Connect with us

Articles

'ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശം സൂഫികള്‍ പരിചയപ്പെടുത്തിയത്'

Published

|

Last Updated

സുന്നി പ്രസ്ഥാനവുമായി അഗാധമായ ആത്മബന്ധമുണ്ട് എനിക്ക്. ആ ഓര്‍മകള്‍ എന്നും എനിക്കുണ്ട്. കേരളീയ സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ പരിഗണിക്കപ്പെടെണ്ട ഒരു ഘടകമല്ല എന്ന് പ്രചരിപ്പിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. ഞാന്‍ ഒരു തണലിനു വേണ്ടി കൊതിച്ച സന്ദര്‍ഭം. അന്ന് എനിക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടൊരു പണ്ഡിതനുണ്ട്- കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അദ്ദേഹത്തെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.

എത്രയോ മനുഷ്യരുടെ മനംനൊന്ത പ്രാര്‍ഥനകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. 2006 വീണ്ടും മനസ്സില്‍ വരുന്നു. ഞാന്‍ മത്സരിക്കുന്ന സമയത്തു ആരും ജയത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അന്ന് അസാധ്യമായത് സാധ്യമാക്കാന്‍ മുട്ടിയ വാതിലുകളില്‍ പലതും അടഞ്ഞുകിടന്നു. ചില വാതിലുകള്‍ തുറന്നു. അന്നെനിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃപാടവം മനസ്സിലാക്കാനായി.
ഇസ്ലാമിക ചരിത്രത്തില്‍ താരിഖ് ഇബ്‌നു സിയാദ് എന്ന പ്രവാചകാനുയായിയുടെ ഗംഭീരമായ വാക്കുകള്‍ ഓര്‍ത്തുപോയി. ഒരു കപ്പലില്‍ അനുയായികളുമായി വന്ന താരിഖ് സിയാദ്, അവര്‍ നോക്കി നില്‍ക്കെ കപ്പലിന് തീകൊടുത്തു. ശേഷം പറഞ്ഞു: “പൊരുതി ജയിക്കുക, അല്ലെങ്കില്‍ പിന്തിരിഞ്ഞോടി കടലില്‍ ജീവിതം ഹോമിക്കുക. ഏതു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം” എന്നതായിരുന്നു ആ വാക്ക്. താരിഖ് ഇബ്‌നു സിയാദിന്റെ ആ വാക്കുകള്‍ ആ തിരഞ്ഞെടുപ്പില്‍ ഉടനീളം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.

സുന്നി പ്രവര്‍ത്തകരുടെയടക്കം സജീവമായ പ്രവര്‍ത്തനവും പ്രാര്‍ഥനയും കാരണം ആ തിരഞ്ഞെടുപ്പില്‍ അക്കരെപ്പറ്റാന്‍ സാധിച്ചു. അത് തുടര്‍ന്നുള്ള സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പും ഒരു ജീവന്‍മരണ പോരാട്ടമായിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയം എങ്ങനെ കൊടുങ്കാറ്റായി എന്ന് 2006ലും 2016ലും കേരളീയ ജനത കണ്ടു. ഇപ്പോള്‍ ഒരു വലിയ ഉത്തരവാദിത്വം സ. പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്.

നോക്കെത്താ ദൂരം ഇനിയും പിന്നീടാന്‍ ഉണ്ട്. നമ്മുടെ സമൂഹത്തിന്റെ സ്വപ്‌ന പൂര്‍ത്തീകരണങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ആ വഴിയില്‍ ഉസ്താദിന്റെ നിറഞ്ഞ പിന്തുണ എനിക്ക് ഉറപ്പാണ്. അദ്ദേഹം ചില കാര്യങ്ങള്‍ സര്‍ക്കാറിന്റെ മുമ്പില്‍ വെച്ചിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷത നിലനിറുത്താന്‍ അനിവാര്യമായും സര്‍ക്കാര്‍ ഇടപെടേണ്ട മേഖലകളിലേക്ക് ഗവണ്‍മെന്റിന്റെ ശ്രദ്ധയെ ക്ഷണിച്ചു. ആരാധനാലയങ്ങള്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഉന്നയിച്ചത്. ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിന്, പ്രത്യേകിച്ച് മുസ്‌ലിം പള്ളികളുണ്ടാക്കുന്നത് വിലക്കി പണ്ട് കാലത്ത് ബ്രിട്ടീഷുകാര്‍ ഒരു നിയമം കൊണ്ടുവന്നിരുന്നു. മലബാറില്‍ നടന്ന മാപ്പിള കലാപങ്ങള്‍ പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു ഉണ്ടായത് എന്ന ബ്രിട്ടീഷ് അധികാരി എസ് എന്‍ സ്‌ട്രേഞ്ചിന്റെ നിഗമനത്തിന്റെ പശ്ചാത്തലത്തിലാണ്, ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളുടെ പ്രഭവ കേന്ദ്രങ്ങളായ പള്ളികള്‍ നിര്‍മിക്കരുത് എന്ന നിയമം കൊണ്ടുവന്നത്.

പള്ളികള്‍ ഉണ്ടാക്കണമെങ്കില്‍ ബ്രിട്ടീഷുകാരനായ കലക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണം എന്ന നിയമത്തിന് അവര്‍ രൂപം നല്‍കി. അതുകൊണ്ട് മലബാറില്‍ അനേക കാലം പള്ളികള്‍ നിര്‍മിക്കാന്‍ കഴിഞ്ഞില്ല. 1947ല്‍ സ്വാതന്ത്ര്യം കിട്ടിയെങ്കിലും 1957ല്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നത് വരെ മദിരാശി ഗവണ്‍മെന്റിന്റെ കീഴിലായിരുന്നു മലബാര്‍. ആ പത്ത് വര്‍ഷം ഭരിച്ച ഭരണകൂടം ഈ നിയമത്തെക്കുറിച്ച് മൗനമവലംബിച്ചു. കേരളം രൂപം കൊണ്ടതിന് ശേഷമുള്ള ആദ്യ തിരെഞ്ഞെടുപ്പില്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. നേരത്തെ, നിലവിലുള്ള പള്ളികളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തീരുമാനവുമായി ഗവണ്‍മെന്റിനും മുന്നോട്ട് പോകാമായിരുന്നു. എന്നാല്‍ മാപ്പിളമാര്‍ സംഘടിക്കുന്നതും യോഗം ചേരുന്നതും വരെയുള്ള നിയമങ്ങള്‍ അറബിക്കടലില്‍ കെട്ടിത്താഴ്ത്തി. മലബാറില്‍ അംബരചുംബികളായ പള്ളികള്‍ ഇന്ന് കാണുന്നതിന് ഒരു കാരണം ഇ എം എസ് സര്‍ക്കാറിന്റെ അന്നത്തെ ധീരമായ നിലപാടാണ്.

അന്ന് നിര്‍ജീവമാക്കിയ ആ നിയമം പുനര്‍ജീവിപ്പിക്കപ്പെട്ടിരിക്കുന്നു കേരളത്തില്‍. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചാറുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടുവന്ന ഒരു നിയമത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും അതുമായി ബന്ധപ്പെട്ട്, നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ അര്‍ഥഗര്‍ഭമായ മൗനം അവലംബിച്ചു. അതുകൊണ്ട് തന്നെ എത്രയോ പള്ളികള്‍ക്കിന്ന് നമ്പര്‍ കിട്ടാതെ കിടക്കുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി സംഘടനകള്‍ സര്‍ക്കാറിന് മുമ്പില്‍ വെച്ച ആദ്യത്തെ ആവശ്യം ഈ പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു. അത് സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കും. ഏതെങ്കിലും സംഘടനകളോ വര്‍ഗീയ കക്ഷികളോ ഉമ്മാക്കി കാണിച്ചാല്‍ മുട്ടുകുത്തിപ്പോകുന്ന ഒരു സര്‍ക്കാറല്ല കേരളത്തില്‍ ഇപ്പോള്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇസില്‍ ഭീകരതയുമായി ബന്ധപ്പെട്ട് സമീപകാലത്ത് വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നു. അതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് കേരള നിയമസഭയില്‍ ഒരു പ്രമേയം കൊണ്ടുവന്നു. ആ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ എന്തുമാത്രം ആത്മവിശ്വാസമാണ് നമുക്കൊക്കെ പകര്‍ന്ന് നല്‍കിയത്. നിയമസഭാംഗം എന്ന നിലയിലും, മന്ത്രി എന്ന നിലയിലും, ആ പ്രസ്താവനയുടെ കരുത്ത് അതിരുകളില്ലാത്ത ആത്മവിശ്വാസമാണ് എനിക്ക് പകര്‍ന്ന് തന്നത്. ഈ നാട്ടിലെ സാധാരണക്കാരായ മുസ്‌ലിംകള്‍ക്കും ആ പ്രസ്താവന വലിയ ആത്മവിശ്വാസം നല്‍കി. ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാകും എന്ന് നട്ടെല്ലോടെ പറയാന്‍ കഴിയുന്ന ഒരു ഭരണാധികാരിയുടെ കീഴില്‍, സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നത് അഭിമാനകരമാണ്.

നേടിയതിനെക്കുറിച്ചല്ല സംസാരിക്കേണ്ടത്. നേടാനുള്ളതിനെ പറ്റിയാണ്. നാടിനും സമൂഹത്തിനും സമുദായത്തിനും ഇനി നേടിയെടുക്കാനുള്ള കാര്യങ്ങളെക്കുറിച്ച് തീക്ഷ്ണമായി അന്വേഷിക്കുന്ന, പരിഹാരം കണ്ടെത്തുന്ന നേതാവാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആ വഴിയിലൂടെയുള്ള പോരാട്ടങ്ങളാണ് ചരിത്രത്തെ പുനഃസൃഷ്ടിച്ചിട്ടുള്ളത്. നേടാന്‍ കഴിയില്ല എന്ന് വിചാരിച്ചിരുന്നത് നേടിയെടുക്കാന്‍ ഒരു ജനതക്ക് പ്രചോദനവും ആവേശവുമായി അത്.

മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ തീവ്രവാദത്തിനും ഭീകരതക്കുമെതിരെ ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോകുകയാണ്. കേരളത്തിലെ മദ്‌റസാ പ്രസ്ഥാനവും ദീനീ സംരംഭങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നത് കാരണം ഭീകരത വളരുന്ന മണ്ണായി കേരളം മാറിയില്ല. ഭീകരവിരുദ്ധതയാണ് എല്ലാ മതസ്ഥാപനങ്ങളുടെയും മുഖമുദ്ര. തീവ്രവിചാരങ്ങളും ചിന്തകളും വെച്ചു പുലര്‍ത്തുന്നവരെ ഒറ്റപ്പെടുത്തണം. അവരെ ശരിയുടെ വഴിയിലേക്ക് കൊണ്ടുവരണം. ഒരു ബഹുമത സാമൂഹിക ഘടന നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അനേകം മതങ്ങള്‍, വിശ്വാസങ്ങള്‍, ഭാഷകള്‍, വിഭാഗങ്ങള്‍ എല്ലാമുണ്ട്.

എല്ലാവരെയും ഒരു മതക്കാരാക്കുക എന്നത് ഇസ്‌ലാം അഭിലഷിക്കുന്നില്ല. അല്ലാഹുവിന് എല്ലാവരെയും ഒരു മതക്കാരാക്കാമായിരുന്നില്ലേ? ലോകത്തിലുള്ള മുഴുവന്‍ മനുഷ്യരെയും ഒരേ ഭാഷ സംസാരിക്കുന്നവരാക്കാനും അല്ലാഹുവിന് നിഷ്പ്രയാസം കഴിയുമായിരുന്നല്ലോ. എന്ത്‌കൊണ്ട് ഇങ്ങനെ ചെയ്തില്ല? ആരെങ്കിലും വായിച്ചും പഠിച്ചും അനുഭവിച്ചും ഇഷ്ടപ്പെട്ട മതം സ്വീകരിക്കുന്നതിനെ നമ്മുടെ ഭരണഘടന എതിര് നില്‍ക്കുന്നുമില്ല.

ഇസ്‌ലാമിനെ പ്രബോധനം നടത്താനാണ് പ്രവാചകരോട് സ്രഷ്ടാവ് കല്‍പ്പിച്ചത്. നിര്‍ബന്ധിച്ച് പരിവര്‍ത്തനം നടത്താനല്ല. ഇസ്‌ലാമിന്റെ ഈ യഥാര്‍ഥ സന്ദേശത്തെയാണ് സൂഫിവര്യന്മാര്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. ആ സൂഫിവര്യന്‍മാരുടെ വഴിയാണ് എ പി അബൂബക്കര്‍ മുസ്്‌ലിയാരും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും അവിടെ പഠിക്കുന്ന കുട്ടികളും അനുവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. അതായിരിക്കണം ഇന്ത്യയെപ്പോലൊരു രാജ്യത്ത് പ്രചരിപ്പിക്കപ്പെടേണ്ടത്.

(കഴിഞ്ഞ ദിവസം മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നടന്ന മെറിറ്റ് ഇവന്റ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രഭാഷണം)

Latest