National
തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു; തൃണമൂല്‍ കോണ്‍ഗ്രസ് ഇനി ദേശീയ പാര്‍ട്ടി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ ദേശീയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. 1968ലെ ദേശീയ പാര്‍ട്ടി ആക്ട് പ്രകാരം നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിച്ച പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവിക്ക് അര്‍ഹതയുണ്ട്. പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട്ടി പദവിയിലാണുള്ളത്. ഇതോടെ രാജ്യത്തെ ദേശീയ പാര്‍ട്ടികളുടെ എണ്ണം ഏഴായി. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ കോണ്‍ഗ്രസ്, ബി ജെ പി, ബി എസ് പി, സി പി ഐ, സി പി എം, എന്‍ സി പി എന്നീ പാര്‍ട്ടികള്‍ക്കാണ് ദേശീയ പദവിയുള്ളത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്ക് സ്വതന്ത്ര ചിഹ്നം ലഭിക്കുമ്പോള്‍ ദേശീയ തലത്തില്‍ ഒരു ചിഹ്നം ലഭിക്കുമെന്നതാണ് ദേശീയ പാര്‍ട്ടിയുടെ പ്രത്യേകത. ഈ ചിഹ്നം മറ്റു പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. പാര്‍ട്ടി ആസ്ഥാനം നിര്‍മിക്കാന്‍ സര്‍ക്കാറില്‍ നിന്ന് ഭൂമിയോ കെട്ടിടമോ ലഭിക്കുമെന്നതാണ് ദേശീയ പാര്‍ട്ടിക്ക് ലഭിക്കുന്ന മറ്റൊരു ആനുകൂല്യം. സംസ്ഥാന പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ 20 പ്രമുഖ പ്രാചരകരെ ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ 40 താര ക്യാമ്പയിനര്‍മാരെ ദേശീയ പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കാം.
നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭയുടെ രണ്ട് ശതമാനം സീറ്റ്, നാല് സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭാ, നിയസഭാ തിരഞ്ഞെടുപ്പുകളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ ആറ് ശതമാനം വോട്ടോടെ ആറ് ലോക്‌സഭാ എം പിമാര്‍ ഇവയിലേതെങ്കിലുമൊന്ന് ലഭിക്കുന്ന പാര്‍ട്ടികള്‍ക്കേ ദേശീയ പാര്‍ട്ടി പദവി ലഭിക്കൂ. പാര്‍ട്ടികളുടെ പദവി നിര്‍ണയിക്കുന്നത് അഞ്ച് വര്‍ഷത്തില്‍ നിന്ന് പത്തായി ഉയര്‍ത്തിയ ഭരണഘടനാ ഭേദഗതി കഴിഞ്ഞ മാസം അവസാനം പാസാക്കിയിരുന്നു.