National
ആറന്‍മുള വിമാനത്താവളത്തിനായി വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി

ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിത പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. ജൂലൈ 29ന് ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധ സമിതിയാണ് കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചത്. വിമാനത്താവളത്തിന്റെ ആവശ്യകത സംബന്ധിച്ച് പ്രദേശത്തെ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താന്‍ അനുമതി നല്‍കരുതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അപേക്ഷയും വിദഗ്ധ സമിതി തള്ളി. വിമാനത്താവളത്തിനെതിരായ കേസുകളുടെ വിവരങ്ങള്‍ സമിതിയെ അറിയിക്കണമെന്നും മിനുട്‌സില്‍ പറയുന്നുണ്ട്.
നേരത്തെ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ പഠനത്തിന് പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കുന്നതിന് വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതിയാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.