Kerala
ബാര്‍ കോഴ കേസ്: തുടരന്വേഷണത്തിന് വിജിലന്‍സ് പ്രത്യേക സംഘം
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിന് നാല് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി നജ്മല്‍ ഹസന് പുറമെ മൂന്ന് സി ഐമാരും സംഘത്തിലുണ്ടാകും. അന്വേഷണസംഘം വിപുലീകരിക്കുന്നതിനെ കുറിച്ചും കേസിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാനും വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു. കേസന്വേഷണത്തില്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് നാല് വശങ്ങളാണ് നാല് ഉദ്യോഗസ്ഥരും പരിശോധിക്കുക. എസ് പി ആര്‍ സുകേശന്‍ തയ്യാറാക്കിയ ആദ്യ കേസ് ഡയറി അടിസ്ഥാനമാക്കി നടക്കുന്ന അന്വേഷണത്തില്‍ കൂടുതല്‍ ബാറുടമകളുടെ മൊഴി രേഖപ്പെടുത്താനാണ് വിജിലന്‍സിന്റെ തീരുമാനം. കെ എം മാണിക്ക് പുറമെ മറ്റ് മുന്‍ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണവും പരിശോധിക്കും.
ബാര്‍ കോഴയുടെ ചുവട് പിടിച്ച് ബാറുടമകള്‍ ആരോപിച്ച കെ എം മാണിയുടെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷണപരിധിയില്‍ വന്നേക്കും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് രണ്ടാം തുടരന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണസംഘം വിപുലീകരിക്കുന്ന കാര്യത്തില്‍ ഡയറക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ തീരുമാനമായത്. ബാര്‍കോഴ കേസില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനാണ് വിജിലന്‍സിന്റെ തീരുമാനം. വിജിലന്‍സ് രണ്ട് പ്രാവശ്യം അന്വേഷിച്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വീഴ്ച സംഭവിക്കരുതെന്നാണ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കര്‍ശന നിര്‍ദ്ദേശം.
മൊഴിയെടുക്കേണ്ട ബാറുടമകളുടെ പട്ടിക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മൊഴിയെടുക്കല്‍, ചോദ്യം ചെയ്യല്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചോരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ബാറുടമകളുടെ മൊഴി ചോര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശമുയര്‍ന്നത്. എന്നാലിതിന്റെ പ്രായോഗിക വശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് പൊതുവിലയിരുത്തല്‍.
അതേസമയം, ശാസ്ത്രീയമായ തെളിവുശേഖരണത്തിന് പ്രാധാന്യം നല്‍കാനും തീരുമാനമായി. ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്ന് എസ് പി. ആര്‍ സുകേശന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.