Gulf
ഇന്ത്യന്‍ തൊഴിലാളികളുടെ ഇഖാമ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി
റിയാദ്: സൗദിയില്‍ തൊഴില്‍ നഷ്ടമായ ഇന്ത്യാക്കാര്‍ക്ക് ഇഖാമ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി ഉറപ്പു നല്‍കി. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയച്ചത്. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ എക്‌സിറ്റ് വിസ നല്‍കുമെന്നും മന്ത്രാലയം ഉറപ്പു നല്‍കിയിട്ടുണ്ട്്. ഇന്ത്യന്‍ തൊഴിലാളികള്‍ക്കു വേണ്ട നിയമസഹായം നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചിട്ടുണ്ട്.
ഹജ്ജ് വിമാനങ്ങള്‍ തിരിച്ചു പോകുമ്പോള്‍ ഒപ്പം മടങ്ങാനും അനുമതി നല്‍കുമെന്നാണ് സൂചനകള്‍. ഇന്ത്യക്കാരായ തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ മക്കാ മേഖലാ ഡയറക്ടറുമായി ഇന്ത്യന്‍ കോസുലേറ്റ് ജനറല്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ഉറപ്പു ലഭിച്ചത്.
പ്രശ്‌നപരിഹാരത്തിനായി ഇന്ത്യന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് ജിദ്ദയിലെത്തിയിട്ടുണ്ട്. ജിദ്ദയിലും മക്കയിലും ത്വായിഫിലുമായി ആറ് ലേബര്‍ ക്യാമ്പുകളിലായി 2,450 ഇന്ത്യക്കാരാണ് ദുരിതമനുഭവിക്കുന്നത്. കൂടാതെ റിയാദിലും ദമാമിലുമായി 4,600 ഇന്ത്യക്കാരും ലേബര്‍ ക്യാമ്പുകളിലുണ്ട്. കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സമൂഹം നോക്കിക്കാണുന്നത്.
നിര്‍മാണ മേഖലയിലാണ് കനത്ത തൊഴില്‍ നഷ്ടമുണ്ടായത്. സന്നദ്ധസംഘടനകളും കോണ്‍സുലേറ്റും സഹകരിച്ച് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്.