍ 10,000 മെഗാവാട്ട് 2014 ല്‍ പുതിയതായി സ്ഥാപിച്ചതാണ്. 200% വര്‍ദ്ധനവായിരുന്നു അത്. 2015 ന്റെ ആദ്യ പാദത്തില്‍ തന്നെ ചൈന 5,000 മെഗാവാട്ടിന്റെ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ചു.പൂര്‍വ സ്ഥിതിയിലേക്ക് പോകാന്‍ കഴിയാത്തവിധമുള്ള കാലാവസ്ഥാ വ്യതിയാനവും പരമ്പരാഗത ഇന്ധനശോഷണവും സംഭവിക്കുമ്പോള്‍ത്തന്നെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ക്കായി, മലിനീകരണവിമുക്തവും പുനരുത്പാദിപ്പിക്കാന്‍ കഴിയുന്നതുമായ ഊര്‍ജത്തിനായി സൂര്യനിലേക്കു തിരിയണമെന്നു തന്നെയാണ് ലോകരാജ്യങ്ങള്‍ ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ ദീര്‍ഘകാല ഊര്‍ജസുരക്ഷ മാത്രമല്ല, ഭൂമിയുടെയാകെ ഭാവി പരിരക്ഷയും ഉറപ്പാക്കുന്ന സൂര്യോര്‍ജം 2022 ആകുമ്പോഴേക്കും രാജ്യത്ത് 100 ജിഗാവാട്ട് ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം ആവിഷ്‌ക്കരിചിട്ടുള്ളത്. സൗരോര്‍ജത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ മൂന്ന് ജിഗാവാട്ട് ആണ് രാജ്യത്തിന്റെ സ്ഥാപിതശേഷി. ഓരോ വര്‍ഷവും 10 ജിഗാവാട്ട് എന്ന തോതില്‍ ഇത് ഉയര്‍ത്തുകയാണ് ലക്ഷ്യം.
കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കുന്ന പാനലുകളിലൂടെ ഉത്പ്പാദിപ്പിക്കുന്ന 40 ജിഗാവാട്ടിനു പുറമെയാണിത്.ഈയൊരു സാഹചര്യത്തിലാണ്‌കേരളവും സൂര്യതാപത്തെ ആശ്രയിക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. ലോകത്തിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന പെരുമ നേടിയ കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ മാതൃക നമുക്ക് മുന്നിലുണ്ട്. വിമാനത്താവളത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ മുഴുവനും നിര്‍വഹിക്കുംവിധം സ്ഥാപിച്ച 12 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് നമ്മുക്കുള്ളപ്പോള്‍ സൂര്യാതപത്തിന്റെ ഗുണഗണങ്ങള്‍ മറ്റാരും പറഞ്ഞു തരേണ്ടതുമില്ല.എന്നിട്ടും ആവശ്യമില്ലാതെ നമ്മള്‍ ആതിരപ്പള്ളി പോലെ വിവാദ പദ്ധതികളിലേക്ക് തിരിയാനായിരുന്നു ആദ്യം ശ്രമിച്ചത്. വൈകിയെങ്കിലും കലര്‍പ്പില്ലാത്ത സേളാറിനായി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നത് പ്രശംസനീയമായ കാര്യം തന്നെയാണെന്നതില്‍ തര്‍ക്കമില്ല.