Kerala
പാഠപുസ്തകങ്ങളെത്താതെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ
പാലക്കാട്: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഓണപ്പരീക്ഷ തുടങ്ങാനിരിക്കെ സംസ്ഥാന സിലബസ്സിലുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ ഇനിയും ലഭിച്ചില്ല. ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ ടി പാഠപുസ്തകങ്ങളും എട്ടാം ക്ലാസിലെ ബേസിക് സയന്‍സ് പുസ്തകങ്ങളുമാണ് വിദ്യാര്‍ഥികള്‍ക്ക് ഇത് വരെ ലഭിക്കാത്തത്. കെ ബി പി എസില്‍ അച്ചടി പൂര്‍ത്തിയായ പുസ്തകങ്ങള്‍ ഇപ്പോള്‍ ജില്ലകളിലെ ഡിപ്പോകളില്‍ കെട്ടിക്കിടക്കുകയാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പണമടച്ച് ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ റിലീസിംഗ് ഓര്‍ഡറോടെ കെ ബി പിഎസിന്റെ ഡിപ്പോകളില്‍ നിന്ന് പുസ്തകങ്ങള്‍ കൈപ്പറ്റുകയാണ് വേണ്ടത്.
എന്നാല്‍, ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ റിലീസിംഗ് ഓര്‍ഡറുമായി ഒരു സ്‌കൂളും കെ ബി പി എസ് ഡിപ്പോയില്‍ എത്തിയിട്ടില്ല. ആദ്യ ടേമിലെ പുസ്തകങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ അടുത്ത ടേമിലെ പുസ്തകങ്ങള്‍ ഡിപ്പോയിലെത്തിക്കാന്‍ കെ ബി പി എസിന് ആയിട്ടില്ല. ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് മാത്രമല്ല, പ്ലസ് വണ്ണിലെ കണക്കും ഇക്കണോമിക്‌സ് പുസ്തകങ്ങളും മിക്ക വിദ്യാര്‍ഥികള്‍ക്കും ലഭിച്ചിട്ടില്ല. സി ആപ്റ്റിന് ആണ് ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ട ചുമതല.
പ്രവേശന സമയത്ത് തന്നെ പുസ്തകങ്ങള്‍ക്കുള്ള പണം അടച്ച വിദ്യാര്‍ഥികളോട് പുസ്‌കങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ എടുക്കണമെന്നാണ് സ്‌കൂളുകളില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശമത്രെ. പുസ്തകം കിട്ടിയ കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് പുസ്തകമില്ലാതെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം. ഹയര്‍സെക്കന്‍ഡറിയില്‍ ആറ് വിഷയങ്ങളാണ് പഠിക്കാനുള്ളത്. ചില വിഷയങ്ങള്‍ക്ക് ഒന്നും രണ്ടും പുസ്തകങ്ങളുണ്ട്.
ഒരു പുസ്തകത്തില്‍ ശരാശരി 150 ഓളം പേജുകള്‍ വരും. അത് മുഴുവന്‍ ഫോട്ടോസ്റ്റാറ്റ് എടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്നത്. അതായത് പുസ്തകത്തിനുള്ള പണത്തിന് പിന്നാലെ ഫോട്ടോസ്റ്റാറ്റിനുള്ള പണം കൂടി കണ്ടെത്തേണ്ട സ്ഥിതിയാണിപ്പോള്‍. സാമ്പത്തിക ശേഷിയുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോസാറ്റ് എടുത്ത് പരീക്ഷക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ധരായ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ എടുത്ത ക്ലാസുകള്‍ ഓര്‍മ വെച്ച് പരീക്ഷയെ നേരിടേണ്ട അവസ്ഥയാണ്.