Editors Pick
ഐലാന്‍ കുര്‍ദിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്
അങ്കാറ: സിറിയന്‍ അഭയാര്‍ഥികളുടെ ദയനീയാവസ്ഥ ലോകത്തിന് മുന്നിലെത്തിച്ച ഐലാന്‍ കുര്‍ദി ഓര്‍മയായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. വീട്ടിലെ പട്ടുമെത്തയിലെന്ന പോലെ ടര്‍ക്കിഷ് ബീച്ചില്‍ കുട്ടിയുടുപ്പിട്ട് കമിഴ്ന്ന് കിടക്കുന്ന ഐലാന്റെ മൃതദേഹം നിലൂഫര്‍ ഡെമിര്‍ എന്ന ഫോട്ടോഗ്രാഫറാണ് പകര്‍ത്തിയത്. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് അതൊരു വേദനിപ്പിക്കുന്ന കാഴ്ച്ചയായി ലോകത്തിന് മുന്നില്‍ പരന്നത്.
യൂദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് ഗ്രീസിലേക്ക് പലായനം ചെയ്യുന്നതിനിടെ ഐലാനും കുടുംബവും സഞ്ചരിച്ച ബോട്ട് മുങ്ങുകയായിരുന്നു. ഐലാന്റെ ചിത്രം ലോകമനസാക്ഷിയെ ഉണര്‍ത്തി. പ്രതിഷേധം ശക്തമായതോടെയാണ് അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറായത്. എങ്കിലും ഇപ്പോഴും അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ തുടരുകയാണ്. ഈ വര്‍ഷം എട്ട് മാസത്തിനിടെ മുവായിരത്തിലധികം ജീവനുകളാണ് കടലില്‍ അവസാനിച്ചത്.