Connect with us

Kerala

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്തു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്‍.ആര്‍.ഐ സീറ്റിലടക്കം മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ പ്രവേശനം നടത്തും.

50ശതമാനം വരുന്ന മെറിറ്റ് സീറ്റിലെ പ്രവേശനം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കി ആയിരിക്കും. അതേസമയം, എന്‍.ആര്‍.ഐ, മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനം ദേശീയ പൊതു പ്രവേശന പരീക്ഷ (നീറ്റ്) അടിസ്ഥാനമാക്കി നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പ്രവേശന പരീക്ഷ കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.

നേരത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം സംസ്ഥാനത്തു പൂര്‍ണമായും നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനമായിരുന്നു ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായത്.

എന്നാല്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ പ്രതിഷേധം വകവയ്ക്കാതെ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് എംഇഎസ് അറിയിച്ചു. ജയിംസ് കമ്മിറ്റി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു.

Latest