Connect with us

Kerala

മാണിയുമായി മധ്യസ്ഥ ചര്‍ച്ചക്കില്ല:പി.കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

കോഴിക്കോട്: കേരളാ കോണ്‍ഗ്രസ് എമ്മുമായി മധ്യസ്ഥ ചര്‍ച്ചക്കില്ലെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ട സാഹചര്യത്തിലാണ് അനുനയ ചര്‍ച്ചകള്‍ക്ക് താന്‍ ഇല്ലെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മാണി വിഭാഗത്തെ യുഡിഎഫിലേക്ക് മടക്കി കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം ശരിയോ തെറ്റോ എന്ന് താന്‍ പറയുന്നില്ല. മുന്നണിവിട്ട ഉടനെ മാണിക്കെതിരെ പറയാന്‍ ലീഗില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെഎം മാണിയെ യുഡിഎഫില്‍ തിരിച്ചു കൊണ്ടുവരാന്‍ ചര്‍ച്ച നടക്കുന്നില്ല. ഭാവിയില്‍ ചര്‍ച്ച ഉണ്ടായേക്കാം. ചര്‍ച്ച ചെയ്ത ശേഷം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മാണിയെ അനുനയിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മുസ്ലീം ലീഗിന് ഇക്കാര്യത്തില്‍ അഭിപ്രായമുണ്ട്. എന്നാലതിപ്പോള്‍ പറയുന്നില്ല. രാഷ്ട്രീയ വിമര്‍ശനം നടത്തേണ്ട സമയത്ത് ലീഗ് നടത്തും. മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് പാര്‍ട്ടിയോ യു.ഡി.എഫോ തന്നെ നിയോഗിച്ചിട്ടില്ല. അതിനാല്‍ തന്നെ അത്തരമൊരു പ്രശ്‌നം ഉദിക്കുന്നതുമില്ല. മാണിക്ക് മാണിയുടെ കാര്യം, ഞങ്ങള്‍ക്ക് ഞങ്ങളുടെ കാര്യം കുഞ്ഞാലിക്കുട്ടി പറഞ്ഞു.