Ongoing News
ജയ്ഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ തുറന്നടിച്ച ഒപി ജയ്ഷയ്‌ക്കെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്ത്. മാരത്തണ്‍ മത്സരത്തില്‍ ഊര്‍ജ്ജദായകമായ പാനീയങ്ങള്‍ നിരസിച്ചത് ഒപി ജയ്ഷ മത്സരത്തിനിടെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ്ഔദ്യോഗിക വാര്‍ത്ത കുറിപ്പിലൂടെ എഎഫ്‌ഐ വിശദീകരണം നല്‍കിയത്. മത്സരത്തിനിടെ താരങ്ങള്‍ അധികമായി ഒന്നും കഴിക്കാറില്ലെന്നും അതിനാല്‍ ഒന്നും കരുതേണ്ട കാര്യമില്ലെന്നും ജെയ്ഷയുടെ കോച്ച് നികോളെ പറഞ്ഞിരുന്നു. താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ തങ്ങള്‍ പാസ് എടുത്തിരുന്നു. എന്നാല്‍ കോച്ച് നിരസിച്ചതിനാല്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണ് എ.എഫ്.ഐ സെക്രട്ടറി സി.കെ വല്‍സണ്‍ വ്യക്തമാക്കി.
റിയോയിലെ കത്തുന്ന ചൂടിലും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തനിക്ക് വെള്ളവും മറ്റ് ഊര്‍ജ്ജദായകമായ പാനീയങ്ങളും മത്സരത്തിനിടെ നല്‍കിയിരുന്നില്ലെന്ന് തിങ്കളാഴ്ച ഒപി ജയ്ഷ ആരോപിച്ചിരുന്നു. എന്നാല്‍ എ.എഫ്.ഐയുടെ നിലപാടിനെ ചോദ്യം ചെയ്ത ജെയ്ഷ തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലെന്ന് തിരിച്ചടിച്ചു. തന്റെ കരിയറില്‍ ഒരിക്കല്‍ പോലും ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ല. സര്‍ക്കാരിനെതിരെയോ എ.എഫ്.ഐയ്‌ക്കെതിരെയോ പോരാടാന്‍ തനിക്ക് കഴിയില്ല. എന്നാല്‍ സത്യം എന്താണെന്ന് തനിക്കും ദൈവത്തിനും അറിയാം. താനത് സ്‌പോര്‍ട്‌സിന് സമര്‍പ്പിക്കുകയാണ്.
എ.എഫ്.ഐയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയില്‍ അന്വേഷണം വേണമെന്നും ജെയ്ഷ ആവശ്യപ്പെട്ടു. അവിടെ സ്ഥാപിച്ചിരുന്ന കാമറകള്‍ പരിശോധിച്ചാല്‍ സത്യം മനസ്സിലാകും. താന്‍ മരണത്തോട് അടുത്ത അവസ്ഥയിലായിരുന്നു. എന്നിട്ടും അവര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ജെയ്ഷ പറയുന്നു. കേരളത്തിന്റെ ദീര്‍ഘദൂര ഓട്ടക്കാരിയായ ജെയ്ഷ 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിയോ മാരത്തണില്‍ ഫിനിഷിംഗ് പോയിന്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
എട്ടു കിലോമീറ്റര്‍ ഇടവേളകളില്‍ ഒളിമ്പക്‌സ് സംഘടാകരും വെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കും. എന്നാല്‍ എ.എഫ്.ഐ താരങ്ങള്‍ക്ക് ഒരു സൗകര്യവും ഒരുക്കിയില്ലെന്ന് മാത്രമല്ല കുഴഞ്ഞുവീണ ജെയ്ഷയെ നോക്കാന്‍ ഇന്ത്യന്‍ സംഘത്തിലെ ഡോക്ടര്‍പോലും സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു താരവും കോച്ചുമാണ് ജെയ്ഷയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയത്