Connect with us

Kerala

സമ്മര്‍ദം മുറുക്കി മാണി; പ്രത്യേക ബ്ലോക്കാകാന്‍ ധാരണ

Published

|

Last Updated

കോട്ടയം:കോണ്‍ഗ്രസുമായി മാനസികമായി ഏറെ അകന്ന കേരളാ കോണ്‍ഗ്രസ് എം പ്രതിനിധികള്‍ നിയമസഭയില്‍ പ്രത്യേക ഇരിപ്പിടം ആവശ്യപ്പെടും. ജോസ് കെ മാണി എം പിയുടെ കോട്ടയത്തെ വസതിയില്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി എം എല്‍ എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ഏകദേശ ധാരണ രൂപപ്പെട്ടത്.പിജെ ജോസഫടക്കം എല്ലാവരും ഈ തീരുമാനം അംഗീകരിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ വിലപ്പോയില്ല.കെഎം മാണി ധ്യാനത്തിന് പോയതിനാല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഇനി സാധ്യവുമല്ലെന്നാണ് സൂചന. തല്‍ക്കാലം തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണമാറ്റം ഉണ്ടാക്കേണ്ടന്നും ധാരണയായിട്ടുണ്ട്.

ബാര്‍കോഴ കേസില്‍ കെ എം മാണിക്കെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം നടത്തിയ നീക്കങ്ങളും നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ പി ജെ കുര്യന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുകളും ചൂണ്ടിക്കാട്ടി ചരല്‍ക്കുന്നില്‍ ഈ മാസം ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന സംസ്ഥാന ക്യാമ്പില്‍ കോണ്‍ഗ്രസിനെതിരെ കുറ്റപത്രം തയ്യാറാക്കാനും എം എല്‍ എമാരുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയായെന്നാണ് സൂചന.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടുപോകാനാകില്ലെന്ന മാണിയുടെ ഉറച്ച നിലപാടിന് പാര്‍ട്ടിയുടെയും എം എല്‍ എമാരുടെയും പിന്തുണ നേതൃത്വം ഉറപ്പാക്കി കഴിഞ്ഞു. സംസ്ഥാന ക്യാമ്പില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി അറിയിച്ചു.

ബാര്‍ക്കോഴ കേസില്‍ മാണിയെയും കേരളാ കോണ്‍ഗ്രസിനെയും പൊതുമധ്യത്തില്‍ മോശമായി ചിത്രീകരിക്കാന്‍ രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ വഴിവെച്ചെന്ന കുറ്റപ്പെടുത്തല്‍ കെ എം മാണി ഇതിനകം പരസ്യപ്പെടുത്തിയിട്ടുണ്ട്. അനുരഞ്ജന നീക്കവുമായി ഉമ്മന്‍ ചാണ്ടി പാലായിലെ വസതിയിലെത്തി മാണിയെ സന്ദര്‍ശിച്ചപ്പോഴും രമേശ് ചെന്നിത്തലയെ അംഗീകരിച്ചുള്ള ചര്‍ച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന സന്ദേശമാണ് മാണി അറിയിച്ചത്.

മാണിയെ അനുനയിപ്പിക്കാന്‍ യു ഡി എഫ് ദൂതനായി പി കെ കുഞ്ഞാലിക്കുട്ടി എത്തിയാലും നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകേണ്ടെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിന്റേതെന്നാണ് വിവരം.

അതേസമയം, യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് എന്‍ ഡി എയുമായി അടുക്കുന്നുവെന്ന വാര്‍ത്തകളോട് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന കാര്യം പി ജെ ജോസഫ് ഇന്നലത്തെ ചര്‍ച്ചകളില്‍ കെ എം മാണിയെ അറിയിച്ചു. ആഴ്ചകളായി മാണിയും കേരളാ കോണ്‍ഗ്രസും യു ഡി എഫില്‍ കലാപക്കൊടി ഉയര്‍ത്തി സജീവമായി രംഗത്തുണ്ടെങ്കിലും മാണിയെ രാഷ്ട്രീയമായി പിന്തുണക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ ആരും തയ്യാറായിട്ടില്ലെന്നത് മാണിയുടെ സമ്മര്‍ദത്തിന്റെ മൂര്‍ച്ച കുറക്കുന്നു.

ബാര്‍ക്കോഴ കേസില്‍ മാണിക്കെതിരെ വിജിലന്‍സ് കുരുക്കുകള്‍ മുറുക്കുമ്പോള്‍ കോണ്‍ഗ്രസിനെതിരെ ഗൂഢാലോചനാ കുറ്റം ആരോപിച്ച് മുഖം രക്ഷിക്കാന്‍ കേരളാ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് പുതിയ സമ്മര്‍ദ തന്ത്രങ്ങളെന്ന വിലയിരുത്തലുണ്ട്.

യു ഡി എഫില്‍ കലാപം ഉയര്‍ത്തി പുറത്തുവരുന്നതോടെ ബാര്‍കോഴ കേസില്‍ മാണിക്കെതിരായ ഇടതു സര്‍ക്കാറിന്റെ നീക്കങ്ങളുടെ വേഗം കുറക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷകളും കേരളാ കോണ്‍ഗ്രസിനുണ്ട്.
ജോയി ഏബ്രഹാം എം പി, എം എല്‍ എമാരായ സി എഫ് തോമസ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. കടുത്ത തീരുമാനങ്ങളൊന്നും ഉണ്ടാകരുതെന്ന് കെ പി സി സി ്രപസിഡന്റ് വി എം സുധീരനും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും മാണിയെ ഫോണില്‍ ബന്ധപ്പെട്ട് അഭ്യര്‍ഥിച്ചു. പ്രശ്‌നങ്ങള്‍ക്ക് രണ്ടാഴ്ചക്കകം പരിഹാരം കാണുമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതായും അറിയുന്നു.

Latest