Kerala
ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി
കൊച്ചി/ മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്നലെ ഉച്ചക്ക് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 8.20നാണ് ജിദ്ദ വിമാനത്താവളത്തിലെത്തിയത്. ജിദ്ദ വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം ബസ് മാര്‍ഗം ഇവരെ മക്കയിലെ താമസ സ്ഥലത്തെത്തിച്ചു. വിശുദ്ധ ഹറം പള്ളിയുടെ ആയിരം മീറ്റര്‍ പരിധിക്കുള്ളില്‍ ഗ്രീന്‍ കാറ്റഗറി താമസ സൗകര്യമാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയത്. പുണ്യഭൂമിയിലെത്തിയ ആദ്യ സംഘത്തിന് ആര്‍ എസ് സി പ്രവര്‍ത്തകരും മറ്റ് മലയാളി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
ഗ്രീന്‍ കാറ്റഗറിക്കാര്‍ക്ക് താമസ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യുന്നതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. 23 റിയാല്‍ നിരക്കില്‍ ഇവര്‍ക്ക് സിം കാര്‍ഡും ലഭ്യമാക്കുന്നുണ്ട്. നേരത്തെ ആദ്യ വിമാനം മന്ത്രി കെ ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്തു. സിയാല്‍ വിമാനത്താവളത്തില്‍ നിന്ന് സഊദി എയര്‍ലൈന്‍സിന്റെ വിമാനം ഉച്ചക്ക് 3.20ന് പറന്നുയര്‍ന്നു. 229 സ്ത്രീകളുള്‍പ്പെടെ 450 പേര്‍ ആദ്യ സംഘത്തിലുള്‍പ്പെടുന്നു.
10,527 പേര്‍ക്കാണ് ഇക്കുറി കൊച്ചി വഴി ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചത്. സെപ്തംബര്‍ അഞ്ച് വരെയാണ് സഊദിയിലേക്കുള്ള യാത്ര. ആകെ 24 സര്‍വീസുകളുണ്ട്. ഫഌഗ് ഓഫ് ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എം എല്‍ എ മാരായ അന്‍വര്‍ സാദത്ത്, വി കെ ഇബ്‌റാഹിം കുഞ്ഞ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, ഓപറേഷന്‍സ് ഡി ജി എം ദിനേഷ് കുമാര്‍, ഹജ്ജ് കമ്മറ്റി അംഗങ്ങള്‍, കോ- ഓഡിനേറ്റര്‍ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.