Kerala
സര്‍ക്കാറിന് താല്‍പര്യമില്ലെങ്കില്‍ രാജിവെക്കാന്‍ തയ്യാറെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
പമ്പ: സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമില്ലെങ്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. നിലവിലെ ഭരണസമിതിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം. തന്റെ ഭരണകാലത്ത് വിവാദ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജി സുധാകരന്‍ തനിക്കെതിരെ അഭിപ്രായം പറഞ്ഞത് ഒഴിവാക്കുന്നതിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നു. എത്രകാലം പദവിയിലിരുന്നു എന്നതിനപ്പുറം ഇരിക്കുന്ന സമയത്തെ പ്രവൃത്തിയാണ് പ്രധാനമെന്നും പ്രയാര്‍ വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളില്‍ കൈകടത്താന്‍ ശ്രമമുണ്ട്. മുഖ്യമന്ത്രിയുടെ പല നിര്‍ദേശങ്ങളും ഭക്തസമൂഹം അംഗീകരിക്കില്ല. ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് വഴിപാട് നിരക്ക് കൂട്ടിയത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിരക്ക് പിന്‍വലിക്കാന്‍ തയ്യാറാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പമ്പയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. ശബരിമലയില്‍ വിഐപി ദര്‍ശനം നിര്‍ത്തലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമാണ് വാഗ്വാദത്തിന് കാരണമായത്.