Kerala
എ ടി എം തട്ടിപ്പിനു പിന്നില്‍ വിദേശികള്‍; അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരത്ത്: തലസ്ഥാനത്തെ എടിഎം തട്ടിപ്പ് അന്വേഷണത്തിന് െഎജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരടങ്ങിയ അന്വേഷണസംഘം മുംബൈയിലേക്കു തിരിച്ചു. തട്ടിപ്പില്‍ മൂന്നു വിദേശികള്‍ക്കും പങ്കുണ്ടെന്നാണ് സൂചന. പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു. തട്ടിപ്പ് നടന്ന തിരുവനന്തപുരം വെള്ളയമ്പലത്തെ എ.ടി.എമ്മിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നാണ് പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചത്. ഇവര്‍ എടിഎം കൗണ്ടറില്‍ കടന്ന് മെഷിനില്‍ ഉപകരണവും ക്യാമറകളും സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
മൂന്നു വിദേശ യുവാക്കള്‍ എടിഎം സെന്ററിന് മുകളിലെ സ്‌മോക് ഡിറ്റക്ടിംഗ് സംവിധാനത്തില്‍ ഹൈടെക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പതിഞ്ഞത്. അതേസമയം, സംഭവത്തില്‍ ഡി.ജി.പി ഇന്ന് ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.
എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച രഹസ്യ പിന്‍ നമ്പര്‍ ചോര്‍ത്തിയാണു പണം തട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പലരുടെയും അക്കൗണ്ടുകളില്‍നിന്നു പണം പോയത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ നിരവധി പേരുടെ അക്കൗണ്ടുകളില്‍നിന്നു പിന്‍വലിച്ചതായി പലര്‍ക്കും മെസേജ് ലഭിച്ചു.
മുംബൈയില്‍നിന്നു പണം പിന്‍വലിക്കപ്പെട്ടതായാണു പലര്‍ക്കും ലഭിച്ചിരിക്കുന്ന മെസെജില്‍ പറയുന്നത്. നഗരത്തില്‍ ആല്‍ത്തറ ജംഗ്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ്ബിഐ, എസ്ബിടി എടിമ്മുകളില്‍നിന്നാണു പണം പോയത്. ഈ എടിഎമ്മുകളെല്ലാം ബാങ്ക് ശാഖയോടു ചേര്‍ന്നുള്ളതാണെന്നും പണം പോയവര്‍ പറയുന്നു.
50 ഓളം പേര്‍ ഇതിനോടകം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്‌റ്റേഷന്‍ പരിധിയിലാണു പരാതിക്കാര്‍ ഏറെയും. ലക്ഷക്കണക്കിനു രൂപയാണ് അപഹരിക്കപ്പെട്ടത്. പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി. ചില എടിഎമ്മുകളില്‍നിന്ന് ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയിട്ടുണ്ട്.