Kerala
സംസ്ഥാന ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 21ന് തുടങ്ങും; ആദ്യ വിമാനം 22ന്
കൊച്ചി/നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ആഗസ്റ്റ് 21ന് നെടുമ്പാശ്ശേരിയില്‍ തുടക്കമാകും. വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ജിദ്ദയിലേക്കുള്ള ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ്. ഹജ്ജ് വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ ഫ്‌ളാഗ് ഓഫ് നിർവഹിക്കും.
സെപ്തംബർ അഞ്ചിന് വൈകിട്ട് 5.30നാണ് അവസാന സർവീസ്. ഇതിനിടയിൽ 24 സർവീസുകളാണ് ആകെയുണ്ടാകുക. ഓഗസ്റ്റ് 23 മുതൽ 31 വരെ ദിവസവും രണ്ട് സർവീസുകൾ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്തംബർ ഒന്നു മുതൽ അഞ്ചു വരെ ദിവസവും ഓരോ സർവീസും. സെപ്തംബർ 29ന് തീർത്ഥാടകരുടെ മടക്കയാത്ര ആരംഭിക്കും. മദീനയിൽ നിന്നുള്ള ആദ്യ വിമാനം 29ന് ഉച്ചയ്ക്ക് 3.45ന് നെടുമ്പാശ്ശേരിയിലെത്തും. അവസാന വിമാനം എത്തുന്നത് ഒക്‌ടോബർ 14ന് രാവിലെ 10.45നും
സൗദി എയർലൈൻസിനാണ് ഹജ്ജ് സർവീസിന്റെ ചുമതല. 10,500 പേരാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിക്കുന്നതിനായി പോകുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ കിഴക്കുഭാഗത്ത് എയർ ക്രാഫ്റ്റ്‌സ് മെയിന്റൻസ് ഹാംഗറിലാണ് തീർത്ഥാടകർക്കുള്ള ക്യാമ്പ്.
ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച നെടുമ്പാശ്ശേരിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എംജി രാജമാണിക്യം അധ്യക്ഷത വഹിച്ചു. ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ വിവിധ വകുപ്പുകളിൽ നിന്നും നോഡൽ ഓഫീസർമാരെയും അസി. നോഡൽ ഓഫീസർമാരെയും നിയമിക്കാൻ യോഗത്തിൽ തീരുമാനമായി. സിഐഎസ്എഫിനാണ് ക്യാമ്പിന്റെ സുരക്ഷാച്ചുമതല. സംസ്ഥാന പോലീസും സഹായം നൽകും. കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ബി.എസ്.എൻ.എൽ ഒരുക്കും. ജില്ല മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യമടക്കം ഡോക്ടർമാരുടെ സംഘവും ക്യാമ്പിലുണ്ടാകും.