Kerala
തിരുവനന്തപുരത്തെ എടിഎം കവര്‍ച്ച നടത്തിയത് റുമേനിയന്‍ വംശജര്‍
തിരുവനന്തപുരം: തലസ്ഥാനത്തെ വന്‍ എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ പോലീസ് കണ്‌ടെത്തി. എ.ടി.എം കവര്‍ച്ച നടത്തിയത് റുമേനിയന്‍ സ്വദേശികാണെന്ന് പോലീസ് കണ്ടെത്തി. ക്രിസ്റ്റഫര്‍ വിക്ടര്‍, ഇലി, ഫ്‌ലോറിക്ക് എന്നീ പേരുകളാണ് പൊലീസിന് ലഭിച്ചത്. വരുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും തലസ്ഥാനത്ത് താമസിച്ച സ്ഥലങ്ങളും ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ടൂറിസ്റ്റുകള്‍ എന്ന നിലയിലാണ് പ്രതികള്‍ ഇന്ത്യയിലെത്തിയത്. പ്രതികള്‍ താമസിച്ചിരുന്നത് തമ്പാനൂരിലെ ഹോട്ടലിലായിരുന്നു. ഹോട്ടലില്‍ തിരിച്ചറിയല്‍ രേഖയായി നല്‍കിയ പാസ്‌പോര്‍ട്ടില്‍ നിന്നാണ് പ്രതികളെ സംബന്ധിച്ച് വ്യക്തമായത്. ഹോട്ടലിലെ ക്യാമറയില്‍ പതിഞ്ഞ പ്രതികളുടെ കൂടുതല്‍ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു. ജൂലൈ 12ാം തീയതി വരെ ഇവര്‍ ഹോട്ടലില്‍ താമസിച്ചിരുന്നതായി ഹോട്ടലുടമ വ്യക്തമാക്കി. പ്രതികള്‍ ഇംഗ്ലീഷും റുമാനിയന്‍ ചുവയുള്ള ഇംഗ്ലീഷും സംസാരിച്ചിരുന്നു. കോവളത്ത് തങ്ങളുടെ സുഹൃത്തുക്കള്‍ ഉണ്ടെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവര്‍ തലസ്ഥാനത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവളത്തും തിരുവനന്തപുരത്തുമായി മുന്തിയ ഹോട്ടലുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ടൂറിസ്റ്റ് വീസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ജൂലൈ എട്ടാം തീയതി തിരുവനന്തപുരത്തെ ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ 12-ാം തീയതി മുറിയൊഴിഞ്ഞു. ആദ്യം ഒരാളാണ് മുറിയെടുത്തത്. പിന്നീട് രണ്ടു പേര്‍ കൂടി ഇയാള്‍ക്കൊപ്പം ചേരുകയായിരുന്നു. ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് കറങ്ങാന്‍ കോവളത്തു നിന്നും വാടകയ്ക്ക് എടുത്ത ബൈക്കാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഹാന്‍ഡ് ബാഗ് ഇവരുടെ കൈവശം കാണാറുണ്ടായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. തട്ടിപ്പുകാരുടെ പേര് വിവരങ്ങള്‍ കൂടി ലഭിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ക്ക് പ്രദേശവാസികളുടെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്‌ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.