International
അലപ്പോയില്‍ രാസായുധ ആക്രമണം
അലെപ്പോ: ഏറ്റുമുട്ടല്‍ രൂക്ഷമായ സിറിയന്‍ നഗരമായ അലെപ്പോയില്‍ സാധാരണക്കാര്‍ക്ക് നേരെ രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്. വിമതരുടെ സ്വാധീന പ്രദേശത്ത് സിറിയന്‍ സൈന്യമാണ് ക്ലോറിന്‍ വാതകം അടങ്ങിയ മാരകായുധം പ്രയോഗിച്ചത്. വിമതരെയും ആക്ടിവിസ്റ്റുകളെയും ഉദ്ധരിച്ച് അല്‍ജസീറയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. ആക്രമണത്തില്‍ പരുക്കേറ്റെന്ന് പറയപ്പെടുന്ന കുട്ടികളടക്കമുള്ളവരുടെ വീഡിയോയാണ് പുറത്തുവിട്ടത്. അതേസമയം, ആരോപണം സിറിയന്‍ സൈന്യം നിഷേധിച്ചു. വിമതരുടെയും തീവ്രവാദികളുടെയും ശക്തി കേന്ദ്രത്തില്‍ ആക്രമണം നടത്തുന്നുണ്ടെങ്കിലും അത് രാസായുധ ആക്രമണമല്ലെന്ന് സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വടക്കന്‍ സിറിയയിലെ അല്‍ സുകാരിയിലാണ് രാസായുധ ആക്രമണം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ സൈന്യത്തിന്റേതെന്ന് കരുതുന്ന ഹെലികോപ്റ്ററില്‍ നിന്ന് രണ്ട് രാസായുധ ബോംബ് വീപ്പകള്‍ നിലത്തേക്ക് പതിച്ചതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയും സമാനമായ ആക്രണം അലെപ്പോയിലും സമീപ നഗരങ്ങളിലും നടന്നിരുന്നു. ആക്രമണത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ടെന്നും നൂറ് കണക്കിനാളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
വിമത ശക്തി പ്രദേശങ്ങളില്‍ സിറിയന്‍ സൈന്യം നടത്തുന്ന രാസായുധ ആക്രമണം നേരത്തെയും വാര്‍ത്തയായിരുന്നു. യു എന്നിന്റെയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇത്തരം ആക്രമണ രീതി സിറിയ ഉപേക്ഷിക്കുകയായിരുന്നു. അലെപ്പോയില്‍ നിന്ന് വിമതരെയും ഐ എസ് ഭീകരരേയും തുരത്താനായി ശക്തമായ സൈനിക മുന്നേറ്റമാണ് സിറിയ നടത്തുന്നത്.
2014ലും 2015ലും സിറിയന്‍ സൈന്യം മാരകമായ ടോക്‌സിക് വാതകം ജനവാസ കേന്ദ്രങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം യു എന്‍ കണ്ടെത്തിയിരുന്നു.
വിമത സൈന്യം, സിറിയന്‍ സൈന്യം, ഐ എസ് ഭീകരര്‍, കുര്‍ദുകള്‍, റഷ്യന്‍ സൈന്യം എന്നിവരുടെ ആക്രമണം ശക്തമായ അലെപ്പോയില്‍ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിട്ട് മാസങ്ങളായി. കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണമോ വൈദ്യ സഹായമോ എത്തിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. അലെപ്പോയിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടഞ്ഞിരിക്കുകയാണ്. രാസായുധ ആക്രമണം കൂടിയാകുന്നതോടെ അലെപ്പോ അക്ഷരാര്‍ഥത്തില്‍ കലുഷിതമാകും.