Connect with us

Kerala

നെടുമ്പാശ്ശേരിയില്‍ ഇത്തവണ ഹാജിമാര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍

Published

|

Last Updated

നെടുമ്പാശ്ശേരി: ഹാജിമാര്‍ക്കായി താത്കാലിക ഹജ്ജ് ക്യാമ്പില്‍ വിപുലമായ സൗകര്യങ്ങള്‍. കൊച്ചി വിമാനത്താവളത്തോട് ചേര്‍ന്നുള്ള വിമാന അറ്റകുറ്റപണി കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത് 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് എയര്‍ക്രാഫ്റ്റ് ഹാംഗറുകളും 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള താത്കാലിക സംവിധാനവുമാണ്. നിസ്‌കരിക്കുന്നതിനും താമസിക്കുന്നതിനും പ്രത്യേക സൗകര്യമുണ്ട്. ഒരേ സമയം 1600 പേര്‍ക്ക് നിസ്‌കരിക്കുന്നതിനുള്ള സംവിധാനമാണുള്ളത്.
ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം എമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ബോര്‍ഡിംഗ് പാസ് ക്യാമ്പില്‍ വെച്ച് നല്‍കും. ഇതിനായി സഊദി എയര്‍ലൈന്‍സ് ഹജ്ജ് ക്യാമ്പില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. ബാഗേജുകളും ക്യാമ്പില്‍ വെച്ച് തന്നെ പരിശോധനകള്‍ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ വിമാനത്തിന്റെ അടുത്ത് എത്തിക്കും. ലഗേജുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഗേജില്‍ പ്രത്യേക സ്റ്റിക്കറുകള്‍ ഒട്ടിക്കും. ഈ വര്‍ഷം 10,100 പേര്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അവസരം ലഭിച്ചത്. 500 പേര്‍ക്ക് കൂടി അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ 6224 പേര്‍ക്കാണ് അവസരം ലഭിച്ചത്. ലക്ഷ്വ ദ്വീപ്, മാഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഹജ്ജിന് പുറപ്പെടുന്നത്.
ആഗസ്റ്റ് 21 ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 22 ന് ഉച്ചക്ക് ഒരു മണിക്ക് 300 തീര്‍ഥാടകരുമായി ആദ്യ വിമാനം പുറപ്പെടും. തദ്ദേശ മന്ത്രി കെ ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്യും. ആഗസ്റ്റ് 23 മുതല്‍ 31 വരെ രണ്ട് വിമാനങ്ങള്‍ വീതവും സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ ഓരോ വിമാനം വീതവും 23 സര്‍വീസുകള്‍ നടത്തും.
ഹാജിമാരുടെ സൗകര്യാര്‍ഥം പൊന്നാനിയില്‍ നിന്നും ഉത്തരകേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എ സി ലോ ഫ്‌ളോര്‍ ബസുകള്‍ ഉള്‍പ്പടെയുള്ള കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തും. കൂടാതെ ട്രെയിന്‍ മാര്‍ഗം എത്തുന്നവരെ സ്വീകരിക്കാന്‍ ആലുവയില്‍ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളവും പരിസരവും മാലിന്യ മുക്തമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘമാണ് രൂപവത്കരിച്ചിട്ടുള്ളത്. മന്ത്രി കെ ടി ജെലില്‍ (മുഖ്യ രക്ഷാധികാരി) വി കെ ഇബ്‌റാഹീം കുഞ്ഞ് എം എല്‍ എ, അന്‍വര്‍ സാദത്ത് എം എല്‍ എ, എസ് ശര്‍മ്മ എം എല്‍ എ (രക്ഷാധികാരിമാര്‍) കോട്ടമല ബാപ്പു മുസ്‌ലിയാര്‍ (ചെയര്‍.) ബി എ അബ്ദുല്‍ മുത്തലിഫ്, ഇല്ലിക്കല്‍ ഷംസു (വൈസ് ചെയര്‍.) ബാബു സേട്ട് (ജന. കണ്‍.) വി എ അബ്ദുല്‍ ഗഫൂര്‍, എന്‍ എം കുഞ്ഞുമുഹമ്മദ് (കണ്‍.) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വാഗത സംഘം.
ഹജ്ജ് യാത്ര സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി 26 ന് വിവിധ വകുപ്പുകളുടെ സംയുക്ത യോഗം വിമാനത്താവളത്തില്‍ നടക്കും. കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന യോഗത്തില്‍ സഊദി എയര്‍ലൈന്‍സ്, കസ്റ്റംസ്, എമിഗ്രേഷന്‍, പോലീസ്, കെ എസ് ആര്‍ ടി സി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി, സി ഐ എസ് എഫ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.