Gulf
സൗദിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഉടന്‍ തിരികെയെത്തിക്കുമെന്ന് മന്ത്രി
ന്യൂഡല്‍ഹി: സൗദിയില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാനുള്ള ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതായി സുഷമ അറിയിച്ചു. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സന്നദ്ധ സംഘടനകളുടെയും മലയാളി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തിലാണെന്ന വിവരം ലഭിച്ചയുടന്‍ ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറലുമായും റിയാദിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടു. ആവശ്യമുള്ള നടപടികള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സുഷമ സ്വരാജ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിനു പുറത്ത് ഒരു ഇന്ത്യന്‍ തൊഴിലാളിയും ദുരിതമനുഭവിക്കുരുതെന്ന് കേന്ദ്രം ഉറപ്പു വരുത്തും. നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ ഉടനെ തന്നെ തിരിച്ചുകൊണ്ടുവരാനുള്ള സഹായങ്ങള്‍ ചെയ്യുമെന്നും സുഷമ വ്യക്തമാക്കി.
രാജ്യസഭയില്‍ ജനതാദള്‍ യുണൈറ്റഡ് അംഗം അലി അന്‍വറാണ് പ്രശ്‌നം അവതരിപ്പിച്ചത്. സൗദിയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ കൂടുതല്‍ ബിഹാറില്‍ നിന്നുള്ളവരാണ് കൂടുതലെന്നും അലി അന്‍വര്‍ ചൂണ്ടിക്കാട്ടി. സഹമന്ത്രി വി.കെ സിങ് നാളെ സൗദിയിലേക്ക് പോകുമെന്നും ജോലി ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്ക് തിരിച്ച് വരാമെന്നും മന്ത്രി വ്യക്തമാക്കി. ശമ്പളക്കുടിശിക ഉള്ളവര്‍ക്ക് അത് ലഭ്യമാക്കാന്‍ നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് എക്‌സിറ്റ് വിസ ലഭിക്കാന്‍ സൗദി സര്‍ക്കാറുമായി ചര്‍ച്ച നടത്തും. സൗദി അറേബ്യയിലും കുവൈത്തിലുമാണ് എണ്ണ വിലയിടിവുമൂലം നിര്‍മാണമേഖലയില്‍ തൊഴില്‍പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. സൗദിയിലാണ് ഇന്ത്യന്‍ തൊഴിലാളികളെ പ്രശ്‌നം കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വന്‍കിട നിര്‍മാണ കമ്പനികള്‍ക്ക് മാസങ്ങളായി ശമ്പളം കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. ചിലര്‍ പ്രതിസന്ധി രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങി. ചിലര്‍ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിച്ചിട്ട് മടങ്ങാമെന്നു കരുതി കാത്തിരിക്കുന്നവരാണ്. മതിയായ രേഖകള്‍ കമ്പനികള്‍ ശരിയാക്കി കൊടുക്കാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങുവാന്‍ കഴിയാത്തവരുമുണ്ട്. 71 മലയാളികള്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.