Connect with us

Gulf

തിരുവനന്തപുരം-ദുബൈ എമിറൈറ്റ്‌സ് വിമാനത്തിന് തീപിടിച്ചു;ആളപായമില്ല

Published

|

Last Updated

സ്വന്തം ലേഖകന്‍
ദുബൈ: തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് ഇ കെ 521 വിമാനം ദുബൈയില്‍ ലാന്‍ഡിംഗിനിടെ തീപ്പിടിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഒരാള്‍ മരിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ലാന്‍ഡിംഗിനിടെ എന്‍ജിനിലുണ്ടായ തകരാര്‍ മൂലം മുന്‍ നിശ്ചയിച്ച സമയത്തിന് അഞ്ച് മിനുട്ട് മുമ്പ് അടിയന്തരമായി വിമാനം റണ്‍വേയില്‍ ഇടിച്ചിറക്കുകയായിരുന്നു.
282 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം നിലത്തിറക്കി മിനുട്ടുകള്‍ക്കുള്ളില്‍ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി. പ്രാദേശിക സമയം രാവിലെ 10.19 തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനം 12.50ഓടെ ദുബൈയില്‍ എത്തേണ്ടതായിരുന്നു. ലാന്‍ഡിംദിന് തൊട്ടുമുമ്പ് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഉടനെ പൈലറ്റ് ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റിന് അടിയന്തര ലാന്‍ഡിംഗ് സന്ദേശം കൊടുത്തു. തുടര്‍ന്നാണ് ഇടിച്ചിറക്കിയത്.
ദുബൈ വിമാനത്താവള അധികൃതര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ സജ്ജമാക്കിയിരുന്നു. വിമാന ജീവനക്കാരുടെയും സുരക്ഷാ ജീവനക്കാരുടെയും സമയോചിത ഇടപെടലിലൂടെ യാത്രക്കാരെ മുഴുവന്‍ വളരെ പെട്ടന്നുതന്നെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തനിടെ, വിമാനത്താവള സിവില്‍ ഡിഫന്‍സ് ജീവനക്കാരന്‍ റാസല്‍ ഖൈമ സ്വദേശി ജാസിം ഈസ മുഹമ്മദ് ഹസന്‍ ആണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ദുബൈയിലിറങ്ങേണ്ട വിമാനങ്ങള്‍ യു എ ഇയിലെ അല്‍ മക്തൂം വിമാനത്താവളത്തിലേക്കും ഷാര്‍ജ, ഫുജൈറ, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും വഴിതിരിച്ചുവിട്ടു. യു എ ഇക്ക് പുറമെ ബഹ്‌റൈന്‍, മസ്‌കത്ത് എന്നീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ദുബൈയിലിറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മ്യൂണിക്ക്, റോം, ബാങ്കോക്ക്, ജോഹന്നാസ് ബര്‍ഗ് എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനങ്ങള്‍ അതേ വിമാനത്താവളങ്ങളിലേക്ക് തിരിച്ചയച്ചു. ഏറെ മണിക്കൂറുകള്‍ക്ക് ശേഷം വൈകീട്ട് 6.30ഓടെയാണ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചത്.
ഇന്ത്യ- 226, യു കെ- 24, യു എസ്-6, യു എ ഇ-11, സഊദി അറേബ്യ-6, തുര്‍ക്കി-5, അയര്‍ലാന്‍ഡ്-4, ഓസ്‌ട്രേലിയ-2, ബ്രസീല്‍-2, ജര്‍മനി- 2, മലേഷ്യ-2, തായ്‌ലാന്‍ഡ്-2, ക്രൊയേഷ്യ-1, ഈജിപ്ത്-1, ബോസ്‌നിയ-1, ലെബനോന്‍-1, ഫിലിപ്പൈന്‍സ്-1, ടുണീഷ്യ-1 എന്നിങ്ങനെയാണ് വിവിധ രാജ്യക്കാരായ യാത്രക്കാര്‍. നീണ്ട മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ ദുബൈ സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണവിധേയമാക്കി. അപകട വിവരമറിഞ്ഞയുടനെ ഭരണാധികാരികളും യു എ ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമും ഉന്നതോദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി.

 

അപകടത്തെ തുടര്‍ന്ന് ദുബൈ ടെര്‍മിനല്‍ മൂന്ന് താല്‍ക്കാലികമായി അടച്ചു. വിമാന സര്‍വീസുകള്‍ ഷാര്‍ജയിലേക്കും അല്‍ മഖ്തൂമിലേക്കും തിരിച്ചുവിട്ടു.