Connect with us

National

ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാരം അവസാനിപ്പിക്കുന്നു

Published

|

Last Updated

ഇംഫാല്‍: മണിപ്പൂരിലെ സമരനായിക ഇറോം ശര്‍മിള 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. അടുത്ത മാസം ഒമ്പതിന് സമരം അവസാനിപ്പിക്കുമെന്ന് ഇറോം അറിയിച്ചു. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

മണിപ്പൂരില്‍ സൈന്യത്തിനു പ്രത്യേക അധികാരം നല്കുന്ന അഫ്‌സ്പയ്‌ക്കെതിരേ കഴിഞ്ഞ 16 വര്‍ഷങ്ങളായി ഈറോം ശര്‍മിള നിരാഹാര സമരം തുടരുകയാണ്. ആത്മഹത്യാശ്രമത്തിന്റെ പേരില്‍ നിരവധി തവണ ഈറോം ശര്‍മ്മിളയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. കേസില്‍ നിന്നെല്ലാം കുറ്റവിമുക്തയായിരുന്നുവെങ്കിലും നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.
സൈന്യത്തിന് പ്രത്യേക അവകാശം നല്‍കുന്ന കരിനിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം പിന്‍വലിക്കാന്‍ തയാറാണെന്നായിരുന്നു ഇറോം ശര്‍മിളയുടെ നിലപാട്. മനുഷ്യാവകാശങ്ങളെ നിസാരമായി ലംഘിക്കാന്‍ സായുധസേനകള്‍ക്ക് അധികാരം നല്‍കുന്ന കരിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ രണ്ടിനാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്.

ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്കെതിരെ അസാം റൈഫിള്‍സ് നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ശര്‍മിള 28ാം വയസ്സില്‍ നിരാഹാരം ആരംഭിച്ചത്. മനസാക്ഷിയുടെ തടവുകാരി എന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ശര്‍മ്മിളയെ വിളിച്ചത്.

Latest