Connect with us

Kerala

അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ പലവഴികള്‍; സൂക്ഷിച്ചില്ലെങ്കില്‍ പണം ചോരും

Published

|

Last Updated

തിരുവനന്തപുരം:എ ടി എമ്മും നെറ്റ് ബേങ്കിംഗും ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ പണം ആരുമറിയാതെ ചോര്‍ന്നുപോകും. ഹൈടെക് പണമിടപാട് സാര്‍വത്രികമായതോടെ തട്ടിപ്പും ഹൈടെക്കാകുകയാണ്.

ഇലക്ട്രിക് ചിപ്പ് ഘടിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തിയത് തിരുവനന്തപുരത്തെ എ ടി എം കൗണ്ടറില്‍ നിന്നാണെങ്കില്‍ പണം പിന്‍വലിച്ചിരിക്കുന്നത് മുംബൈയില്‍ നിന്ന്. പണമിടപാടുകളെല്ലാം എ ടി എം കൗണ്ടറുകളിലേക്കും ഓണ്‍ലൈന്‍ രീതികളിലേക്കും വഴിമാറുമ്പോള്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ ഏറെയാണെന്ന് തട്ടിപ്പുകള്‍ ഓര്‍മപ്പെടുത്തുന്നു.

എ ടി എം കൗണ്ടറുകള്‍ വഴിയുള്ള തട്ടിപ്പ് പലതുണ്ടെങ്കിലും കബളിപ്പിക്കപ്പെടുന്ന രീതികള്‍ പലതും നൂതനമാണ്. ചിന്തിക്കുന്നതിനുമപ്പുറമാണ് ഹാക്കര്‍മാരുടെ തന്ത്രം. എ ടി എം സ്‌കിമ്മര്‍ ആണ് ഹാക്കര്‍മാര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ രീതിയെന്ന് സൈബര്‍ സെല്ലിലെ ഉന്നതര്‍ പറയുന്നു. കാര്‍ഡ് റീഡറിന് സമാനമായ ഉപകരണം എ ടി എം കൗണ്ടറില്‍ കാര്‍ഡ് ഇടുന്നതിനുള്ള ഭാഗത്ത്, ഉള്ളിലോ പുറത്തോ ആയി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇത് പെട്ടെന്ന് ഉപഭോക്താവിന്റെ ശ്രദ്ധയില്‍ പെടില്ലെന്നതാണ് പ്രത്യേകത. കാര്‍ഡ് സൈ്വപ്പ് ചെയ്യുമ്പോള്‍ അതിലെ വിവരങ്ങള്‍ പൂര്‍ണമായും ഉപകരണം സ്‌കാന്‍ ചെയ്യും. കീപാഡ് ദൃശ്യമാകുന്ന തരത്തില്‍ ക്യാമറയും ഘടിപ്പിക്കുന്നതോടെ പിന്‍ നമ്പറും ലഭിക്കും. വിദഗ്ധരായ ഹാക്കര്‍മാര്‍ ക്യാമറ ഘടിച്ചിച്ച നേര്‍ത്ത പ്ലാസ്റ്റിക് ആവരണം കീ ബോര്‍ഡിന് മുകളില്‍ വെക്കുന്ന നൂതന രീതിയും പരീക്ഷിക്കുന്നു.

ഇത്തരം ഉപകരണങ്ങള്‍ പിന്‍ നമ്പര്‍ അടക്കം എ ടി എം കാര്‍ഡ് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ചോര്‍ത്തുകയും അതുവഴി പണം കവരുകയും ചെയ്യും. ഹോട്ടലുകളിലും പെട്രോള്‍ പമ്പുകളിലും ബാറുകളിലും എ ടി എം കാര്‍ഡ് നല്‍കി ബില്‍ അടക്കുന്നവരും തട്ടിപ്പിനിരയാകുന്നുണ്ട്. പാസ്‌വേഡ് പലപ്പോഴും നമ്മളറിയാതെ ഹാക്കര്‍മാര്‍ ശ്രദ്ധിക്കുന്നുണ്ടാകാം. കാര്‍ഡ് സൈ്വപ്പ് ചെയ്യുന്നതിന് മുകളിലായി ക്യാമറകള്‍ ഘടിപ്പിച്ചും പിന്‍ നമ്പര്‍ ചോര്‍ത്താം.

ഇത് ഏജന്റുമാര്‍ വഴി മറ്റിടങ്ങളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്ത് പണം പിന്‍വലിക്കുകയാണ് ഇവരുടെ രീതി. സിനിമകളിലൂടെ കാണിക്കുന്ന എ ടി എം തട്ടിപ്പ് തന്ത്രങ്ങളാണ് പലപ്പോഴും ഹാക്കര്‍മാര്‍ ഉപയോഗപ്പെടുത്തുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പിന്‍ നമ്പര്‍ കരസ്ഥമാക്കി കഴിഞ്ഞാല്‍ ഡ്യുപ്ലിക്കേറ്റ് കാര്‍ഡുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന വിദഗ്ധരും തട്ടിപ്പു സംഘങ്ങള്‍ക്കൊപ്പമുണ്ട്. ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തുന്നതിലൂടെ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് ഒരു പരിധിവരെ രക്ഷനേടാമെന്ന് എസ് ബി ഐ. എ ടി എം വിഭാഗം അസിസ്റ്റന്റ് മാനേജര്‍ നാരായണന്‍കുട്ടി സിറാജിനോട് പറഞ്ഞു.
എ ടി എം കൗണ്ടറില്‍ ശ്രദ്ധിക്കേണ്ടത്

  • എ ടി എം കൗണ്ടറുകളില്‍ കയറിയാല്‍ ചുറ്റും സൂക്ഷ്മമായി നിരീക്ഷിക്കുകയും ഒളിക്യാമറകള്‍ വെക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്യുക.
  • നമ്പര്‍ പാഡിന് മുകളില്‍ അസാധാരണമായ ആവരണം എന്തെങ്കിലും ഉണ്ടോ എന്നറിയാന്‍ നമ്പര്‍ പാഡ് അമര്‍ത്തി നോക്കുന്നത് നല്ലതാണ്. പതിവില്‍ കവിഞ്ഞ് കട്ടി തോന്നുന്നുവെങ്കില്‍ സെക്യൂരിറ്റിയെ അറിയിക്കുക.
  • വ്യത്യസ്ത നിറത്തിലോ എ ടി എം കൗണ്ടറുകളില്‍ പൊതുവായി കാണാത്ത തരത്തിലുള്ള വസ്തുക്കള്‍ ഉണ്ടെങ്കില്‍ അത് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കണം. കാര്‍ഡ് റീഡര്‍ ഇളക്കി നോക്കിയാല്‍ ഡേറ്റകള്‍ സ്‌കാന്‍ ചെയ്യുന്ന ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് മനസിലാക്കാം.
  • സുരക്ഷാ പരിശോധനകളെല്ലാം നടത്തിയ ശേഷം പിന്‍ നമ്പര്‍ മറു കൈ കൊണ്ട് മറച്ച് പിടിച്ച് ടൈപ് ചെയ്യുക. ഒളിക്യാമറയുണ്ടെങ്കില്‍ നമ്പര്‍ പതിയാതിരിക്കാന്‍ ഇത് സഹായിക്കും.
  • പരിചിതമായ എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുക. ഒറ്റപ്പെട്ട എ ടി എമ്മുകള്‍ ഒഴിവാക്കണം. വളരെ സാവധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എ ടി എമ്മുകളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ട്.
  • എ ടി എം മെഷീനില്‍ നിന്ന് ലഭിക്കുന്ന രസീതുകള്‍ കീറിക്കളഞ്ഞു മാത്രം ഉപേക്ഷിക്കുക. മെഷീനില്‍ നിന്ന് കാര്‍ഡ് തിരിച്ചു വന്നില്ലെങ്കില്‍ ഉടന്‍ തന്നെ ബേങ്കുമായി ബന്ധപ്പെടുക.