Sports
ഒളിമ്പിക്‌സിലെ വനിതാ രത്‌നങ്ങള്‍
സാക്ഷി മാലിക്കിലൂടെ ഇന്ത്യ സ്വന്തമാക്കിയത് ഇരുപത്തഞ്ചാം ഒളിമ്പിക് മെഡല്‍. ഇതില്‍ വനിതകളുടെ വിഹിതം നാല് മെഡലുകളാണ്. രാജ്യം ഒരു മെഡലിനായി ആഗ്രഹിച്ച്, പ്രാര്‍ഥനയോടെ നില്‍ക്കുമ്പോഴായിരുന്നു വനിതകള്‍ അപ്രതീക്ഷിതമെന്നോണം മെഡല്‍ സമ്മാനിച്ചത്. റിയോയിലും അത് സംഭവിച്ചു. ഷൂട്ടിംഗിലും ബോക്‌സിംഗിലും അമ്പെയ്ത്തിലുമെല്ലാം നിരാശ മാത്രമായപ്പോള്‍ ഗുസ്തിയില്‍ സാക്ഷി മാലിക്കില്‍ നിന്ന് മെഡല്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. റിയോയിലേക്ക് പുറപ്പെട്ട സംഘത്തില്‍ സാക്ഷി മാലിക്ക് എന്ന താരത്തിന്റെ പേര് തന്നെ ഉയര്‍ന്നു കേട്ടില്ല. റിയോയില്‍ രാഷ്ട്രം ഒരു മെഡലിനായി കാത്തിരുന്നപ്പോള്‍ സാക്ഷി മാലിക് രക്ഷകയുടെ റോളിലെത്തി. 58 കി.ഗ്രാം വിഭാഗത്തില്‍ റെപഷാഗെ റൗണ്ടിലൂടെ വെങ്കലം. ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിയും ബോക്‌സിംഗില്‍ മേരികോമും ബാഡ്മിന്റണില്‍ സൈന നെഹ്‌വാളും ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ച വനിതാ രത്‌നങ്ങളാണ്. ഇക്കൂട്ടത്തിലേക്കാണ് സാക്ഷിയും ഉള്‍പ്പെടുന്നത്.
2000 സിഡ്‌നി ഒളിമ്പിക്‌സിലാണ് കര്‍ണം മല്ലേശ്വരി വെയ്റ്റ്‌ലിഫ്റ്റിംഗില്‍ വെങ്കലം നേടുന്നത്. ഈ ഇനത്തില്‍ ആദ്യമായി മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമായി മല്ലേശ്വരി. സ്‌നാച്ചില്‍ 110 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 130 കിലോയും ഉയര്‍ത്തിയാണ് മല്ലേശ്വരി മെഡലണിഞ്ഞത്. 69 കി.ഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന്് ശേഷം മല്ലേശ്വരിയുടെ ആദ്യ അവസരം ഒളിമ്പിക്‌സായിരുന്നു. എന്നിട്ടും പ്രതീക്ഷക്കൊത്ത പ്രകടനംകാഴ്ചവെച്ചു. മല്ലേശ്വരിക്ക് ഇന്നും ഒരു നിരാശയുണ്ട്. തന്റെ പരിശീലകര്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ സ്വര്‍ണം തന്നെ നേടാമായിരുന്നുവെന്ന് മല്ലേശ്വരി വിശ്വസിക്കുന്നു. അവസാന അവസരത്തില്‍ സ്വര്‍ണം ലക്ഷ്യമിട്ട് 137.5 കിലോ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ഉയര്‍ത്താനാണ് പരിശീലകര്‍ തീരുമാനിച്ചത്. ഇവിടെ ഇന്ത്യന്‍ താരം പരാജയപ്പെട്ടു. യഥാര്‍ഥത്തില്‍ 132.5 കി.ഗ്രാം മതിയായിരുന്നു സ്വര്‍ണം നേടുവാന്‍. പരിശീലകര്‍ക്ക് കണക്കില്‍ പിഴച്ചപ്പോള്‍ മല്ലേശ്വരിക്ക് സ്വര്‍ണം കൈമോശം വന്നു.
അടുത്ത വനിതാ മെഡലിനായി ഇന്ത്യ പന്ത്രണ്ട് വര്‍ഷം കാത്തിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബോക്‌സിംഗ് താരം മേരി കോമും ബാഡ്മിന്റണില്‍ സൈന നെഹ്‌വാളും വെങ്കലം സ്വന്തമാക്കിയതാണ് ഇത്.
46 കി.ഗ്രാം, 48 കി.ഗ്രാം വിഭാഗത്തില്‍ ലോക ബോക്‌സിംഗ് ചാമ്പ്യനായ മേരി കോം രണ്ട് മക്കളുടെ അമ്മയായ ശേഷമാണ് കരിയറിലെ പ്രധാന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. ഒളിമ്പിക്‌സില്‍ അത്ര പരിചിതമല്ലാത്ത വെയ്റ്റ് കാറ്റഗറിയായ 51 കി.ഗ്രാമിലാണ് മത്സരിച്ചത്. വെങ്കലം നേടി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇരുപത്തിരണ്ട് വയസുള്ളപ്പോഴാണ് സൈന ലണ്ടനില്‍ വെങ്കലം നേടുന്നത്. ഇന്ത്യന്‍ ബാഡ്മിന്റണില്‍ വലിയ വിപ്ലവമായി ഈ വിജയം.
ഗുസ്തിയില്‍ സുശീല്‍ കുമാറും യോഗീന്ദറും നേടിയ മെഡല്‍ നേട്ടം വനിതാ ഗുസ്തിയിലും വലിയ ഉണര്‍വുണ്ടാക്കി. റിയോയില്‍ സാക്ഷി മാലിക്ക് നേടിയ വെങ്കല മെഡല്‍ അത് ശരി വെക്കുന്നു.