Connect with us

Malappuram

വേറിട്ട 'ആപ്പുക'ളുമായി പത്താം ക്ലാസുകാരന്‍

Published

|

Last Updated

മലപ്പുറം: ചെറുപ്രായത്തില്‍ പുതുതലമുറ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കി ശ്രദ്ധേയനാകുകയാണ് പത്താം ക്ലാസുകാരന്‍ മുഹമ്മദ് തശ്‌രീഫ്. ഇരുപതോളം മൊബൈല്‍ ആപ്ലിക്കേഷനുകളാണ് ഇതിനകം ഈ പതിനഞ്ചുകാരന്‍ നിര്‍മിച്ചത്. മലപ്പുറം ജില്ലയിലെ വെളിമുക്ക്- അരീക്കാടന്‍ അബ്ദുര്‍റഹീം-ഹന്നത്തു സ്സനിയ്യ ദമ്പതികളുടെ മകനായ തശ്‌രീഫിന് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തമായി ആപ്ലിക്കേഷന്‍ നിര്‍മിക്കണമെന്ന മോഹം ഉദിച്ചത്.
ആറ് മാസം കൊണ്ട് സുന്നി മന്‍സില്‍- അദ്കാര്‍ എന്ന ആദ്യ ആപ്പ് പുറത്തിറക്കാനായതോടെ ആത്മവിശ്വാസം വര്‍ധിച്ചു. ഒരു ലക്ഷത്തിലധികമാളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ബുര്‍ദ, മൗലിദുകള്‍, ദിക്‌റുകള്‍, സ്വലാത്തുകള്‍, ദുആകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഈ ആപ്പ്. പിന്നീട് വീട്ടുകാരുടെ പ്രോ ത്സാഹനവും വിവിധ ഇടങ്ങളില്‍ നിന്നുള്ള നല്ല പ്രതികരണവുമാണ് വ്യത്യസ്തമായ അപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ പ്രചോദനമായത്.
“സുന്നി മന്‍സിലില്‍” ഉള്‍പ്പെടാത്ത ദിക്‌റുകള്‍, ദുആകള്‍, മൗലിദുകള്‍ തുടങ്ങിയവ ചേര്‍ത്ത് രണ്ടാം പതിപ്പും പുറത്തിറക്കി. ഖുര്‍ആന്‍ മനഃപാഠം അനായാസമാക്കുന്നതിന് ഉപകാര പ്രദമാകുന്ന അപ്ലിക്കേഷനാണ് മറ്റൊന്ന്. ഇവ രണ്ടും അരലക്ഷത്തിലേറെ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. മലയാളത്തിലുള്ള ഇസ്‌ലാമിക് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ വായിക്കാന്‍ സഹായിക്കുന്ന അപ്ലിക്കേഷനാണ് പിന്നീട് നിര്‍മിച്ചത്.
ഇസ്‌ലാമിക് വീഡിയോകളുടെ സുന്നി ട്യൂബ്, തശ്‌രീഫ് പഠിക്കുന്ന സഊദി അറേബ്യയിലെ (റിയാദ്) അല്‍ ആലിയ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ജീവ ശാസ്ത്രം ആപ്പ്, മോഡേണ്‍ അറബി ഭാഷാ പ്രയോഗങ്ങളുടെ ആപ്പ്, യാത്രയിലോ മറ്റോ കണ്ടുചൊല്ലാന്‍ കഴിയാത്തവര്‍ക്ക് കേട്ട്‌കൊണ്ട് ഹദ്ദാദ് ചൊല്ലാവുന്ന ആപ്പ്, റമസാനിലെ ദിക്ര്‍ ദുആകളും അനുബന്ധമായ മറ്റു വിഷയങ്ങളും ഉള്‍പ്പെടുത്തിയ ആപ്പ്, ഇന്റര്‍നെറ്റ് കൂടാതെ ഉപയോഗിക്കാവുന്ന മദ്ഹ് ഗാനങ്ങളുടെ എഴുത്ത് ഉള്‍ക്കൊള്ളിച്ച ആപ്പ് തുടങ്ങിയ ഇരുപതോളം ആപ്പുകള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായ ആപ്പുകള്‍ കാണാനിടയായതോടെ യാണ് ഇത്തരം ആപ്പുകള്‍ നിര്‍മിക്കാന്‍ തശ്‌രീഫ് തുനിഞ്ഞത്. ഗൂഗിളിന്റെ സഹായത്തോടെയാണ് ആപ്പ് നിര്‍മാണം പഠിച്ചത്. പ്ലേസ്റ്റോറില്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള 25 ഡോളര്‍ പിതാവ് നല്‍കി. സുഹൃത്തും കര്‍ണാടക സ്വദേശിയുമായ ഫതാഹിന്റെ സഹായവും തശ്‌രീഫിന് ലഭിച്ചു. മലബാര്‍ ലിപിയിലുള്ള ഖുര്‍ആന്‍ ആപ്പ് തയ്യാറാക്കാന്‍ പലരും ആവശ്യപ്പെടുന്നുണ്ടെന്ന് തശ്‌രീഫ് പറയുന്നു. പ്രായമുള്ളവര്‍ക്കും ഈ ലിപിയില്‍ ഖുര്‍ആന്‍ പാരായണം ശീലിച്ചവര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാകും.
തശ്‌രീഫ് നിര്‍മിച്ച ആപ്പുകള്‍ ലഭിക്കാന്‍ പ്ലേസ്റ്റോറില്‍ “thashrif” എന്ന് തിരഞ്ഞാല്‍ മതി. കൂടാതെ www.manzil media.com എന്ന വെബ്‌സൈറ്റും ഇതിനകം നിര്‍മിച്ചിട്ടുണ്ട്. “സുന്നി കലണ്ടര്‍” എന്ന പുതിയ ആപ്പിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. വിവിധ ജില്ലകളില്‍ നടക്കുന്ന സുന്നി സംഘടന പരിപാടികളുടെ തീയതിയും വിശദീകരണവും ഇതിലെ ഒരു ക്ലിക്ക് കൊണ്ട് കാണാം. ഇത് സെപ്തംബര്‍ ഒന്നിന് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദി അറേബ്യയിലെ സൈന്‍ഡര്‍ ഇലക്‌ട്രോണിക് കമ്പനിയില്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുകയാണ് പിതാവ് അബ്ദുര്‍റഹീം.

Latest