Connect with us

International

ഇരട്ട സ്‌ഫോടനം; സിറിയയില്‍ 50 മരണം

Published

|

Last Updated

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ കുര്‍ദ് ഭൂരിപക്ഷ മേഖലയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഖമിശ്‌ലി നഗരത്തിലാണ് സംഭവം. സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിറിയന്‍ സ്റ്റേറ്റ് ടി വി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് തൊട്ടുമുമ്പ് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഒരു മോട്ടോര്‍ സൈക്കിളും പൊട്ടിത്തെറിച്ചിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ട് ഇസില്‍ ഭീകരവാദികള്‍ രംഗത്തെത്തി. ഇവിടുത്തെ പ്രാദേശിക കുര്‍ദ് പോലീസ് സ്റ്റേഷനെയും ഇതിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ കെട്ടിടത്തെയും ലക്ഷ്യമാക്കിയായിരുന്നു സ്‌ഫോടനമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. കഴിഞ്ഞ കുറച്ചു ആഴ്ചകളിലായി സിറിയയിലെ കുര്‍ദ് മേഖലകളില്‍ ഇസില്‍ ഭീകരവാദികള്‍ നിരന്തരമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.

വടക്കന്‍ സിറിയയില്‍ ഇസില്‍ ഭീകരവാദികള്‍ക്കെതിരെ പോരാടുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കുര്‍ദ് വിഭാഗമാണ്. യു എസ് പിന്തുണയോടെ സിറിയ ഡെമോക്രാറ്റിക് സൈന്യം ഇസിലിനെതിരെ കഴിഞ്ഞ കുറച്ചുകാലങ്ങളായി ശക്തമായ പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. നിരന്തരമായ ചെറുത്തുനില്‍പ്പുകളുണ്ടായിട്ടും ഇസിലില്‍ നിന്ന് വലിയൊരു ഭൂപ്രദേശം കുര്‍ദ് സൈന്യത്തിന് തിരിച്ചുപിടിക്കാനായിട്ടുണ്ട്.
ഇപ്പോള്‍ നടന്ന ആക്രമണം ഇസില്‍ അടുത്തിടെ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും രക്തരൂക്ഷിതമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അലപ്പൊയില്‍ യുദ്ധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം ആരംഭിച്ചിട്ട് ആറ് വര്‍ഷമാകുകയാണ്. അടുത്ത മാസം മുതല്‍ സിറിയന്‍ സമാധാന നീക്കങ്ങള്‍ പുനരാരംഭിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ഏറിവരികയാണ്. സിറിയന്‍ സര്‍ക്കാറിന്റെയും വിമതരുടെയും ഇടയിലുള്ള അസ്വാരസ്യങ്ങള്‍ മൂലം ഇടക്ക് സമാധന ചര്‍ച്ച നിര്‍ത്തിവെച്ചിരിക്കുകയാണ്.

Latest