Kerala
കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനം: വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി:മുന്‍ വൈസ് ചാന്‍സലറും സി പി എം നേതാക്കളും പ്രതികളായ കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന അഴിമതി കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് ഏറെ വിവാദമായ കേസില്‍ ഏഴ് പേരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടത്. കുറ്റപത്രത്തില്‍ കൃത്യതയും വ്യക്തതയുമില്ലെന്ന് കോടതി നിരിക്ഷിച്ചു. അനധികൃമായ നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ തയ്യാറായിട്ടില്ലെന്നും അവ്യക്തമായ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അസിസ്റ്റന്റ് ഗ്രേഡ് നിയമന പരീക്ഷയുടെ ഒ എം ആര്‍ ഉത്തരക്കടലാസുകള്‍ കാണാതായതിനെ കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അവ്യക്തമായ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് വിചാരണ ചെയ്യാന്‍ നടപടി സ്വീകരിച്ച കീഴ്‌ക്കോടതി നടപടി നിയമപരമല്ലെന്നും അന്തിമ റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സിക്ക് മടക്കുകയോ തുടരന്വേഷണത്തിന് ഉത്തരവിടുകയോ ആണ് കീഴ്‌ക്കോടതി ചെയ്യേണ്ടിയിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമ പ്രകാരം പ്രതികള്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ രാമചന്ദ്രന്‍ നായര്‍. മുന്‍ പ്രോ വി സി. ഡോ. വി ജയപ്രകാശ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ എ റഷീദ്, ബി എസ് രാജീവ്, എം പി റസല്‍, കെ എ ആന്‍ഡ്രൂ, മുന്‍ രജിസ്ട്രാര്‍ കെ എം ഹാഷിം എന്നിവരെയാണ് ക്രൈം ബ്രാഞ്ച് പ്രതികളാക്കിയിരുന്നത്. രണ്ട് വര്‍ഷം മുമ്പ് സമര്‍പ്പിച്ച കുറ്റപത്രം കോടതി റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിട്ടതോടെ അന്വേഷണം വീണ്ടും ക്രൈം ബ്രാഞ്ചിന്റെ പക്കലെത്തുകയാണ്. കേസ് തുടര്‍ന്നും ക്രൈം ബ്രാഞ്ചിന് തന്നെ അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ ഉദ്യോഗസ്ഥരെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരെയോ അന്വേഷണം ഏല്‍പ്പിക്കാം. അസിസ്റ്റന്റ് നിയമനക്കേസില്‍ ക്രമക്കേട് ഉയര്‍ന്നതോടെ ഹൈക്കോടതി നിര്‍ദേശ പ്രകാരം റിട്ട. ജസ്റ്റിസ് കെ. സുകുമാരന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. 2005ലാണ് അസിസ്റ്റന്റ് നിയമനത്തിനായി കേരള സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്. 2008ല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 1,401 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍ നിന്ന് അഭിമുഖം നടത്തി ഇരുനൂറ് പേരെ നിയമിച്ചു. അതോടെയാണ് നിയമനത്തില്‍ ക്രമക്കേട് ഉണ്ടെന്ന പരാതി ഉയര്‍ന്നത്.
ഉത്തര കടലാസ് മൂല്യനിര്‍ണയത്തിന് അയച്ചപ്പോള്‍ തന്നെ 46 എണ്ണം കുറവായിരുന്നു.
ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് നിയമനം നിര്‍ത്തിവെക്കുകയും ലോകായുക്തയിലുള്‍പ്പെടെ കേസ് എത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഉത്തരക്കടലാസുകള്‍ തേടിയെങ്കിലും കണ്ടെത്താനാകാത്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അന്ന് നിയമനം നേടിയവരില്‍ 162 പേര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. നിയമനം കേസില്‍പ്പെട്ടതിനാല്‍ ഇവര്‍ക്ക് പ്രൊമോഷന്‍ ഉള്‍പ്പെടെ ലഭിച്ചില്ല. ഇതിനെതിരെ ഇവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അഴിമതിക്കേസ് കൂടാതെ റാങ്ക് പട്ടിക റദ്ദാക്കണമെന്ന മറ്റൊരു കേസും കോടതിയില്‍ നിലവിലുണ്ട്.