Articles
റിയോയില്‍ നിന്ന് ടോക്യോയിലേക്ക് എത്ര ദൂരം?

നൂറ്റിഇരുപത്തിയഞ്ച് കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ഒരു വെള്ളിയും വെങ്കലവും മാത്രം. റിയോ ഒളിമ്പിക്‌സിന്റെ ബാക്കിപത്രമാണിത്. ഇന്ത്യന്‍ ജനതയുടെ സ്വപ്‌നങ്ങളും പേറി 115 പേരടങ്ങിയ സംഘം റിയോയിലേക്ക് തിരിക്കുമ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു അവര്‍ക്കും നമുക്കും. ലണ്ടന്‍ ഒളിമ്പിക്‌സിനേക്കാള്‍ മികച്ച പ്രകടനം പ്രതീക്ഷിച്ച ഇന്ത്യക്ക് റിയോയില്‍ ലഭിച്ചത് ആകെ രണ്ട് മെഡലുകളാണ്. ഗുസ്തിയില്‍ സാക്ഷി മാലിക്കിന്റെ വെങ്കലവും ബാഡ്മിന്റണില്‍ പി വി സിന്ധുവിന്റെ വെള്ളിയും. നാല് വര്‍ഷം കഴിഞ്ഞ് ടോക്യോയില്‍ ട്രാക്കും ഫീല്‍ഡും വീണ്ടും ഉണരുമ്പോള്‍ ഈ രണ്ടില്‍നിന്ന് നാമെത്ര ദൂരം സഞ്ചരിക്കും. ലണ്ടനില്‍നിന്ന് റിയോയിലെത്തുമ്പോള്‍ മെഡലുകളുടെ എണ്ണം ആറില്‍നിന്ന് രണ്ടായി ചുരുങ്ങിയെങ്കില്‍ ഇനി ടോക്യോയിലെത്തുമ്പോള്‍ മെഡലുകളൊന്നുമില്ലാത്ത അവസ്ഥയാകുമോ കാത്തിരിക്കുന്നത്? അതോ അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഒരു മുന്നേ#േറ്റം നടത്താന്‍ രാജ്യത്തിനാകുമോ?
റിയോയിലേക്ക് പോയ സംഘത്തില്‍ മെഡലുകള്‍ നേടുമെന്ന് പ്രതീക്ഷിച്ചവരെല്ലാം നിരാശരാക്കി. മരുന്നടിയുടെ പേരില്‍ നര്‍സിംഗ് യാദവിനെ നാല് കൊല്ലത്തേക്ക് രാജ്യാന്തര കായിക കോടതി ശിക്ഷിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ രാജ്യത്തിന് ലഭിച്ച മെഡലുകളെ കാണാന്‍. മെഡലുകളൊന്നുമില്ലാതെ റിയോയില്‍നിന്ന് മടങ്ങേണ്ടിവരുമെന്ന ഘട്ടത്തിലായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി സാക്ഷിയും സിന്ധുവും മെഡലുകള്‍ നേടുന്നത്. അതുകൊണ്ട് തന്നെ രാജ്യം മുഴുവന്‍ ഈ മെഡല്‍ നേച-ട്ടം ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കിടയിലെ ചില പുഴുക്കുത്തുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമോ? “പുര കത്തുമ്പോള്‍ വാഴ വെട്ടുക” എന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. മെഡല്‍ നേടിയത് രണ്ട് സ്ത്രീകളായി എന്നതുയര്‍ത്തിക്കാണിച്ച് ഈ വിജയങ്ങളുടെ ദിശ തിരിച്ചുവിടാന്‍ ശ്രമിക്കുന്നവരും മെഡല്‍ നേടിയവരുടെ ജാതി തിരയുന്നവരും എല്ലാം കൂടി ഈ നേട്ടത്തിന്റെ മാറ്റ് കുറക്കുകയാണോ?
റിയോയില്‍നിന്ന് വെറും കൈയോടെ മടങ്ങേണ്ടിവരുമെന്ന ഘട്ടത്തിലാണ് സാക്ഷിയിലൂടെയും സിന്ധുവിലൂടെയും മെഡല്‍ പട്ടികയിലേക്ക് ഇന്ത്യ കയറിയത്. അതിനെ ആ രീതിയില്‍ തന്നെ കാണുകയും രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചവരെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതും തന്നെയാണ്. സിന്ധു മത്സരിച്ച ബാഡ്മിന്റണ്‍ ഫൈനല്‍ നടക്കുമ്പോള്‍ കായികപ്രേമികള്‍ ഒന്നടങ്കം ടി വി ക്ക് മുന്നിലെത്തിയത് ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ തന്നെയാണ്. എന്നാല്‍ ഈ വിജയങ്ങള്‍ ഏതെങ്കിലും സംസ്ഥാനത്തിന്റെയോ ജാതിയുടെയോ നേട്ടമായി ചുരുക്കുന്ന തരത്തിലുള്ള വാദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. അത് കായികരംഗത്തിനും രാജ്യത്തിനും ഒരു നേട്ടവും കൊണ്ടുവരുന്നില്ല. എന്നുമാത്രമല്ല മെഡല്‍ നേടിയത് സ്ത്രീകളായി എന്നതു കൊണ്ട് മാത്രം സ്ത്രീകള്‍ വര്‍ത്തമാന യുഗത്തില്‍ അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുകയും ചെയ്യുന്നില്ല. ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ രാജ്യത്തിനുവേണ്ടി വെള്ളി മെഡല്‍ നേടുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു പുരുഷന്റെ പങ്കിനെ കുറിച്ച് അപ്പോഴെന്തു പറയും? “സ്ത്രീ സ്വാതന്ത്ര്യവാദം” ഉയര്‍ത്തുന്നവര്‍ മറന്നുപോകുന്ന വസ്തുതയാണിത്. കര്‍ശന നിയന്ത്രണങ്ങളിലൂടെയാണ് പി വി സിന്ധുവിനെ പുല്ലേല ഗോപിചന്ദ് എന്ന കോച്ച് മെഡല്‍ നേട്ടത്തിലേക്കെത്തിച്ചത്. സിന്ധു മാത്രമല്ല, കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെങ്കലം നേടിയ സൈന നെഹ്‌വാളും ഇതേ അച്ചടക്കത്തിലൂടെയാണ് ആ നേട്ടത്തിനര്‍ഹയായത്. പരിശീലനത്തിന്റെ ഭാഗമായി മൂന്ന് മാസത്തിലേറെ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയും ഇഷ്ടവിഭവങ്ങള്‍ ത്യജിക്കുകയും ചെയ്തുകൊണ്ടാണ് സിന്ധു ഈ നേട്ടത്തിലേക്ക് കാലെടുത്തുവെക്കുന്നത്. അതേസമയം, ഒളിമ്പിക്‌സിന്റെ മറവില്‍ ചില കായിക താരങ്ങളും ഉദ്യോഗസ്ഥരും നടത്തുന്ന കള്ളക്കളികള്‍ ആരും ചര്‍ച്ച ചെയ്യാതെ വിട്ടുകളയുകയും ചെയ്യുന്നു. ഒളിമ്പിക്‌സിന്റെ പേരില്‍ ചിലര്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുമ്പോള്‍ മറ്റു ചില “അനര്‍ഹര്‍” രാജ്യത്തിന് മാനക്കേടും സാമ്പത്തിക നഷ്ടവും വരുത്തുന്നുണ്ടോ എന്നുകൂടി ചിന്തിക്കേണ്ട സമയമാണിത്. ഒളിമ്പിക്‌സിന്റെ മറവില്‍ “ടൂര്‍” ഒപ്പിച്ചെടുക്കുന്നവരും വിരളമല്ല. ഇതും കുറെ കാലമായി നമ്മുടെ ഒളിമ്പിക്‌സിന്റെ ഭാഗമാണ്. ഒളിമ്പിക്‌സ് വില്ലേജില്‍ കയറാന്‍ അനുവാദമില്ലാത്ത ഇടങ്ങളില്‍ കയറി രാജ്യത്തിന് നാണക്കേടുണ്ടാക്കിയ കായികമന്ത്രിയുടെ നടപടിയും മാരത്തണ്‍ ഓട്ടത്തിനിടെ വെള്ളം ലഭിക്കാതെ കുഴഞ്ഞുവീണ് മരണത്തിനടുത്തെത്തി എന്ന ഒ പി ജയ്ഷയുടെ വെളിപ്പെടുത്തലും മറ്റൊന്നല്ല വിളിച്ചുപറയുന്നത്.
മെഡല്‍ പ്രതീക്ഷയോടെ റിയോയിലേക്ക് പോയ പല കായിക താരങ്ങള്‍ക്കും യോഗ്യതാ മാര്‍ക്കിനടുത്ത് പോലുമെത്താന്‍ കഴിയാതെ മടങ്ങേണ്ടിവന്നു. ട്രിപ്പിള്‍ ജമ്പില്‍ മത്സരിച്ച രഞ്ജിത് മഹേശ്വരിയുടെ റിയോയിലെ പ്രകടനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പി ടി ഉഷയെ പോലുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ 11ന് ബംഗളുരുവില്‍ നടന്ന ഗ്രാന്‍ഡ് പ്രീ മീറ്റിലൂടെയാണ് രഞ്ജിത് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. 17.30 മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡോടെ റിയോയിലെത്തിയ അദ്ദേഹത്തിന് ആ നേട്ടം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രല്ല, ഒരു മീറ്ററിലേറെ പിറകിലേക്ക് പോരുകയും ചെയ്തു. ഈ അവസരത്തിലാണ് ഇത്തരം പ്രകടനങ്ങളുടെ ആധികാരികത സംബന്ധിച്ച അന്വേഷണം നടത്തണമെന്ന് പി ടി ഉഷ ആവശ്യപ്പെടുന്നത്. ഷൂട്ടിംഗിലെ മെഡല്‍ പ്രതീക്ഷയായിരുന്ന ജിത്തു റായിയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായി. ഗുസ്തിതാരം നര്‍സിംഗ് യാദവിന് റിയോയില്‍ മത്സരത്തിനിറങ്ങുംമുമ്പ് വിലക്കേര്‍പ്പെടുത്തിയത് രാജ്യത്തെ സംബന്ധിച്ച് അപമാനകരമാണ്. ഉത്തേജക പരിശോധനാ റിപ്പോര്‍ട്ട് പോസിറ്റീവായതിനെ തുടര്‍ന്ന് ഒളിമ്പിക്‌സ് സംഘത്തില്‍നിന്ന് പുറത്താകുമെന്ന അവസ്ഥയില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നിലപാടാണ് നര്‍സിംഗിനെ റിയോയിലെത്തിച്ചത്. പക്ഷേ, ഇതിനെതിരെ “വാഡ” അപ്പീല്‍ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര കായിക കോടതി നര്‍സിംഗിനെ മത്സരത്തിനിറങ്ങുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഒളിമ്പിക് മെഡല്‍ എന്ന സ്വപ്‌നം പൂവണിയേണ്ടതു തന്നെയാണ്. പക്ഷേ, കായികനിയമങ്ങളും തത്വങ്ങളും കാറ്റില്‍പ്പറത്തി താരങ്ങളെ മത്സരങ്ങളിലേക്കയക്കുന്ന നടപടികള്‍ ബന്ധപ്പെട്ടവരുടെ അലംഭാവമാണ് കാണിക്കുന്നത്.
ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിനു വേണ്ടിയുള്ള യോഗ്യതാ ട്രയല്‍സുകളിലെ പ്രകടനങ്ങള്‍ അന്വേഷിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വന്‍ സംഘങ്ങളെ അയച്ച് ഒന്നോ രണ്ടോ മെഡലുകള്‍ നേടി പോരേണ്ട അവസ്ഥ രാജ്യം നേരിടാതിരിക്കാന്‍ ഇതെല്ലാം അനിവാര്യമായിരിക്കുന്നു എന്നു ചിന്തിക്കുന്നവര്‍ ഇപ്പോള്‍ നിരവധിയാണ്. ഒളിമ്പിക് യോഗ്യത നേടിയെടുക്കുന്നതിനുവേണ്ടി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയും ദേശീയ അത്‌ലറ്റിക് ഫെഡറേഷനും വഴിവിട്ട മാര്‍ഗങ്ങള്‍ അവലംബിക്കുന്നു എന്നത് കാലങ്ങളായി കേള്‍ക്കുന്ന പരാതിയാണ്. പക്ഷേ, ഇത്തരം ചിലശബ്ദങ്ങളെ പരിഗണിക്കാന്‍ അതത് കാലത്തെ ഭരണാധികാരികള്‍ അലംഭാവം കാണിക്കുന്നതിന്റെ തിക്തഫലമാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. ലക്ഷ്യബോധത്തോടെയുള്ള ചിട്ടയായ പരിശീലനവും ദീര്‍ഘകാല പദ്ധതികളും മാത്രമേ കായികരംഗത്ത് നമുക്ക് നേട്ടം കൊണ്ടുവരികയുള്ളൂ. അതിന്നായി നമ്മുടെ താത്പര്യങ്ങളും ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും മാറ്റിവെക്കേണ്ടിവരും. ഒളിമ്പിക്‌സ് വാതില്‍ക്കലെത്തുമ്പോള്‍ ചില “ഗ്രാന്റ്പ്രീ”കള്‍ നടത്തി ഉറ്റവരെയും ഉടയവരെയും കുത്തിക്കയറ്റി ഒരു “ടൂര്‍” സംഘടിപ്പിച്ചാല്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ പൂവണിയുകയില്ല.
ഫിജിയെ പോലുള്ള ചെറിയ രാഷ്ട്രങ്ങളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളും സ്വര്‍ണമെഡലുകളുമായി മടങ്ങുമ്പോള്‍ ഒരു വെള്ളിയും വെങ്കലവുമായി തൃപ്തിയടയേണ്ട അവസ്ഥ രാജ്യത്തിന് വന്നു. തീര്‍ച്ചയായും ഇന്ത്യന്‍ കായികരംഗത്തെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചു പുനഃരാലോചിക്കേണ്ട സമയമാണിത്. ഇത്തരം ആലോചനകളില്‍നിന്നും അന്വേഷണങ്ങളില്‍നിന്നും ഉരുത്തിരിയുന്ന ആശയങ്ങളും അഭിപ്രായങ്ങളും നാല് കൊല്ലത്തിനപ്പുറം നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്‌സിലേക്കുള്ള മുതല്‍ക്കൂട്ടായി മാറേണ്ടതുണ്ട്. രാജ്യത്തിന്റെ കായികസ്വപ്‌നങ്ങള്‍ വെറും സ്വപ്നങ്ങള്‍ മാത്രമായി അവശേഷിക്കാതിരിക്കാന്‍ അത്തരം ചില മുന്നേറ്റങ്ങള്‍ ആവശ്യമായിരിക്കുന്നു.