Kerala
അറിവിനു മുന്നില്‍ ഇവിടെ അന്ധത വഴിമാറുന്നു
മലപ്പുറം: അകക്കാഴ്ച കൊണ്ടും മനക്കരുത്ത് കൊണ്ടും നേട്ടങ്ങളുടെ പടവുകള്‍ കയറുകയാണ് ഈ സഹോദരങ്ങള്‍. വിധിയെ പഴിപറഞ്ഞ് വീടിന്റെ നാല് ചുമരുകള്‍ക്കുള്ളിലിരിക്കാന്‍ മുത്തുവും ബിജുവും തയ്യാറല്ല. ജന്മനാ അന്ധരാണെങ്കിലും എസ് എസ് എല്‍ സി, പ്രീ ഡിഗ്രി, ഡിഗ്രി, പി ജി, ബി എഡ് കഴിഞ്ഞ് അധ്യാപന രംഗത്ത് തിളങ്ങുകയാണിന്ന് ഇരുവരും.
അമ്മ പത്മിനിയുടെയും കൂട്ടുകാരുടെയും സഹായവും ഒപ്പം പ്രതിസന്ധികളെ ഇച്ഛാശക്തിയോടെ സമീപിച്ചും ജീവിതത്തിന്റെ പടവുകള്‍ ഓരോന്നായി ഇവര്‍ കയറി. ഓഡിയോ കാസറ്റില്‍ റെക്കോര്‍ഡ് ചെയ്ത പാഠഭാഗങ്ങള്‍ കേട്ടുപഠിച്ചാണ് ഇരുവരും പഠനം പൂര്‍ത്തിയാക്കിയത്. ബ്രെയില്‍ ലിപിയിലാണ് യു പി സ്‌കൂളില്‍ പഠനം നടത്തിയത്. ഇവര്‍ പരസ്പരം സുഹൃത്തുക്കളായി പാഠഭാഗങ്ങള്‍ ഒത്തൊരുമിച്ച് പഠിച്ചു. 2005ല്‍ മുത്തുവും 2007ല്‍ ബിജുവും ബി എഡ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുത്തുവും പാസ്‌ക്ക് കോളജില്‍ ബിജുവും മലയാളം അധ്യാപകരായി.
2009ലാണ് മുത്തുവിന് പി എസ് സി നിയമനം കിട്ടിയത്. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപകനായി ആദ്യം ജോലി ചെയ്തു. 2014 മുതല്‍ തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. 2013ല്‍ ബിജുവും പി എസ് സി പരീക്ഷ പാസായി. ഇപ്പോള്‍ പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം വിഭാഗം അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
കനറാ ബേങ്ക് അപ്രൈസറായി ജോലി ചെയ്യുന്ന അച്ഛന്‍ കുഞ്ഞിക്കുട്ടനാണ് പഠനകാലത്ത് ഇരുവരെയും കോളജില്‍ എത്തിച്ചത്. വിവാഹിതരായ ശേഷം ഭാര്യമാരുടെ സഹായവും ഇരുവര്‍ക്കും അനുഗ്രഹമാണ്. സാങ്കേതിക വിദ്യകള്‍ വളര്‍ന്നതോടെ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ പുസ്തകം വായിക്കുന്നതും റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കുന്നതും.
ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തി ഓണ്‍ലൈനില്‍ പത്രം വായിക്കാനും മറ്റു വിവരങ്ങള്‍ കണ്ടെത്തുന്നതിനും ഇവര്‍ക്ക് ആരുടെയും സഹായം വേണ്ട. ക്ലാസില്‍ ശബ്ദമുണ്ടാക്കുന്നവരെയും ബെഞ്ച് മാറി ഇരിക്കുന്നവരെയും വരെ അച്ചടക്കം പഠിപ്പിക്കാന്‍ മുത്തുവും ബിജുവും സമര്‍ഥരാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പഠിപ്പിച്ച അധ്യാപകരുടെ കൂടെ തന്നെ പഠിപ്പിക്കാന്‍ സാധിച്ച ആഹ്ലാദത്തിലാണ് ബിജു. പ്ലസ് ടുവില്‍ പഠിപ്പിച്ചവരെ തന്നെ പി ജിയിലും പഠിപ്പിക്കാനായതും വിദ്യാര്‍ഥികളും സഹ അധ്യാപകരും നല്‍കുന്ന പരിഗണനയും മുത്തുവിനെ ഏറെ സന്തോഷവാനാക്കുന്നു.