Ongoing News
ഒളിമ്പിക്‌സ്: ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ പി വി സിന്ധു ഫൈനലില്‍
റിയോ ഡി ജനീറോ: റിയോ ഒളിമ്പ്യാഡ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുവര്‍ണ ചരിത്രമായി മാറിക്കഴിഞ്ഞു. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സാക്ഷി മാലിക്ക് മാറിയപ്പോള്‍ ബാഡ്മിന്റണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ഖ്യാതിയാണ് പി വി സിന്ധുവിനെ തേടിയെത്തിയത്. ഫലത്തില്‍ ഇന്ത്യക്ക് രണ്ട് മെഡലായി.
സാക്ഷിയിലൂടെ വെങ്കലമാണെങ്കില്‍ സിന്ധു പൊന്നണിയാന്‍ വെമ്പി നില്‍ക്കുന്നു. ജപ്പാന്റെ ഒകുഹാരയെ നേരിട്ട ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച സിന്ധു വെള്ളി മെഡല്‍ ഉറപ്പിച്ചു കഴിഞ്ഞു. 2012 ലണ്ടന്‍ ഒളിമ്പ്യാഡില്‍ സൈന നേടിയ വെങ്കലമാണ് ഇതുവരെ ഇന്ത്യയുടെ മികച്ച ബാഡ്മിന്റണ്‍ പ്രകടനം. റിയോയില്‍ സൈന നിരാശപ്പെടുത്തിയപ്പോള്‍ സിന്ധു ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി. രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലം നേടിയ ഏക ഇന്ത്യന്‍ താരവും സിന്ധുവാണ്. ഉയരമാണ് തെലങ്കാന താരത്തിന്റെ കരുത്ത്. കനത്ത സ്മാഷുകള്‍, ബോഡിലൈന്‍ സ്മാഷുകള്‍, ജാഗ്രതയോടെയുള്ള റിട്ടേണുകള്‍ എന്നിവയെല്ലാം സിന്ധുവിനെ തികഞ്ഞ പോരാളിയാക്കുന്നു. കാനഡയുടെ മിഷേലി ലിയെ അനായാസം തോല്‍പ്പിച്ച സിന്ധു ലോക രണ്ടാം റാങ്കുകാരി ചൈനയുടെ യിഹാന്‍ വാംഗിനെയും നേരിട്ട ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചതോടെ ടൂര്‍ണമെന്റ് ഫേവറിറ്റായി മാറി. ജപ്പാന്റെ ലോക മൂന്നാം നമ്പര്‍ നൊസോമി ഒകുഹാരയെ സെമിയില്‍ കീഴടക്കിയ സിന്ധുവിന് ഇനി ഒരാളെ കീഴടക്കിയാല്‍ ചരിത്ര സ്വര്‍ണംസ്വന്തമാക്കാം. ലോക ഒന്നാം നമ്പര്‍ കരോലിന മരിനാണ് ആ എതിരാളി. വെള്ളിയാഴ്ച ഫൈനല്‍ നടക്കും.
പുല്ലേല ഗോപിചന്ദിന്റെ ശിഷ്യയാണ് സിന്ധു. സൈന നെഹ്‌വാളിനെ ഒളിമ്പിക് മെഡല്‍ ജേതാവാക്കിയത് ഗോപിചന്ദായിരുന്നു. എന്നാല്‍, സൈന നെഹ്‌വാള്‍ ദേശീയ ബാഡ്മിന്റണ്‍ കോച്ചായ ഗോപിയോട് പിണങ്ങി വിമല്‍ കുമാറിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഇതിന് സൈന പ്രധാനമായും പറഞ്ഞ കാരണം ഗോപിചന്ദ് കൂടുതല്‍ സമയം സിന്ധുവിന് വേണ്ടി ചെലവഴിക്കുന്നുവെന്നതായിരുന്നു. സൈന കളിയുടെ ലോകം വിട്ട് ഫാഷന്‍ റാംപുകളിലും മറ്റും പ്രത്യക്ഷപ്പെട്ടതിനെ ഗോപീചന്ദ് ചോദ്യം ചെയ്തിരുന്നു. ഇതും ഇവരുടെ പിരിയലിന് കാരണമായി. സിന്ധുവാകട്ടെ പൂര്‍ണസമയം പരിശീലനത്തിന് മാറ്റിവെച്ച് ഒളിമ്പിക് ചരിത്ര നേട്ടത്തിലേക്ക് കുതിച്ചുകയറി. രണ്ട് മാസമായി സിന്ധു ഫോണ്‍ ഉപയോഗിക്കുന്നില്ലത്രേ !!!
Hearty congratulations #PVSindhu, well played, all the best for the finals #PresidentMukherjee
— President of India (@RashtrapatiBhvn) August 18, 2016