Connect with us

Articles

ഹദ്ദാദ് (റ): ജീവിതം, സന്ദേശം

Published

|

Last Updated

നാളെ ദുല്‍ഖഅദ് ഏഴ്. അബ്ദുല്ല ഇബ്‌നു അലവി അല്‍ ഹദ്ദാദ് തങ്ങളുടെ വഫാത്തിന്റെ ദിനം. ആ മഹാനെ ഓര്‍ക്കാതെ ഒരു ദിവസവും കേരളത്തിലെ വിശ്വാസികളുടെ ജീവിതത്തില്‍ കഴിഞ്ഞു കടക്കാറില്ല. ഹദ്ദാദ് പതിവാക്കുന്നവര്‍ക്ക് മഹാനവര്‍കളെ പരിച്ചയപ്പെടുത്തേണ്ടതില്ല. പാരമ്പര്യമായി നമുക്ക് കിട്ടിയ ആത്മീയാവലംബമാണ് ഹദ്ദാദ് റാത്തീബ്. ഹദ്ദാദ് റാത്തീബിന്റെ ക്രോഡീകരണ പശ്ചാത്തലവും അങ്ങനെ തന്നെയാണ്. ശീഈ വിഭാഗമായ സൈദിയ്യാക്കള്‍ ഹളറമൗത്തില്‍ വന്ന് പ്രചാരണം ആരംഭിച്ചപ്പോള്‍ ഹദ്ദാദ് തങ്ങളുടെ അടുക്കല്‍ പരാതിയെത്തി. ചില പണ്ഡിതര്‍ മഹാനോട് പറഞ്ഞു: ശീഈ രംഗപ്രവേശവും ആശയപ്രചാരണവും നാം ഭയക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഈ പരിസരത്തെ ജനങ്ങളുടെ അഖീദകള്‍ പിഴച്ചുപോകാനിടയുണ്ട്. ആയതിനാല്‍, ഈമാനിന് കാവല്‍ ലഭിക്കുന്നതിനായി ഹദീസുകളില്‍ വന്ന ദിക്‌റ് ദുആകള്‍ അങ്ങ് ക്രോഡീകരിച്ചുതന്നാലും, എങ്കില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടി അത് പതിവാക്കി വരാമായിരുന്നു.” അങ്ങനെ അദ്ദേഹം ദിക്‌റുകള്‍ ക്രോഡീകരിച്ചു. ഹിജ്‌റ 1071ലായിരുന്നു ഈ സംഭവം. 1072ലെ ഒരു വെള്ളിയാഴ്ച രാവ് മുതല്‍ ഹളറമൗത്തിലെ ശൈഖിന്റെ പള്ളിയില്‍ വച്ച് ഹദ്ദാദ് റാത്തീബ് പതിവായി ചൊല്ലാന്‍ തുടങ്ങി. താമസിയാതെ, മക്ക, മദീന, യമന്‍, ശാം, ഇന്ത്യ തുടങ്ങി മുസ്‌ലിം ജനവാസമുള്ളിടത്തൊക്കെ പള്ളികളില്‍ ഹദ്ദാദ് പതിവാക്കാന്‍ തുടങ്ങി. ഒരു സാങ്കേതിക വിദ്യയും ഇല്ലാതിരുന്നിട്ടും ആ കാലത്തും ഹദ്ദാദ് എങ്ങനെ ഇത്ര സാര്‍വത്രികമായി? അത് കറാമത്ത് തന്നെയാണ്.
അവരുടെ ഹദ്ദാദ്, വിര്‍ദു ലത്വീഫ് തുടങ്ങിയ ഔറാദുകളുടെ സമാഹരണങ്ങളെ കുറിച്ച് ധാരണയുള്ളവരാണ് നമ്മളെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് അത്ര അറിഞ്ഞുകൊള്ളണമെന്നില്ല. ഹിജ്‌റ 1044ല്‍ സ്വഫര്‍ അഞ്ചിനാണ് ജനനം. പിതാവ് അലവി ബിന്‍ മുഹമ്മദ് അല്‍ ഹദ്ദാദ് തങ്ങള്‍ വലിയ തഖ്‌വയുടെ ഉടമയും സമാധാന പ്രിയനുമായിരുന്നു. പിതൃമാതാവ് സല്‍മാ എന്നവരാകട്ടെ അറിവിന്റെ നിറകുടമായ സൂഫി വനിതയായിരുന്നു. മാതാവിന്റെ പേരും സല്‍മ എന്നു തന്നെയാണ്. ഉത്തമ പരമ്പരയില്‍ പിറന്ന ഹദ്ദാദ് തങ്ങളും ആ പരമ്പരയുടെ പോരിശ വര്‍ധിപ്പിച്ചു. അഞ്ച് വയസ്സു തികയുമ്പോഴേക്ക് വസൂരി കാരണം മഹാനവര്‍കളുടെ കാഴ്ച്ച നഷ്ട്ടപ്പെട്ടു. എന്നാലിതിന് ആ വിജ്ഞാന കുതുകിയുടെ ജ്ഞാനാഭിനിവേശത്തിന് ഒരു കോട്ടവും വരുത്താന്‍ സാധിച്ചില്ല. സൂഹൃത്തിനെക്കൂട്ടി പള്ളിയില്‍ ചെന്ന് ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. ഇരുന്നൂറിലധികം റക്അത്ത് ദിനംപ്രതി നിസ്‌കരിച്ചു. പിതാവ് തന്നെയായിരുന്നു ആദ്യഗുരു. ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആനോടൊപ്പം മറ്റനേകം ഗ്രന്ഥങ്ങളും മനഃപാഠമാക്കി. പിന്നീട് നിരവധി പ്രശസ്ത ഗുരുക്കളുടെ കീഴില്‍ പഠനം. ഏറ്റവും സ്വാധീനിച്ചതും സൂഫി സരണിയിലേക്ക് നയിച്ചതും പ്രശസ്ത പണ്ഡിതനായ ഉമര്‍ ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ അത്താസ് ആണ്.
ഹളറമൗത്ത് പൊതുവേ ശാന്തമാണ്. വിനയം കാരണം സ്വന്തത്തെ മറക്കുന്ന ആളുകളുള്ള നാട്. ഒരു ഹളറമൌത്തുക്കാരന്‍ മറ്റൊരാളോട് ആദരവു കാണിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അവരുമായി ഇടപഴകുന്നവര്‍ക്കറിയാം. ഞാനവിടെ ചെന്നപ്പോഴെല്ലാം എനിക്കിത് അനുഭവപ്പെട്ടിട്ടുണ്ട്.
പ്രശസ്തമായ സംബല്‍ കബര്‍സ്ഥാനിവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഹദ്ദാദ് തങ്ങളും ഫഖീഹില്‍ മുഖദ്ദം തങ്ങളുമടക്കമുള്ള ആയിരക്കണക്കിന് പണ്ഡിതര്‍ മറപെട്ടുകിടക്കുന്ന സ്ഥലം. പലപ്പോഴും അവിടെ പോകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. സംബലില്‍ മറപെട്ടു കിടക്കുന്ന സാദാത്തുക്കള്‍ ഇന്നും ആ നാടിന് നിശബ്ദ സാന്നിധ്യമായി ആത്മീയ നേതൃത്വം നല്‍കുന്നുണ്ട്.
ഹളറമൗത്തിലെ അറിവിന്റെ ഗനികള്‍ തരീമിലാണുള്ളത്. ഇതേ തരീമിലാണ് ഹദ്ദാദ് തങ്ങള്‍ ജനിച്ചു വളര്‍ന്നതും. മഹാനവര്‍കളുടെ പാദസ്പര്‍ശമേറ്റത് കൊണ്ടാകാം തരീമിന് ഇന്നും പഴമ കാത്തു സൂക്ഷിക്കാന്‍ സാധിക്കുന്നത്. സര്‍വ്വരാലും അംഗീകരിക്കപെട്ടിട്ടും വല്ലാതെ വിനയം കാണിച്ച മഹാന്‍ പ്രശസ്തിയെ വല്ലാതെ വെറുക്കുന്ന വ്യക്തിയായിരുന്നു. ഒരിക്കല്‍, അത്ഭുത സിദ്ധികളുടെ ക്രോഡീകരണം നടത്തിയ ശിഷ്യന്മാര്‍, രചനയുടെ പ്രസിദ്ധീകരണാനുമതി വാങ്ങാനായി ഉസ്താദിന്റെ സവിധത്തിലെത്തി. ഇതു കാണേണ്ട താമസം ആ മുഖം വിവര്‍ണമായി. ഉടനെ എഴുതിയെതെല്ലാം മായ്ച്ചു കളയണമെന്ന് ശിഷ്യന്മാര്‍ക്ക് ഉത്തരവു നല്‍കി.
നല്ല ശരീര പ്രകൃതിയുള്ള വ്യക്തിയായിരുന്നു. നല്ല ഉയരമുള്ള വെളുത്ത ശരീരവും ഗാംഭീര്യം സ്ഫുരിക്കുന്ന മുഖഭാവവുമായിരുന്നു. പഠനക്കാലത്ത് അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യം കണ്ടിട്ട് ഉസ്താദുമാര്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു എന്ന് കിത്താബുകളില്‍ കാണാം. പില്‍കാലങ്ങളില്‍ മഹാനവര്‍കളുടെ സമുദ്ര സമാനമായ അറിവുകണ്ടിട്ട് ഉസ്താദുമാര്‍ തന്നെ ഹദ്ദാദ് തങ്ങളുടെ സബ്ഖു (ക്ലാസ്) കളില്‍ വന്നിരിക്കാറുണ്ടായിരുന്നു. അബ്ദുല്ല ഇബ്‌നു അഹ്മദുല്‍ ഫഖീഹ് എന്ന പ്രശസ്ത പണ്ഡിതനായിരുന്നു പഠനക്കാലത്തെ അടുത്ത കൂട്ടുകാരിലൊരാള്‍. അദ്ദേഹം പറയുന്നു: ഞങ്ങളെല്ലാവരും ഒപ്പമാണ് വളര്‍ന്നത് എന്നാല്‍ ഹദ്ദാദ് തങ്ങളുടെ ആത്മീയ വളര്‍ച്ച ഞങ്ങളെ കവച്ചു വെക്കുന്ന തരത്തിലായിരുന്നു. ചെറുപ്പ കാലത്തു തന്നെ യാസീന്‍ ഓതാന്‍ തുടങ്ങിയാല്‍ മഹാനവര്‍കള്‍ കരയുമായിരുന്നു. മറ്റൊരു സ്ഥലത്ത് ഹദ്ദാദ് തങ്ങള്‍ തന്നെ പറയുന്നു: ഞങ്ങള്‍ ആദ്യ കാലങ്ങളില്‍ മരിച്ചവരും(സിയാറത്ത്) ജീവിച്ചിരിക്കുന്നവരുമായ സജ്ജനങ്ങളെ അന്വേഷിച്ചു നാടുകള്‍ കറങ്ങാറുണ്ടായിരുന്നു. ഈ യാത്രകളത്രയും നടന്നു കൊണ്ടായിരുന്നു.
അഥിതികളെ മഹാനവര്‍കള്‍ പരിഗണിച്ച രീതികളില്‍ പ്രത്യേക മാതൃകയുണ്ട്. തന്റെ സദസ്സിലുള്ള ഒരോരുത്തരുടെയും പേരെടുത്തുപറഞ്ഞും അവരെ അടുത്തേക്കു വിളിച്ചു കാര്യങ്ങളന്വേഷിച്ചും അവരുടെ വിശേഷങ്ങള്‍ പങ്കുവെച്ചുമായിരുന്നു സ്വീകരണ രീതികളിലൊന്ന്. ഭൗതിക നേതാക്കള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി. അവര്‍ ഭൗതികരാണെന്ന് കരുതി മാറ്റി നിര്‍ത്താറില്ലായിരുന്നു. സദസ്സിലുള്ളവരും അപ്രകാരം തന്നെയായിരുന്നു. മഹാനവര്‍കളുടെ സദസ്സില്‍ അവര്‍ സാകൂതം ഇടം വലം തിരിയാതെ ശ്രദ്ധയോടെ ഇരിക്കുമായിരുന്നു. ഏതവസ്ഥയിലാണെങ്കിലും മഹാനവര്‍കളുടെ അല്ലാഹുവുമായുള്ള സാമീപ്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഹദ്ദാദ് തങ്ങള്‍ പറയുന്നു: ഒരാള്‍ കാരണവും ഞാനും എന്റെ റബ്ബുമായുള്ള ബന്ധത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. പുഞ്ചിരി തൂകി ഹൃദ്യമായ രീതിയില്‍ ആരെയും ആകര്‍ഷിക്കുന്ന അവിടുത്തെ സ്വഭാവമഹിമ മഹോന്നതമായിരുന്നു.
1132 ദുല്‍ഖഅ്ദ് ഏഴിന് അവിടുന്ന് ഇഹലോകവാസം വെടിഞ്ഞു. എകദേശം 88 വര്‍ഷക്കാലം ആ ജീവിതം ജീവിച്ചുതീര്‍ത്തതത്രയും മാതൃകകള്‍ മാത്രമായിരുന്നു. അവിടുന്ന് ക്രോഡീകരിച്ച ഹദ്ദാദ് റാത്തിബിനെ നമ്മള്‍ നെഞ്ചിലേറ്റി. ഇതുപോലെ അവിടുന്ന് ശീലമാക്കിയ ഇതര ശീലങ്ങളും നമ്മുടെ നിത്യ ജീവിതത്തിലേക്ക് പകര്‍ത്തിയാല്‍ തീര്‍ച്ചയായും നമ്മുടെ ജീവിതം കൂടുതല്‍ സാര്‍ഥകമാകും.

 

Latest