National
മിഗ് 29-കെ വിമാന ഇടപാടില്‍ 10,000 കോടി പാഴായെന്ന് സിഎജി
ന്യൂഡല്‍ഹി: മിഗ് 29-കെ വിമാനങ്ങള്‍ വാങ്ങിയ വകയില്‍ ഇന്ത്യയുടെ 10,000 കോടിയിലേറെ പാഴായെന്ന് സിഎജി റിപ്പോര്‍ട്ട്. 2004-2010 കാലഘട്ടത്തില്‍ വാങ്ങിയ 45 വിമാനങ്ങളുടെ കാര്യത്തിലാണ് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായി സിഎജി കണ്ടെത്തിയത്.
മിഗ് വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാറുകള്‍ കൂടുതലാണെന്നും വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമത 50 ശതമാനത്തില്‍ താഴെയാണെന്നും രണ്ട് ദിവസം മുമ്പ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി പറയുന്നു. ഇന്ത്യന്‍ നാവികസേനക്കായാണ് റഷ്യയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങിയത്.
ഇന്ത്യക്ക് കൈമാറിയ വിമാനങ്ങളില്‍ പകുതിയിലധികവും എഞ്ചിന്‍ തകരാറുള്ളവയാണ്. മാത്രമല്ല, ഇരട്ട എഞ്ചിന്‍ വിമാനമാണെങ്കിലും നിര്‍മാണത്തിലെ പിഴവുകാരണം ലാന്‍ഡ് ചെയ്യുമ്പോള്‍ ഒരു എഞ്ചിന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഡിസൈനിലുള്‍പ്പെടെ പരിഷ്‌കാരങ്ങള്‍ വരുത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. ഇത് നാവികസേനയിലെ പൈലറ്റുമാരുടെ പരിശീലനത്തെ ബാധിച്ചേക്കുമെന്ന് സിഎജി മുന്നറിയിപ്പ് നല്‍കുന്നു.