Connect with us

Kannur

ഇരുപതിനായിരം ആദിവാസി കുടുംബങ്ങള്‍ക്ക് വീടില്ല

Published

|

Last Updated

കണ്ണൂര്‍ :സ്വന്തമായി പാര്‍പ്പിടമില്ലാത്ത ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ പദ്ധതികള്‍ വേണ്ടവിധത്തില്‍ പ്രയോജനം കണ്ടില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. ആദിവാസി ക്ഷേമത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴും സര്‍ക്കാര്‍ കണക്കുപ്രകാരം 20,061 ആദിവാസികള്‍ ഇപ്പോഴും വീടില്ലാത്തവരാണ്. ആദിവാസി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച ഭവന പദ്ധതിയാണ് പ്രധാനമായും പാളിപ്പോയത്.
ഭവനരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും വീട് നല്‍കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതി പൂര്‍ത്തീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും ഇരുപതിനായിരത്തിലധികം പേര്‍ ഭവനരഹിതരാണെന്ന കണ്ടെത്തലാണ് സര്‍ക്കാര്‍ തലത്തില്‍ വീണ്ടും ചര്‍ച്ചയായത്. പട്ടികവര്‍ഗ വികസന വകുപ്പ് മുഖേനയുള്ള ജനറല്‍ ഹൗസിംഗ് സ്‌കീം, ഹഡ്‌കോ ഭവന നിര്‍മാണ പദ്ധതി, എ ടി എസ് പി ഭവനനിര്‍മാണ പദ്ധതി, ഗ്രാമവികസന വകുപ്പിന്റെ ഇന്ദിരാ ആവാസ് യോജന പദ്ധതി എന്നിവയെല്ലാം മുഖാന്തരമാണ് സംസ്ഥാനത്തെ ആദിവാസികള്‍ക്ക് പാര്‍പ്പിട നിര്‍മാണത്തിനുള്ള സഹായം ലഭ്യമാക്കിയിരുന്നത്.
വീട് നല്‍കുന്ന പദ്ധതിയില്‍ വീടൊന്നിന് മൂന്നര ലക്ഷം രൂപയാണ് ചെലവായി നല്‍കുന്നത്. രണ്ട് മുറി, സിറ്റൗട്ട്, അടുക്കള എന്നിവയുള്ള ഓടുമേഞ്ഞ വീടിന് 320 ചതുരശ്ര അടിയാണ് വലിപ്പമായി ഉദ്ദേശിച്ചിരുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് 23 സ്ഥലങ്ങളിലായി പുനരധിവസിപ്പിച്ച ആദിവാസികള്‍ക്കാണ് വീട് നിര്‍മിക്കാനുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കിത്തുടങ്ങിയത്. പുനരധിവാസ കേന്ദ്രത്തില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിച്ച ഉടനെ വിവിധ പദ്ധതി പ്രകാരം സര്‍ക്കാര്‍ സഹായം അനുവദിച്ചുതുടങ്ങിയിരുന്നു.
2006ലാണ് പദ്ധതി സമഗ്രമായി തുടങ്ങുന്നത്. ഒരു വീടിന് 75,000 രൂപയാണ് സര്‍ക്കാര്‍ ആദ്യം അനുവദിച്ചത്. 2009ല്‍ ഇത് ഒന്നേകാല്‍ ലക്ഷമായും 2011 സെപ്തംബര്‍ മുതല്‍ രണ്ടര ലക്ഷമായും പിന്നീടത് മൂന്നര ലക്ഷമായും ഉയര്‍ത്തി. എന്നാല്‍, വീട് നിര്‍മാണ ഏജന്‍സികള്‍ വര്‍ഷങ്ങളായിട്ടും വീടുകള്‍ പൂര്‍ത്തീകരിച്ചു കൊടുക്കാതെ വൈകിപ്പിക്കുകയാണ്. വാഹന സൗകര്യം പോലുമില്ലാത്ത കുന്നിന്‍ മുകളിലും മറ്റും ചെറിയ തുക കൊണ്ട് വീട് നിര്‍മിച്ചു നല്‍കാന്‍ കഴിയില്ലെന്ന കാരണത്താലാണത്രെ ഏജന്‍സികള്‍ വീട് നിര്‍മിച്ചു നല്‍കുന്നതില്‍ നിന്ന് പിന്നാക്കം പോയത്. വര്‍ഷങ്ങളായിട്ടും വീട് ലഭ്യമാകാത്തിനെ തുടര്‍ന്നുള്ള പരാതിയുമായെത്തിയവര്‍ക്ക് മുന്നില്‍ പലയിടത്തും തദ്ദേശ സ്ഥാപനങ്ങളും പട്ടികവര്‍ഗ വികസന വകുപ്പും കൈമലര്‍ത്തി. വീട് പണി തുടങ്ങിയ ശേഷം ഭവന നിര്‍മാണത്തിന്റെ രണ്ടാം ഗഡു ലഭിക്കുന്നതിന് വേണ്ടി അപേക്ഷയുമായി എത്തിയ ആദിവാസി ഗുണഭേക്താക്കള്‍ക്ക് മുന്നിലും കൃത്യമായ ഉത്തരം നല്‍കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല.
ഐ എ വൈ പദ്ധതിയില്‍ 2014- 15- 16 വര്‍ഷങ്ങളില്‍ അനുവദിച്ച 18,674 വീടുകള്‍ക്കുള്ള തുക വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വീട് നിര്‍മാണം ഇപ്പോഴും പൂര്‍ത്തിയാകാതിരിക്കുന്നതിനുള്ള കാരണമായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
വയനാട്ടിലാണ് ഏറ്റവുമധികം ഭവനരഹിതരുള്ളതായി കണ്ടെത്തിയിട്ടുള്ളത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മേഖലകളിലായി 6,918 ഭവനരഹിതരായ ആദിവാസി കുടുംബങ്ങളാണുള്ളത്. ഇടുക്കിയില്‍ 3,188 കുടുംബങ്ങള്‍ക്കാണ് വീടില്ലാത്തത്. കണ്ണൂര്‍- 1,571, പാലക്കാട്- 785, കാസര്‍കോട്- 4,579, നിലമ്പൂര്‍- 668, പുനലൂര്‍- 156, റാന്നി- 218, ചാലക്കുടി- 192 എന്നിങ്ങനെയാണ് ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുടെ കണക്ക്. വീട് അനുവദിച്ച് ആറ് വര്‍ഷം പൂര്‍ത്തിയായവക്ക് ഒരു ലക്ഷം രൂപ അനുവദിക്കാനും പന്ത്രണ്ട് വര്‍ഷം മുമ്പ് നിര്‍മിക്കപ്പെട്ട വീടുകള്‍ പുനര്‍നിര്‍മിക്കാനും പദ്ധതികളുണ്ടെങ്കിലും വീടില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയാത്തവര്‍ എങ്ങിനെ നടപ്പാക്കുകയെന്നാണ് ആദിവാസി സംഘടനകള്‍ ചോദിക്കുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി