Connect with us

Sports

'റിയോ ട്രാക്കില്‍ നിന്ന് നന്മയുടെ പാഠം

Published

|

Last Updated

ഫിനിഷിംഗ് ലൈനില്‍ അമേരിക്കന്‍ താരത്തെ (വലത്) കെട്ടിപ്പുണരുന്ന ന്യൂസിലാന്‍ഡ് താരം നിക്കി

റയോഡിജനീറോ: മനുഷ്യത്വം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ലോകത്തിന് റിയോ ഒളിമ്പ്യാഡിലെ ട്രാക്കില്‍ നിന്ന് നന്മയുടെ പാഠം. വനിതകളുടെ അയ്യായിരം മീറ്റര്‍ ഹീറ്റ്‌സിലാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ അധ്യായം പിറന്നത്. ഓട്ടത്തിനിടെ തടഞ്ഞുവീണ ന്യൂസിലാന്‍ഡ് താരം നിക്കി ഹാംബ്ലിനെ കൈപിടിച്ചുയര്‍ത്തിയ അമേരിക്കന്‍ അത്‌ലറ്റ് അബ്ബേ ഡി അഗോസ്റ്റിനോയാണ് മനുഷ്യത്വത്തിന്റെ ആള്‍രൂപമായി മാറിയത്.
ട്രാക്കില്‍ കണ്ണീര്‍വാര്‍ത്ത്കിടന്ന നിക്കിയെ ഓടാന്‍ പ്രേരിപ്പിച്ച അഗോസ്റ്റിനോക്ക് പക്ഷേ വീഴ്ചയില്‍ കാര്യമായി പരുക്കേറ്റിരുന്നു. നിക്കി ഓടാനൊരുങ്ങുമ്പോള്‍ അബ്ബേ കാല്‍ വേദന കാരണം ട്രാക്കില്‍ വീണു. തന്നെ കൈപിടിച്ചുയര്‍ത്തിയ അബ്ബേയെ വഴിക്കുപേക്ഷിച്ച് മത്സരം ആരംഭിക്കാന്‍ നിക്കിക്കും സാധിച്ചില്ല.
എന്നാല്‍, നിക്കിയോട് സമയം കളിയാതെ മത്സരം ആരംഭിക്കാന്‍ അബ്ബേ ആവശ്യപ്പെട്ടു. അപ്പോഴേക്കും മറ്റുള്ളവരെല്ലാം ഇവരെ മറികടന്ന് ബഹുദൂരം മുന്നേറിയിരുന്നു. വിഷമത്തോടെയാണെങ്കിലും നിക്കി ഓട്ടം ആരംഭിച്ചു. ട്രാക്കില്‍ കുറച്ച് നേരം വീണുകിടന്ന അമേരിക്കന്‍ താരം പരുക്ക് വകവെക്കാതെ മത്സരം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. രണ്ടായിരം മീറ്റര്‍ ഇനിയും പിന്നിടാനുണ്ടായിരുന്നു.
നിക്കി ഹാംബ്ലിന്‍ പതിനാറ് മിനുട്ട് 43 സെക്കന്‍ഡ്‌സില്‍ ഫിനിഷ് ചെയ്തു. മറ്റ് താരങ്ങളെല്ലാം തന്നെ രണ്ട് മിനുട്ട് മുമ്പേ ഹീറ്റ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. എത്യോപ്യയുടെ അല്‍മാസ് അയാന ഹീറ്റ്‌സില്‍ ജേതാവായി ഫൈനലില്‍ പ്രവേശിച്ചതിന്റെ ആഹ്ലാദത്തില്‍.
അപ്പോഴും അമേരിക്കന്‍ താരം അഗോസ്റ്റിനോ ട്രാക്കില്‍ മുടന്തി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. തന്നെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്ന സുഹൃത്തിനെ ഫിനിഷിംഗ് പോയിന്റില്‍ എതിരേല്‍ക്കാന്‍ നിക്കിയുണ്ടായിരുന്നു.
അഗോസ്റ്റിനയെ കെട്ടിപ്പുണര്‍ന്നു കൊണ്ട് നിക്കി നിന്നപ്പോള്‍ ഒളിമ്പിക് സ്റ്റേഡിയം കരഘോഷം മുഴക്കി. പലരും എഴുന്നേറ്റ് നിന്നാണ് ട്രാക്കിലെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ ആദരിച്ചത്. മത്സരശേഷം നിക്കി ആ സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ : ഞാന്‍ നിലം പതിച്ചു, എന്താണ് സംഭവിച്ചതെന്നറിയാതെ ഞാന്‍ ഗ്രൗണ്ടില്‍ മുഖം അമര്‍ത്തി കിടന്നു. അപ്പോഴാണ് ഒരു കൈ എന്റെ തോളില്‍ സ്പര്‍ശിച്ചത്. എഴുന്നേല്‍ക്കു, നമുക്ക് ഫിനിഷ് ചെയ്യണം – അഗോസ്റ്റിന്‍ എന്നെ പ്രോത്സാഹിപ്പിച്ചു.
ശരിയാണ് നമുക്ക് ഫിനിഷ് ചെയ്യണം, ഇത് ഒളിമ്പിക്‌സാണ്, നമുക്ക് ഫിനിഷ് ചെയ്‌തേ തീരൂ – ഞാനും പറഞ്ഞു.
അഗോസ്റ്റിനോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. അവള്‍ ഒളിമ്പിക് സ്പിരിറ്റിന്റെ മഹാസ്വരൂപമാണ്.
എന്നാല്‍ ഫൈനല്‍ കാണാതെ പുറത്തായ ഇരുവരെയും തേടി ഒളിമ്പിക് സംഘാടകരുടെ ആദരവെത്തി. രണ്ട് പേര്‍ക്കും ഫൈനലില്‍ മത്സരിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം. വലിയ സന്ദേശമാണ് അത്‌ലറ്റുകള്‍ ലോകത്തിന് നല്‍കിയത്.
അവരെ കൈപിടിച്ചുയര്‍ത്തേണ്ട ദൗത്യം ഒളിമ്പിക് കമ്മിറ്റിക്കുണ്ടതെന്നായിരുന്നു അധികൃതരുടെ ഭാഷ്യം. അഗോസ്റ്റിനും നിക്കിക്കും പുറമെ ട്രാക്കില്‍ കൂട്ടിയിടിച്ച് വീണ ആസ്ത്രിയന്‍ താരം ജെന്നിഫര്‍ വെന്‍തിനും ഫൈനലില്‍ ഓടാനുള്ള ഇളവ് നല്‍കിയിട്ടുണ്ട്.

Latest